ദ്രൗപദി മുർമു
ന്യൂഡൽഹി: ദേശീയ ഗീതമായ ‘വന്ദേമാതര’ത്തിന് ദേശീയ ഗാനമായ ‘ജന ഗണ മന’ക്ക് തുല്യമായ നിയമ പരിരക്ഷ നൽകുന്ന ബില്ലിന് രാഷ്ട്രപതി ദ്രൗപതി മുർമു അംഗീകാരം നൽകി. പുതിയ നിയമപ്രകാരം, വന്ദേമാതരം ആലപിക്കുന്നത് മനഃപൂർവം തടസ്സപ്പെടുത്തുകയോ അതിൽ പങ്കെടുക്കുന്നവരെ തടയുകയോ ചെയ്യുന്നത് കുറ്റകരമാണ്. ഇതിന് മൂന്ന് വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ശിക്ഷ ലഭിക്കും. മുമ്പ് ‘ജന ഗണ മന’ക്ക് മാത്രമായിരുന്നു ഈ പരിരക്ഷ.
2026 ലെ പ്രിവൻഷൻ ഓഫ് ഇൻസൾട്ട്സ് ടു നാഷണൽ ഹോണർ (ഭേദഗതി) ബില്ല് ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് പാർലമെന്റ് പാസാക്കിയത്. ദേശീയ ബഹുമതികൾക്ക് അവഹേളിക്കുന്നത് തടയുന്നതിനുള്ള 1971-ലെ നിയമം ഭേദഗതി ചെയ്തതാണ് ഈ ബില്ല്. രാഷ്ട്രപതി ഒപ്പിടുക കൂടി ചെയ്തതോടെ ഇത് നിയമമായി മാറി.
വന്ദേമാതരത്തിന്റെ ആറ് സ്റ്റാൻസകൾ (മൂന്ന് മിനിറ്റ് 10 സെക്കൻഡ് ദൈർഘ്യമുള്ള ഭാഗം) രാഷ്ട്രപതിയുടെ വരവ്, ദേശീയ പതാക ഉയർത്തൽ, ഗവർണർമാരുടെ പ്രസംഗങ്ങൾ തുടങ്ങിയ ഔദ്യോഗിക ചടങ്ങുകളിൽ നിർബന്ധമായും പാടണമെന്നാണ് പുതിയ ബില്ലിലെ വ്യവസ്ഥ. ഇത് ആലപിക്കുമ്പോൾ സദസ്സ് എഴുന്നേറ്റുനിന്ന് ആദരം അർപ്പിക്കണം. കൂടാതെ, എല്ലാ സ്കൂളുകളിലും പ്രവൃത്തിദിനം വന്ദേമാതരത്തിന്റെ കൂട്ടായ ആലാപനത്തോടെ ആരംഭിക്കണമെന്നും ഉത്തരവിൽ വ്യവസ്ഥ ചെയ്യുന്നു.
വന്ദേമാതരം ഏതൊക്കെ അവസരത്തിൽ ആലപിക്കണം, ദേശീയ ഗീതവും ദേശീയ ഗാനവും ഒരുമിച്ച് ആലപിക്കേണ്ടി വരുമ്പോൾ ഏതാണ് ആദ്യം വരേണ്ടത് തുടങ്ങിയ കാര്യങ്ങൾ സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഔദ്യോഗിക പ്രോട്ടോക്കോൾ പുറത്തിറക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി 2026 ജൂലൈ ഒമ്പതിന് ആഭ്യന്തര മന്ത്രാലയം എല്ലാ സംസ്ഥാനങ്ങളുടെയും ചീഫ് സെക്രട്ടറിമാർക്ക് കത്തയച്ചു.
ദേശീയ ഗീതവും ദേശീയ ഗാനവും ആലപിക്കുന്നതുമായി ബന്ധപ്പെട്ട ഉത്തരവുകൾ കർശനമായി പാലിക്കണമെന്നാണ് കത്തിൽ പറയുന്നത്. രണ്ടും ഒരുമിച്ച് വരുന്ന സാഹചര്യത്തിൽ ‘വന്ദേമാതരം’ ആദ്യവും ‘ജന ഗണ മന’ രണ്ടാമതും എന്ന ക്രമത്തിൽ ആലപിക്കണമെന്നാണ് ഈ സർക്കുലറിൽ വ്യക്തമാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.