മനോജ് സിന്‍ഹ

‘പഹൽഗാം ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു’; സുരക്ഷാ വീഴ്ചയുണ്ടായെന്ന് ലഫ്. ഗവർണർ

ശ്രീനഗര്‍: ഏപ്രിൽ 22ന് ജമ്മു കശ്മീരിലെ പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തിന്‍റെ ഉത്തരവാദിത്തമേറ്റ് ലഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ. പഹൽഗാമിൽ സുരക്ഷാ വീഴ്ചയുണ്ടായെന്നും മനോജ് സിൻഹ പറഞ്ഞു. ആക്രമണം നടന്നത് തുറന്ന പുല്‍മേട്ടിലാണ്. സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് അവിടെ ജോലിചെയ്യുന്നതിനുള്ള സ്ഥലമോ സൗകര്യങ്ങളോ ഇല്ലായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ലഫ്. ഗവര്‍ണര്‍ പദവിയിലെത്തി അഞ്ചുവര്‍ഷം പൂര്‍ത്തിയാകുന്ന സാഹചര്യത്തിൽ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് മനോജ് സിൻഹ പിഴവ് ഏറ്റുപറഞ്ഞത്. പഹൽഗാമിൽ 26 പേരെയാണ് ഭീകരർ വെടിവെച്ച് കൊന്നത്.

“പാകിസ്താന്‍ സ്‌പോണ്‍സര്‍ ചെയ്ത ഭീകരാക്രമണമായിരുന്നു അത്. കശ്മീരിന്റെ സമ്പദ്‌വ്യവസ്ഥയെ അസ്ഥിരപ്പെടുത്താനും വര്‍ഗീയ വിഭജനം നടത്താനും ഉദ്ദേശിച്ചുള്ളതായിരുന്നു ആക്രമണം. നിരപരാധികൾ ക്രൂരമായി കൊല്ലപ്പെട്ടത് ദൗർഭാഗ്യകരമായിപ്പോയി. സുരക്ഷാ വീഴ്ചയാണ് അവിടെ സംഭവിച്ചതെന്നതില്‍ സംശയമില്ല. അതിന്‍റെ മുഴുവൻ ഉത്തരവാദിത്തവും ഞാൻ ഏറ്റെടുക്കുന്നു. ഭീകരര്‍ വിനോദ സഞ്ചാരികളെ ലക്ഷ്യമിടില്ല എന്നതായിരുന്നു കശ്മീരിൽ പൊതുവായുള്ള വിശ്വാസം. തുറന്ന പുല്‍മേട്ടിലാണ് ആക്രമണമുണ്ടായത്. അവിടെ സുരക്ഷാസേനക്ക് കഴിയാന്‍ സ്ഥലമോ സൗകര്യങ്ങളോ ഇല്ല.

കേസുമായി ബന്ധപ്പെട്ട് എൻ.ഐ.എ നടത്തിയ അറസ്റ്റുകള്‍ പ്രാദേശിക പങ്കാളിത്തത്തെ സൂചിപ്പിക്കുന്നുണ്ട്. ആക്രമണം മൂലം ജമ്മു കശ്മീരിലെ അന്തരീക്ഷം പൂര്‍ണമായി വഷളായി എന്ന് വിലയിരുത്തുന്നത് തെറ്റാണ്. രാജ്യത്തിന് നേരെയുള്ള ആക്രമണമായിരുന്നു അത്. കശ്മീരിലെ സമാധാനവും അഭിവൃദ്ധിയും പാകിസ്താന്‍ ആഗ്രഹിക്കുന്നില്ല. എന്നാല്‍, ആക്രമണത്തിനുശേഷം കശ്മീര്‍ ജനതയുടെ പ്രതിഷേധങ്ങള്‍ പാകിസ്താനും ഭീകരര്‍ക്കുമുള്ള തക്ക മറുപടിയായിരുന്നു. ഭീകരവാദം ഇവിടെ സ്വീകാര്യമല്ലെന്നതിന്റെ തെളിവുകളായിരുന്നു അവ. ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം ജമ്മു കശ്മീരില്‍ ആക്രമണങ്ങളൊന്നുമുണ്ടായിട്ടില്ല.

ഇന്ത്യക്കുനേരെയുള്ള ഏതൊരു ഭീകരാക്രമണവും യുദ്ധത്തിനുള്ള കാരണമായി കണക്കാക്കുമെന്ന് ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്. എന്നാലും പാകിസ്താനെ വിശ്വസിക്കാന്‍ കഴിയില്ല. പാകിസ്താനെ ഇപ്പോഴും സസൂക്ഷ്മം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. പഹല്‍ഗാം ഭീകരാക്രമണത്തില്‍ പ്രാദേശിക പങ്കാളിത്തം ഉണ്ടായിട്ടുണ്ടെങ്കിലും കശ്മീര്‍ മണ്ണില്‍ അതിന്റെ തോത് കുറഞ്ഞുവരികയാണ്. എന്നാല്‍, ജമ്മുവിലേക്കും കശ്മീരിലേക്കും പാക് ഭീകരരുടെ നുഴഞ്ഞുകയറ്റം വര്‍ധിച്ചിട്ടുണ്ട്” -അഭിമുഖത്തിൽ മനോജ് സിൻഹ പറഞ്ഞു.

അതേസമയം. ലഫ്. ഗവർണർ കേന്ദ്രത്തിൽ ആരെയോ സംരക്ഷിക്കാൻ വേണ്ടിയാണ് ഇത്തരവാദിത്തം ഏറ്റെടുത്തതെന്ന് കോൺഗ്രസ് വിമർശിച്ചു. ഭീകരർക്ക് തിരിച്ചടിയായി മേയ് ഏഴിനാണ് ഇന്ത്യൻ സേന ഓപറേഷൻ സിന്ദൂർ നടപ്പാക്കിയത്. പാകിസ്താനിലെയും പാക്കധീന കശ്മീരിലെയും ഒമ്പത് ഭീകരകേന്ദ്രങ്ങൾ തകർത്തു. നൂറിലേറെ ഭീകരരെ വധിച്ചതായി കേന്ദ്രം അറിയിച്ചിരുന്നു.

Tags:    
News Summary - ‘No facility or room for security forces,’ LG Manoj Sinha takes responsibility for Pahalgam attack; ‘identified terrorists but couldn’t…’

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.