നിത്യാനന്ദ

'കൈലാസ'ത്തിൽ മതിയായ ചികിത്സയില്ല; ശ്രീലങ്കൻ പ്രസിഡന്റിനോട് സഹായംതേടി സ്വാമി നിത്യാനന്ദ

ന്യൂഡൽഹി: സ്വയം പ്രഖ്യാപിത ആത്മീയ നേതാവും ബലാത്സംഗക്കേസിൽ പിടികിട്ടാപ്പുള്ളിയുമായ നിത്യാനന്ദ ശ്രീലങ്കയിൽ രാഷ്ട്രീയ അഭയം തേടിയതായി റിപ്പോർട്ട്. പീഢനകേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ ഇയാൾ കൈലാസം എന്ന പേരിൽ സ്വന്തമായി രാജ്യവും സ്ഥാപിച്ചിരുന്നു. കർണാടക കോടതിയുടെ ജാമ്യമില്ലാ വാറന്‍റിന് പുറമെ ഇന്‍റർപോളും സന്യാസിയെ തിര‍യുന്നുണ്ട്. തന്റെ ആരോഗ്യനില വഷളായതായി ചൂണ്ടിക്കാട്ടി ശ്രീലങ്കൻ പ്രസിഡന്റിന് കൈലാസത്ത് നിന്നാണ് നിത്യാനന്ദ കത്തെഴുതി വൈദ്യസഹായം അഭ്യർഥിച്ചത്.

കൈലാസത്ത് മതിയായ ചികിത്സയില്ലെന്നും കത്തിൽ പരാമർശിച്ചു. നിത്യാനന്ദ ഗുരുതരാവസ്ഥയിലാണെന്നും ചികിത്സ ആവശ്യമാണെന്നും കത്തിൽ പരാമർശിച്ചതായി ശ്രീലങ്കൻ സർക്കാരിലെ ഒരു ഉന്നത ഉദ്യോഗസ്ഥൻ വെളിപ്പെടുത്തിയതായും റിപോർട്ടുണ്ട്. 2022 ആഗസ്റ്റ് ഏഴിന് ശ്രീലങ്കൻ പ്രസിഡന്റ് റനിൽ വിക്രമസിംഗെക്ക് കൈലാസത്തിലെ വിദേശകാര്യ മന്ത്രിയെന്ന് അവകാശപ്പെടുന്ന നിത്യപ്രേമാത്മാ ആനന്ദ സ്വാമിയാണ് കത്ത് എഴുതിയത്.

കത്തിലെ അഭ്യർത്ഥന ഇങ്ങനെ - "ഹിന്ദുമതത്തിന്റെ പരമോന്നത തിരുമേനി ശ്രീ നിത്യാനന്ദ പരമശിവത്തിന്‍റെ ആരോഗ്യനില ഗുരുതരമാണ്. അതിനാൽ അടിയന്തര വൈദ്യസഹായം ആവശ്യമാണ്. കൈലാസത്തിൽ നിലവിൽ മികച്ച ചികിത്സാ സൗകര്യങ്ങൾ ഇല്ല. ഡോക്ടർമാർക്ക് ഇപ്പോഴും അടിസ്ഥാന രോഗനിർണയം നടത്താൻ കഴിയുന്നുമില്ല. നിത്യാനന്ദയുടെ ആരോഗ്യം പരിഗണിച്ച് അദ്ദേഹത്തിന് രാഷ്ട്രീയ അഭയം ഉടൻ നൽകണമെന്ന് അഭ്യർഥിക്കുന്നു. അദ്ദേഹത്തെ എയർ ആംബുലൻസ് വഴി എയർലിഫ്റ്റ് ചെയ്യാനും വൈദ്യസഹായം നൽകാനും ശ്രീലങ്കക്ക് കഴിയും. നിത്യാനന്ദയുടെ ജീവൻ അപകടത്തിലാണ്. ചിലർ അദ്ദേഹത്തെ അപായപ്പെടുത്താൻ ശ്രമിക്കുന്നുമുണ്ട്.

എല്ലാ ചികിത്സ ചെലവുകളും കോടികൾ വിലമതിക്കുന്ന ഉപകരണങ്ങളും കൈലാസം വാങ്ങി നൽകാമെന്നും പറയുന്നു. കൂടാതെ, ചികിത്സക്ക് ശേഷം ഇൗ മെഡിക്കൽ ഉപകരണങ്ങൾ ലങ്കൻ ജനതക്ക് നൽകുമെന്നും കത്തിലുണ്ട്. അഭയം നൽകിയാൽ ശ്രീലങ്കയിൽ നിക്ഷേപം നടത്താമെന്ന നിത്യാനന്ദയുടെ വാഗ്ദാനവും കത്തിൽ പരാമർശിക്കുന്നുണ്ട്. അതേസമയം കത്ത് ലഭിച്ച് ഒരുമാസം പിന്നിട്ടിട്ടും ലങ്കൻ സർക്കാർ വിഷയത്തിൽ തീരുമാനമെടുത്തിട്ടില്ല.

2010ൽ ആശ്രമത്തിലെ പെൺകുട്ടികളെ പീഢിപ്പിച്ച കേസിലെ പ്രതിയാണ് ഇയാൾ. കർണാടക പൊലീസ് അറസ്റ്റ് ചെയ്യുകയും പിന്നീട് കോടതി ജാമ്യം അനുവദിച്ചതിനെ തുടർന്ന് ഇന്ത്യയിൽ നിന്ന് മുങ്ങുകയായിരുന്നു. പിടികിട്ടാപ്പുള്ളിയായ നിത്യാനന്ദയെ ഇന്ത്യൻ അന്വേഷണ ഏജൻസികൾക്ക് ഇതുവരെ കണ്ടെത്താനായിട്ടില്ല. ഗുജറാത്ത് സ്വദേശിനികളായ രണ്ട് പെൺകുട്ടികളെ തട്ടിക്കൊണ്ട് പോയെന്ന കേസിൽ ഇന്‍റർപോൾ ഇയാൾക്കെതിരെ വാറന്‍റും പുറപ്പെടുവിച്ചിരുന്നു. തമിഴ്‌നാട് സ്വദേശിയായ നിത്യാനന്ദയുടെ യഥാർത്ഥ പേര് രാജശേഖരൻ എന്നാണ്.

Tags:    
News Summary - Life in danger: Rape-accused Nithyananda seeks medical asylum in Sri Lanka

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.