ന്യൂഡൽഹി: രാജ്യം കണ്ട ഏറ്റവും ശക്തമായ വിദ്യാർഥി പ്രക്ഷോഭത്തിന് മുന്നിൽ അടിയറവ് പറഞ്ഞത് വിദ്യാർഥി പ്രക്ഷോഭങ്ങളിലൂടെ ദേശീയ രാഷ്ട്രീയത്തിലേക്ക് ഉയർന്നുവന്ന നേതാവ്. മാത്രമല്ല അദ്ദേഹത്തെ നേതാവാക്കിയ ശ്രദ്ധേയമായ സമരങ്ങളിലൊന്നായിരുന്നു 1997-ൽ ഒഡീഷയിലെ ചോദ്യപേപ്പർ ചോർച്ചക്കെതിരായ സമരം. ഇന്ന് മറ്റൊരു ചോദ്യപേപ്പർ ചോർച്ചയ്ക്കുമുന്നിൽ പ്രധാൻ കീഴടങ്ങിയത് വിധിവൈപരീത്യം.
1997-ൽ ഒഡീഷയിൽ ജാനകി ബല്ലഭ് പട്‌നായികിന്റെ കോൺഗ്രസ് ഭരണകാലം. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽനിന്ന് ഏതാനും കിലോമീറ്റർ മാത്രം അകലെയുള്ള സംസ്ഥാന സെക്രട്ടറിയേറ്റിന് മുന്നിൽ പരീക്ഷാ പേപ്പർ ചോർച്ചക്കെതിരെ പ്രതിഷേധിക്കാൻ അന്ന് 1,500-ഓളം വിദ്യാർഥികളാണ് തെരുവിലിറങ്ങിയത്. ആ പ്രതിഷേധ പ്രകടനത്തിന് നേതൃത്വം നൽകിയ വിദ്യാർഥി നേതാക്കളിൽ പ്രമുഖൻ ഇന്നത്തെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ ആയിരുന്നു. സി.ജെ.പി സമരത്തിനു മുന്നിൽ മുട്ടുമടക്കി ഇന്ന് കേന്ദ്ര മന്ത്രി സഭയിൽ നിന്ന് രാജിവെച്ച പ്രധാൻ.
അഖില ഭാരതീയ വിദ്യാർഥി പരിഷത്തിന്റെ (എ.ബി.വി.പി) സജീവ പ്രവർത്തകനായിരുന്ന പ്രധാൻ അന്ന് നടത്തിയ സമരങ്ങളെക്കുറിച്ച് 2021-ൽ പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ടിൽ 'ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ്' വിശദീകരിക്കുന്നുണ്ട്. ആർ.എസ്.എസിന്റെ വിദ്യാർഥി വിഭാഗമായ എ.ബി.വി.പിയിലൂടെ 18-ാം വയസ്സിലാണ് പ്രധാൻ വിദ്യാർഥി രാഷ്ട്രീയത്തിലേക്ക് കടന്നുവരുന്നത്. ഉത്കൽ സർവകലാശാലയിൽ നിന്ന് നരവംശശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടിയ അദ്ദേഹം, 1994 നവംബറിനും 1997-നും ഇടയിൽ രണ്ടുതവണ എ.ബി.വി.പിയുടെ ദേശീയ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചു.
1997-ൽ ഒഡീഷയിൽ ചോദ്യപേപ്പർ ചോർച്ച വിവാദം കൊടുമ്പിരികൊണ്ട സമയത്ത്, പ്രധാൻ എ.ബി.വി.പി ദേശീയ സെക്രട്ടറിയായിരിക്കെ ബി.ജെ.പിയിലേക്ക് മാറാനുള്ള തയ്യാറെടുപ്പിലായിരുന്നു. പോലീസിന്റെ ക്രൂരമായ മർദനത്തിൽ അന്ന് പ്രധാന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു.
2021-ൽ വിദ്യാഭ്യാസ മന്ത്രിയാകുന്നതിന് മുമ്പ് പെട്രോളിയം-പ്രകൃതിവാതക മന്ത്രാലയം, നൈപുണ്യ വികസന-സംരംഭകത്വ മന്ത്രാലയം എന്നിവയുടെ ചുമതലയും അദ്ദേഹം വഹിച്ചിരുന്നു. ഒഡീഷയിൽ ബി.ജെ.പിയുടെ സംഘടനാ അടിത്തറ ശക്തമാക്കുന്നതിൽ നിർണായക പങ്ക് വഹിച്ച അദ്ദേഹം, 2024-ൽ നവീൻ പട്നായികിന്റെ 24 വർഷം നീണ്ട ബി.ജെ.ഡി ഭരണത്തിന് വിരാമമിട്ട് സംസ്ഥാനത്ത് ആദ്യമായി ബി.ജെ.പി സർക്കാരിനെ അധികാരത്തിലെത്തിക്കുന്നതിലും വലിയ പങ്കുവഹിച്ചു.
എന്നാൽ, മൂന്ന് പതിറ്റാണ്ട് മുൻപ് തന്നെ പ്രശസ്തനാക്കിയ അതേ പരീക്ഷാ പേപ്പർ ചോർച്ച വിഷയം ഇന്ന് പ്രധാന തിരിച്ചടിയായിരിക്കുകയാണ്. സമരത്തെ അവഗണിച്ചും പോലീസിനെ ഉപയോഗിച്ച് അടിച്ചമർത്തിയും അവസാന നിമിഷം വരെ പിടിച്ചുനിൽക്കാൻ പ്രധാനും അദ്ദേഹത്തെ സംരക്ഷിക്കാൻ നരേന്ദ്ര മോഡിയും കിണഞ്ഞു പരിശ്രമിച്ചെങ്കിലും യുവജന-വിദ്യാർഥി പ്രക്ഷോഭത്തിനു മുന്നിൽ അവർക്ക് മുട്ടുമടക്കേണ്ടി വന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.