പനാജി: സൺബേൺ ഫെസ്റ്റിവെല്ലിൽ ഭഗവാൻ ശിവന്റെ ചിത്രം പ്രദർശിപ്പിച്ചതിലെ പരാതിയുമായി കോൺഗ്രസ്. പാർട്ടി നേതാവ് വിജയ് ഭികെയാണ് പരാതി നൽകിയത്. ആം ആദ്മി പാർട്ടി ഗോവ അധ്യക്ഷൻ അമിത് പലേക്കറും സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്. സനാതന ധർമ്മത്തെ മുറിപ്പെടുത്തിയതിന് സർക്കാർ പരിപാടിയുടെ സംഘാടകർക്കെതിരെ നടപടിയെടുക്കണമെന്ന് പലേക്കർ ആവശ്യപ്പെട്ടു.
ഗോവയിൽ നടക്കുന്ന ഇലക്ട്രോണിക് ഡാൻസ് മ്യൂസിക് ഫെസ്റ്റിവെലാണ് സൺബേൺ. ഡിസംബർ 28ന് നോർത്ത് ഗോവയിലെ വാഗറ്റോറിലാണ് ഫെസ്റ്റിവെൽ തുടങ്ങിയത്. ശനിയാഴ്ചയാണ് സൺബേൺ അവസാനിച്ചത്. ജനങ്ങൾ മദ്യപിച്ച് വലിയ ശബ്ദത്തിലുള്ള പാട്ടുകൾക്ക് ഡാൻസ് ചെയ്യുന്ന സ്ഥലത്തെ എൽ.ഇ.ഡി സ്ക്രീനിൽ ശിവന്റെ ചിത്രം പ്രദർശിപ്പിച്ചത് സനാതന ധർമ്മത്തെ അപമാനിക്കുന്നതിന് തുല്യമാണെന്ന് എ.എ.പി നേതാവ് പലേക്കർ ട്വിറ്ററിൽ കുറിച്ചു.
ഗോവ ഡി.ജി.പിയെ വിളിച്ച് പരിപാടിയുടെ സംഘാടകർക്കെതിരെ കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മനപ്പൂർവം മതവികാരങ്ങളെ വ്രണപ്പെടുത്താനുള്ള ശ്രമമാണ് പരിപാടിയുടെ സംഘാടകരുടെ ഭാഗത്ത് നിന്ന് ഉണ്ടായതെന്ന് കോൺഗ്രസ് നേതാവിന്റെ പരാതിയിൽ പറയുന്നു.
ശിവഭഗവാനെ മദ്യത്തെയും മറ്റ് നിരോധിത ലഹരിവസ്തുക്കളേയും പിന്തുണക്കുന്നയാളായും ചിത്രീകരിക്കാനാണ് ശ്രമിച്ചതെന്നും കോൺഗ്രസിന്റെ പരാതിയിൽ വ്യക്തമാക്കുന്നു. കോൺഗ്രസിന്റെ ഭാഗത്ത് നിന്ന് ഇത്തരമൊരു പരാതി ലഭിച്ച വിവരം ഗോവ പൊലീസും സ്ഥിരീകരിച്ചു. ഇതുസംബന്ധിച്ച് അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.