അസദുദ്ദീൻ ഉവൈസി

ദേശസ്നേഹം വലിയ കാര്യമാണ്, എന്നാൽ അതിനെ മതവുമായി ബന്ധിപ്പിക്കുന്നത് ഭരണഘടനാവിരുദ്ധം -ഉവൈസി

ന്യൂഡൽഹി: ദേശസ്നേഹത്തെ ഏതെങ്കിലും പ്രത്യേക മതവിഭാഗവുമായോ സ്വത്വവുമായോ ബന്ധിപ്പിക്കുന്നത് ഭരണഘടന തത്ത്വങ്ങൾക്ക് വിരുദ്ധമാണെന്നും അത് ഉയർന്ന തോതിലുള്ള സാമൂഹിക ഭിന്നതക്ക് കാരണമാകുമെന്നും എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീൻ ഉവൈസി. ലോക്സഭയിൽ ‘ദേശീയ ഗാനമായ വന്ദേമാതരത്തിന്‍റെ 150 വർഷങ്ങൾ’ എന്ന വിഷയത്തിൽ നടന്ന ചർച്ചക്കിടെയാണ് ഉവൈസിയുടെ പരാമർശം. എല്ലാ പൗരന്മാർക്കും തുല്യ അവകാശങ്ങളാണ് ഭരണഘടന നൽകുന്നതെന്നും ഇതിന് ഏതെങ്കിലും മതവിഭാഗവുമായി ബന്ധമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

‘ഇന്ത്യയിലെ ജനങ്ങളായ നാം’ എന്നാണ് ഭരണഘടനയുടെ ആമുഖം തുടങ്ങുന്നത്. ഏതെങ്കിലും ദൈവത്തിന്‍റെയോ ദേവതയുടോ പേരല്ല തുടക്കത്തിലുള്ളത്. ചിന്തിക്കാനും ആശയപ്രകടനത്തിനും വിശ്വാസത്തിനും ആരാധനക്കുമുള്ള സ്വാതന്ത്ര്യം ആമുഖത്തിൽ തന്നെ ഉറപ്പുനൽകുന്നു. ഇത് ജനാധിപത്യത്തിന്‍റെ അടിത്തറയാണ്. രാജ്യം ഏതെങ്കിലും പ്രത്യേക വിഭാഗത്തിന്‍റെ മാത്രം സ്വത്തല്ലെന്നും ഹൈദരാബാദ് എം.പി പറഞ്ഞു.

ഭരണഘടനാ അസംബ്ലിയിലെ ചർച്ചകളെക്കുറിച്ച് പരാമർശിക്കവേ, വന്ദേമാതരം സംബന്ധിച്ച ഭേദഗതികൾ പരിഗണിച്ചെങ്കിലും ഒരു ദേവിയുടെ പേരിൽ ആമുഖം ആരംഭിക്കാനുള്ള നിർദേശം ഒരിക്കലും അംഗീകരിക്കപ്പെട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. നിയമപരമായ മുൻവിധികൾ ഉദ്ധരിച്ച്, വന്ദേമാതരം ആരുടെയും വിശ്വസ്തതയുടെ മാനദണ്ഡമാക്കാൻ നിർബന്ധിക്കരുതെന്ന് അദ്ദേഹം പറഞ്ഞു. സ്വന്തം രാജ്യത്തെ സ്നേഹിക്കുന്നത് വലിയ കാര്യമാണെന്നും എന്നാൽ ദേശസ്‌നേഹത്തെ മതപരമായ ആചാരവുമായോ ഗ്രന്ഥവുമായോ ബന്ധിപ്പിക്കുന്നത് ഭരണഘടന വിരുദ്ധമാണെന്നും ഉവൈസി പറഞ്ഞു.

ഇന്ത്യൻ മുസ്ലിംകൾ ജിന്നയുടെ കടുത്ത എതിർപ്പുള്ളവരാണ്. അതുകൊണ്ടാണ് അവർ ഇന്ത്യയിൽ തന്നെ തുടരാൻ തീരുമാനിച്ചത്. എന്നാൽ, 1942-ൽ, ചിലരുടെ രാഷ്ട്രീയ പൂർവ്വികർ ജിന്നയുടെ മുസ്ലിം ലീഗുമായി ചേർന്ന് വടക്കുപടിഞ്ഞാറൻ അതിർത്തി പ്രവിശ്യ, സിന്ധ്, ബംഗാൾ എന്നിവിടങ്ങളിൽ സഖ്യ സർക്കാറുകൾ രൂപീകരിച്ചു. രണ്ടാം ലോകയുദ്ധസമയത്ത് ബ്രിട്ടീഷുകാർക്കുവേണ്ടി പോരാടുന്നതിനായി ആ സർക്കാറുകൾ തന്നെയാണ് ബ്രിട്ടീഷ് ഇന്ത്യൻ ആർമിയിൽ 1.5 ലക്ഷം മുസ്ലിംകളെയും ഹിന്ദുക്കളെയും റിക്രൂട്ട് ചെയ്തതെന്നും ഉവൈസി പറഞ്ഞു.

Tags:    
News Summary - Linking patriotism to religion is anti-constitutional: Owaisi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.