യു.പി മന്ത്രിയുടെ പേരിൽ പ്രാദേശിക ബി.ജെ.പി നേതാവിന്റെ ഗുണ്ടായിസം; വ്യാപാരിയെ മുട്ടുകുത്തിച്ചതിൽ മീററ്റിൽ വൻ പ്രതിഷേധം

ലക്നോ: മീററ്റിലെ ഒരു കച്ചവടക്കാരനെ കാർ പാർക്കിങ്ങുമായി ബന്ധപ്പെട്ട് ബി.ജെ.പി നേതാവ് അപമാനിക്കുന്ന വിഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിനെത്തുടർന്ന് വ്യാപാരി സമൂഹത്തിൽനിന്നും വൻ പ്രതിഷേധം. സംഭവത്തിൽ കാഴ്ചക്കാരായി നിന്ന ഒരു പൊലീസ് ഇൻസ്പെക്ടറെ സസ്പെൻഡ് ചെയ്യുകയും മൂന്ന് പൊലീസുകാരെ ജോലിയിൽ നിന്ന് മാറ്റി നിർത്തുകയും ചെയ്തു. എന്നിട്ടും പ്രധാന പ്രതിയായ പ്രദേശിക ബി.ജെ.പി നേതാവിനെ അറസറ്റ് ചെയ്യാത്തതിൽ പൊതുജനങ്ങളിൽനിന്നടക്കം പ്രതിഷേധം കടുത്തു.

ഒക്ടോബർ 19ന് നടന്ന സംഭവത്തിലെ പ്രതിയായ ബി.ജെ.പി കിസാൻ മോർച്ചയുടെ മീററ്റ് യൂനിറ്റിന്റെ വൈസ് പ്രസിഡന്റ് വികുൽ ചപ്രാനക്കായി പൊലീസ് തിരച്ചിൽ ആരംഭിച്ചു. മീററ്റ് എം.പിയും ഊർജ്ജ സഹമന്ത്രിയുമായ സോമേന്ദ്ര തോമറിന്റെ അടുത്തയാളാണ് ചപ്രാന. കാർ പാർക്കിങ്ങിനെച്ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് ചപ്രാനയും കൂട്ടാളികളും സത്യം റസ്തോഗി എന്ന കൈത്തറി വ്യാപാരിയെ ആക്രമിക്കുകയും മൂക്ക് നിലത്ത് മുട്ടിച്ച് ​​മാപ്പു പറയാൻ നിർബന്ധിക്കുകയും ചെയ്തു. ഈ വിഡിയോ ആണ് വൈറലായത്. വ്യാപാരിയെ പരസ്യമായി അപമാനിക്കു​​മ്പോൾ പൊലീസുകാരും സ്ഥലത്തുണ്ടായിരുന്നു. പ്രതിഷേധം കടുത്തതിനെ തുടർന്ന് മീററ്റ് എം.പി അരുൺ ഗോവിലും ചില ബി.ജെ.പി നേതാക്കളും എസ്‌.എസ്‌.പിയുടെ ഓഫിസിലെത്തി റസ്തോഗിയുടെ അക്രമികൾക്കെതിരെ വേഗത്തിൽ നടപടിയെടുക്കണമെന്ന് അഭ്യർഥിച്ചു.


Full View


‘പതിവുപോലെ, കാർ സോമേന്ദ്ര തോമറിന്റെ ( ഊർജ്ജ സഹമന്ത്രി) ഓഫിസിന് താഴെ പാർക്ക് ചെയ്ത് എന്റെ സുഹൃത്തിനൊപ്പം അടുത്തുള്ള ഒരു റെസ്റ്ററന്റിൽ ഭക്ഷണം കഴിക്കാൻ പോയതായിരുന്നു. ഞങ്ങൾ തിരിച്ചെത്തിയപ്പോൾ, ചപ്രാനയുടെ കാർ ഞങ്ങളുടെ കാറിന് തൊട്ടുപിന്നിൽ പാർക്ക് ചെയ്തിരിക്കുന്നത് കണ്ടു. ഞങ്ങൾക്ക് പോകാൻ വേണ്ടി ചപ്രാനയുടെ കാർ നീക്കം ചെയ്യാൻ ഞങ്ങൾ അഭ്യർഥിച്ചു. പക്ഷേ, അയാൾ എനിക്ക് നേരെ അസഭ്യം പറയാൻ തുടങ്ങി. എന്നെ, ആക്രമിക്കുകയും കാറിന്റെ ഗ്ലാസ് തകർക്കുകയും ചെയ്തു. ഊർജ സഹമന്ത്രിയുടെ അടുത്ത വിശ്വസ്തനാണെന്നും അയാൾ പറഞ്ഞു’ -സംഭവത്തിനു ശേഷം റസ്തോഗി മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ക്രമസമാധാനം തകർത്തതിന് ചപ്രാന ഉൾപ്പെടെ നാലു പേരെ ആ ദിവസം തന്നെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ, അന്നുതന്നെ ഇയാൾക്ക് ജാമ്യവും നൽകി. മൂന്ന് കൂട്ടാളികളായ ഹാപ്പി ഭദാന, ആയുഷ് ശർമ, സുബോധ് യാദവ് എന്നിവരെ ജയിലിലേക്കും അയച്ചു.

