ബംഗളൂരു: അപകടത്തിൽപെട്ടവരെ സഹായിക്കുന്നവർക്ക് നിയമപരിരക്ഷ ഉറപ്പാക്കുന്ന കർണാടകയുടെ ബില്ലിന് പ്രസിഡൻറ് രാംനാഥ് കോവിന്ദിെൻറ അനുമതി. ഇതോടെ, അപകടം നടന്നയുടൻ പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ച് അടിയന്തര വൈദ്യസഹായം ലഭ്യമാക്കാൻ മുന്നിട്ടിറങ്ങുന്നവർക്ക് പ്രത്യേക നിയമനിർമാണത്തിലൂടെ നിയമപരിരക്ഷ ഉറപ്പാക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി കർണാടക. 2016ൽ മാത്രം രാജ്യത്ത് 4,80,652 റോഡപകടങ്ങളുണ്ടായതിൽ 1,50,785 പേരാണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ ശേഷമുള്ള വിലപിടിപ്പുള്ള ഒരു മണിക്കൂറിനുള്ളിൽ (ഗോൾഡൻ അവർ) അടിയന്തര സഹായം ലഭ്യമാകാതെ മരിച്ചവരാണ് കൂടുതലും.
കർണാടക ഗുഡ് സമരിറ്റൻ ആൻഡ് മെഡിക്കൽ പ്രഫഷനൽ (അടിയന്തര സാഹചര്യങ്ങളിൽ സുരക്ഷയും നിയന്ത്രണവും) എന്ന ബില്ലിനാണ് രാഷ്ട്രപതി അംഗീകാരം നൽകിയത്. പൊലീസ് അന്വേഷണങ്ങളെയോ മറ്റു നിയമപ്രശ്നങ്ങളെയോ ഭയക്കാതെ അപകടത്തിൽപെട്ടവർക്ക് പ്രാഥമിക ചികിത്സ നൽകാനും അവരെ അടുത്തുള്ള ആശുപത്രിയിലെത്തിക്കാനും ജനങ്ങളിൽ ധൈര്യം പകരാൻ കർണാടകയുടെ പുതിയ നിയമനിർമാണം സഹായകമാകും. പുതിയ നിയമത്തിലൂടെ കർണാടക സംസ്ഥാനത്തെ കൃത്യസമയത്ത് അപകടത്തിൽപെട്ടവരെ സഹായിക്കുന്ന ‘ഗുഡ് സമരിറ്റൻ’മാർക്ക് സാമ്പത്തിക സഹായവും നിയമപരിരക്ഷയും ലഭ്യമാക്കും. തുടർനടപടികൾക്കായി കോടതിയിലും െപാലീസ് സ്റ്റേഷനിലും പലപ്പോഴായി പോേകണ്ടതിൽനിന്ന് ഇവരെ ഒഴിവാക്കും. ഇനി പോകേണ്ട സാഹചര്യമുണ്ടായാൽ അതിെൻറ ചെലവും ‘ഗുഡ് സമരിറ്റൻ’ ഫണ്ടിലൂടെ നൽകും.
അപകടത്തിൽപെട്ടയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചശേഷം സഹായിക്ക് പോകാവുന്നതാണ്. എല്ലാ സ്വകാര്യ, സർക്കാർ ആശുപത്രികളും നിർബന്ധമായും അപകടത്തിൽപെട്ടവർക്ക് അടിയന്തര ചികിത്സ നൽകണമെന്നും നിയമം നിഷ്കർഷിക്കുന്നുണ്ട്. സഹായം നൽകിയതിനെ തുടർന്ന് ഒരാളും ഒരുതരത്തിലും പീഡിപ്പിക്കപ്പെടാൻ പാടില്ലെന്ന കൃത്യമായ സന്ദേശമാണ് പുതിയ നിയമം നൽകുന്നതെന്ന് അധികൃതർ വ്യക്തമാക്കി. നിലവിൽ അപകടത്തിൽപെടുന്നവരെ സഹായിക്കുന്ന ജനങ്ങളെ സംരക്ഷിക്കാൻ പ്രത്യേക കേന്ദ്രനിയമമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.