അദ്വാനി പ​ങ്കെടുത്തില്ല: ‘വയസ്സായി, ആരോഗ്യമില്ല, കൊടുംതണുപ്പും’

ന്യൂഡൽഹി: രാജ്യത്തുടനീളം രഥയാത്ര നടത്തി ബാബരി മസ്ജിദ് തകർക്കാൻ മുന്നിൽ നിന്ന ബി.ജെ.പി നേതാവ് എൽ.കെ. അദ്വാനിയെ കാര്യം കഴിഞ്ഞപ്പോൾ കറിവേപ്പില പോലെ ഉപേക്ഷിച്ച് സംഘ്പരിവാർ. ബാബരി മസ്ജിദ് തകർത്ത മണ്ണിൽ ഇന്ന് മോദിയുടെ നേതൃത്വത്തിൽ നടന്ന രാമക്ഷേത്ര പ്രാണപ്രതിഷ്ഠ ചടങ്ങിൽ അദ്വാനി പ​ങ്കെടുത്തില്ല. അയോധ്യയിൽ കൊടുംതണുപ്പായതിനാലാണ് പ​ങ്കെടുക്കാതിരുന്നതെന്നാണ് ദേശീയമാധ്യമങ്ങൾ നൽകുന്ന വിശദീകരണം. പ്ര​ായമേറെയായെന്നും അനാരോഗ്യമുണ്ടെന്നും കാരണമായി പറയുന്നു.

എന്നാൽ, ചടങ്ങിന് വരേണ്ടതില്ലെന്ന് ശ്രീരാമജന്മഭൂമി തീർഥ് ക്ഷേത്രം ജനറൽ സെക്രട്ടറി ചംപത് റായ് അദ്വാനിയെയും മുൻ കേന്ദ്ര മന്ത്രി മുരളി മനോഹർ ജോഷിയെയും അറിയിച്ചിരുന്നു. ചടങ്ങിലേക്ക് ക്ഷണിക്കുന്നില്ലെന്നും പരിപാടിയിൽ പങ്കെടുക്കേണ്ടതില്ലെന്ന് ഇരുവരോടും ആവശ്യപ്പെട്ടിട്ടുണ്ടെന്നായിരുന്നു ചംപത് റായ് കഴിഞ്ഞ മാസം പറഞ്ഞത്. ഇത് വിവാദമായതോ​ടെ വി.എച്ച്.പി ഇരുവരെയും ക്ഷണിച്ച് മുഖം രക്ഷിച്ചിരുന്നു. അദ്വാനിക്ക് 96 ആണ് പ്രായം. ജോഷിക്ക് ഈ മാസം അഞ്ചിന് 90 തികഞ്ഞു.

രാമക്ഷേത്രം നിർമിക്കാനുള്ള ആസൂത്രണങ്ങൾക്കും രാഷ്ട്രീയ നീക്കങ്ങൾക്കും ചുക്കാൻ പിടിച്ച എൽ.കെ. അദ്വാനിയെയും മുരളി മനോഹർ ജോഷിയെയും അയോധ്യയിലെ ആഘോഷവേളയിൽ അരികിലേക്ക് തള്ളിമാറ്റിയത് സംഘ്പരിവാറിൽ തന്നെ വിമർശനത്തിനിടയാക്കിയിരുന്നു. 80കളിൽ അദ്വാനിയുൾപ്പെടെയുള്ള പ്രമുഖരുടെ നേതൃത്വത്തിൽ മെനഞ്ഞെടുത്ത തീവ്രഹിന്ദുത്വ രാഷ്ട്രീയ പദ്ധതിയും തുടർന്ന് 90കളിൽ നടത്തിയ രഥയാത്രയുമാണ് രാജ്യത്ത് ബി.ജെ.പിയുടെ തലവര മാറ്റി അധികാരത്തിലേക്കുള്ള വഴിയൊരുക്കാൻ നിമിത്തമായത്. 1990 സെപ്റ്റംബർ 25നാണ് അദ്വാനി നെടുനീളെ വർഗീയ പ്രസംഗങ്ങളുമായി രഥയാത്രക്ക് തുടക്കം കുറിച്ചത്. 1992 ഡിസംബർ ആറിന് ബാബരി മസ്ജിദ് തകർക്കും വിധം ആൾക്കൂട്ടത്തെ സജ്ജമാക്കാൻ ഇതുവഴിസാധിച്ചു. 

Tags:    
News Summary - L.K. Advani, Who Led Ram Janmabhoomi Movement, Skips Temple Consecration Citing Extreme Cold

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.