രണ്ട് ദിവസം മുമ്പ് സംഭവത്തിന്റെ വിഡിയോ സമൂഹ മാധ്യമത്തിൽ വൈറലായതോടെയാണ് കാര്യം പരസ്യമായത്. വിഡിയോയിൽ, റസ്തോഗി മൂക്ക് നിലത്ത് മുട്ടിക്കുന്നതും ചപ്രാന ഹിന്ദിയിൽ ‘സോമേന്ദ്ര തോമർ എന്റെ സഹോദരനും നിങ്ങളുടെ പിതാവുമാണ്’ എന്ന് വിളിച്ചു പറയുന്നതും കാണാം.

തന്റെ കാറിൽ ബി.ജെ.പി പതാകകളും സ്റ്റിക്കറുകളും പതിച്ച ചപ്രാന, അവിടെയുണ്ടായിരുന്ന പൊലീസുകാരോട് ‘മുതിർന്ന ബി.ജെ.പി നേതാവ്’ എന്ന് സ്വയം പരിചയപ്പെടുത്തിയിരുന്നു. വിഡിയോയിൽ, ചപ്രാനയെ പിന്തുണക്കുന്ന തരത്തിൽ പൊലീസുകാർ നിൽക്കുന്നതായി കാണാം.

വിഡിയോ സമൂഹ മാധ്യമ ശ്രദ്ധ നേടിയതോടെ, ചപ്രാന ഫേസ്ബുക്കിൽ ലൈവായി വന്നു തന്റെ പ്രവൃത്തിയെ ന്യായീകരിക്കാൻ ശ്രമിച്ചു. താൻ ആരുമായും ഒരു തർക്കത്തിലും ഏർപ്പെട്ടിട്ടില്ല. ഊർജ്ജ മന്ത്രിയെ മോശമായി സംസാരിച്ചതിന് റസ്തോഗി ചില ആളുകളുമായി വഴക്കിട്ടതെന്നുമാണ് അയാൾ പറയുന്നത്.

ചപ്രാനയുടെ പെരുമാറ്റത്തിൽ മീററ്റ് മുഴുവൻ പ്രകോപിതരാണെന്ന് അവിടുത്തെ വ്യാപാരി സംഘടനയുടെ നേതാവായ വിനിത് അഗർവാൾ പറഞ്ഞു. ജനങ്ങൾക്കിടയിൽ അസംതൃപ്തിയുണ്ട്. മന്ത്രി തോമറിന്റെ ഒരു സഹായിയാണ് ചപ്രാന. അയാൾ ഒരു ഗുണ്ടയാണ്. ജില്ലയിലെ കായസ്ത-ഗൻവാരി ഗ്രാമത്തിലെ ദലിതരുടെ ഭൂമി ബലമായി കൈവശപ്പെടുത്തി തന്റെയും കൂട്ടാളിയുടെയും പേരിൽ രജിസ്റ്റർ ചെയ്തുവെന്ന് മീററ്റ് എ.എ.പി പ്രസിഡന്റ് അങ്കുഷ് ചൗധരിയും പറഞ്ഞു. ഇയാൾക്കെതിരെ പ്രാദേശിക വ്യാപാരികളിൽ നിന്ന് പണം തട്ടിയെടുത്തുവെന്ന ആരോപണവുമുണ്ട്. അതിനിടെ ചപ്രാനക്കെതിരെ നടപടിയെടുക്കാൻ പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് തോമർ പ്രതികരിച്ചു.

Tags:    
News Summary - Local BJP leader's hooliganism in the name of a minister in UP; Massive protest in Meerut over insulting a trader

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.