മുംബൈ: സൊഹ്റാബുദ്ദീൻ ശൈഖ് വ്യാജ ഏറ്റുമുട്ടൽ കൊലക്കേസ് വാദംകേട്ട സി.ബി.െഎ ജഡ്ജി ബ്രിജ്ഗോപാൽ ഹർകിഷൻ ലോയയെ മരിച്ചനിലയിൽ കണ്ട സർക്കാർ െഗസ്റ്റ് ഹൗസിലെ താമസരേഖ തിരുത്തിയെന്ന് പൊലീസിൽ പരാതി. അഭിഭാഷകനും സാമൂഹികപ്രവർത്തകനുമായ മിലിന്ദ് പാഖലേയാണ് പരാതിക്കാരൻ.
2014 നവംബർ 30നും ഡിസംബർ ഒന്നിനുമിടയിലെ രാത്രിയാണ് നാഗ്പൂരിലെ സർക്കാർ െഗസ്റ്റ് ഹൗസായ രവി ഭവനിൽ ലോയ മരിച്ചത്. ലോയക്കു മുമ്പ് മൂന്നാമനായി പാഖലെയുടെ പേരും രജിസ്റ്ററിൽ ഉണ്ടായിരുന്നു. രവിഭവനിലെ താമസ രജിസ്റ്ററിൽ സ്വന്തം കൈപ്പടയിലാണ് പേരും മറ്റു വിവരങ്ങളും രേഖപ്പെടുത്തിയതെന്ന് പാഖലെ പരാതിയിൽ പറയുന്നു. എന്നാൽ, ഇപ്പോൾ അതേ രജിസ്റ്ററിൽ പാഖലെ പ്രവേശിച്ചതും മടങ്ങിയതും 2017ലെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ഇത് വ്യത്യസ്ത കൈപ്പടയിലുമാണ്. രജിസ്റ്റർ തിരുത്തിയ ജീവനക്കാർക്കും ചുമതലക്കാരനായ ഉദ്യോഗസ്ഥനുമെതിരെ നടപടി ആവശ്യപ്പെട്ടാണ് സദർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. ഇതിെൻറ പകർപ്പ് െഗസ്റ്റ് ഹൗസിെൻറ നടത്തിപ്പ് ചുമതലയുള്ള പി.ഡബ്ല്യു.ഡി നാഗ്പൂർ എക്സിക്യൂട്ടിവ് എൻജിനീയർക്കും നൽകി. പരാതി ലഭിച്ചതായി നാഗ്പുർ പൊലീസ് കാരവൻ വെബ് പോർട്ടലിനോട് പറഞ്ഞു. എന്നാൽ, നിയമസഭ സമ്മേളനം നടക്കുന്നതിനാൽ വിഷയം പരിശോധിച്ചിട്ടില്ലെന്നും ക്രിസ്മസിനുശേഷം പരിഗണിക്കുമെന്നുമായിരുന്നു എക്സിക്യൂട്ടിവ് എൻജിനീയറുടെ മറുപടിയത്രെ.
സൊഹ്റാബുദ്ദീൻ വ്യാജ ഏറ്റുമുട്ടൽ കൊലേക്കസിൽ പ്രതിയായിരുന്ന നിലവിലെ ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷാ, തനിക്ക് അനുകൂലമായി വിധി പ്രസ്താവിക്കാൻ ലോയക്കുമേൽ സമ്മർദം ചെലുത്തിയിരുന്നതായി ആരോപണമുയർന്നിരുന്നു. ഇതിനായി ബോംബെ ഹൈകോടതി ജഡ്ജി മൊഹിത് ഷാ 100 കോടി രൂപ വാഗ്ദാനം ചെയ്തതായും ആരോപണമുയർന്നു. ലോയയുടെ മരണശേഷം കേസിൽ അമിത് ഷാ കുറ്റമോചിതനാവുകയും ചെയ്തു. ലോയ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചെന്നാണ് അധികൃതരുടെ പക്ഷം. എന്നാൽ, മരണസാഹചര്യം ദുരൂഹതയുയർത്തുന്നെന്ന് ബന്ധുക്കളും സുഹൃത്തുക്കളും ആരോപിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.