മുംബൈ: ആഡംബര ട്രെയിനായ 'ഡെക്കാൻ ഒഡീസി' ഏകദേശം നാല് വർഷത്തെ ഇടവേളക്ക് ശേഷം മുംബൈയിൽ നിന്ന് ഡൽഹിയിലേക്ക് യാത്ര തിരിച്ചു. ഛത്രപതി ശിവജി മഹാരാജ് ടെർമിനൽ (സി.എസ്.എം.ടി) സ്റ്റേഷനിൽ നിന്നാണ് യാത്ര പുറപ്പെട്ടത്.
മഹാരാഷ്ട്ര നിയമസഭ സ്പീക്കർ രാഹുൽ നർവേക്കർ ട്രെയിനിൻ ഫ്ലാഗ് ഓഫ് ചെയ്തു. സംസ്ഥാന ടൂറിസം മന്ത്രി ഗിരീഷ് മഹാജൻ, ടൂറിസം പ്രിൻസിപ്പൽ സെക്രട്ടറി രാധിക രസ്തോഗി, എം.ടി.ഡി.സി മാനേജിങ് ഡയറക്ടർ ശ്രദ്ധ ജോഷി എന്നിവരും ചടങ്ങിൽ പങ്കെടുത്തു. സഞ്ചരിക്കുന്ന പഞ്ചനക്ഷത്ര ഹോട്ടലെന്നാണ് ഈ ട്രെയിനിനെ വിശേഷിപ്പിക്കുന്നത്.
അത്യാധുനിക സജ്ജീകരണങ്ങളുള്ള മുറികൾ, മിനി ബാർ, ഭക്ഷണശാല, വായനാമുറി, ജിം, സ്പാ എന്നിങ്ങനെ എല്ലാവിധ സൗകര്യങ്ങളും ഡെക്കാൻ ഒഡീസിലുണ്ട്. 2004 മുതലാണ് ട്രെയിൻ ഓടിത്തുടങ്ങിയത്. 6.5 ലക്ഷം മുതൽ 11 ലക്ഷം രൂപ വരെയാണ് യാത്രാ നിരക്ക്. സി.എസ്.എം.ടിയിൽ നിന്നും യാത്ര ആരംഭിക്കുന്ന ട്രെയിൻ വഡോദര, ജയ്പുർ, ഉദയ്പുർ, ആഗ്ര വഴിയാണ് ഡൽഹിയിലെത്തിച്ചേരുന്നത്.
അജന്ത എല്ലോറ ഗുഹകൾ സന്ദർശിക്കാനും യുനെസ്കോയുടെ പൈതൃകപട്ടികയിൽ ഇടംപിടിച്ച മുംബൈയിലെ വിവിധ സ്ഥലങ്ങൾ സന്ദർശിക്കാനും യാത്രക്കാർക്ക് അവസരമുണ്ട്. ഏഴ് രാത്രിയും എട്ട് പകലും നീണ്ടുനിൽക്കുന്നതാണ് ഈ യാത്ര. കൊവിഡിന്റെ പശ്ചാത്തലത്തിൽ സർവീസ് നിർത്തിയ ട്രെയിൻ വീണ്ടും സർവ്വീസ് പുനരാരംഭിക്കുമ്പോൾ വൻ വിജയമാവുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.