തെറ്റായ മതപരിവർത്തനത്തിനെതിരെ നിയമം കൊണ്ടുവരണമെന്ന് കെജ്‌രിവാൾ

ചണ്ഡീഗഡ്: മതപരിവർത്തനത്തിനെതിരെ നിയമം കൊണ്ടുവരണമെന്നും എന്നാൽ അത് ആരെയും ഉപദ്രവിക്കാന്‍ ലക്ഷ്യമിട്ടാകരുതെന്നും ആം ആദ്മി പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കെജ്‌രിവാൾ. പഞ്ചാബിലെ ജലന്ധറിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായി പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഓരോ വ്യക്തിയുടെയും സ്വകാര്യതയുടെ ഭാഗമാണ് മതം. ഓരോരുത്തർക്കും അവരവരുടെ ഇഷ്ടപ്രകാരം ആരാധന നടത്താൻ അവകാശമുണ്ട്. എന്നാൽ നിർബന്ധിച്ചോ ഭയപ്പെടുത്തിയോ മതപരിവർത്തനം ചെയ്യുന്നത് തെറ്റാണ് -കെജ്‌രിവാൾ പറഞ്ഞു. 

നിലവിൽ ഉത്തർപ്രദേശ്, ഹിമാചൽ പ്രദേശ്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങൾ നിർബന്ധിത മതപരിവർത്തനം തടയുന്നതിന് നിയമങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. അസം പോലുള്ള സംസ്ഥാനങ്ങൾ സമാനമായ നിയമം കൊണ്ടുവരാനുള്ള ശ്രമത്തിലുമാണ്. എന്നാൽ കഴിഞ്ഞ വർഷത്തെ ക്രിസ്മസ് ആഘോഷങ്ങളെല്ലാം മതപരിവർത്തന പരിപാടികളാണെന്ന് ആരോപിച്ച് ഹിന്ദുത്വ വർഗീയ ശക്തികൾ ഈ സംസ്ഥാനങ്ങളിൽ നിരവധി സംഘർഷങ്ങൾ ഉണ്ടാക്കിയിരുന്നു.

പഞ്ചാബിൽ ആം ആദ്മി സർക്കാർ അധികാരത്തിലെത്തിയാൽ വാതിൽപ്പടി സേവനവും മൊഹല്ല ക്ലിനിക്കുകളും ആരംഭിക്കുമെന്ന് കെജ്‌രിവാൾ വാഗ്ദാനം ചെയ്തു. പഞ്ചാബിൽ പുതിയ നികുതി ഏർപ്പെടുത്തില്ലെന്നും ഡൽഹിയെപ്പോലെ പഞ്ചാബിനും എല്ലാ ആനുകൂല്യങ്ങളും നൽകുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ഫെബ്രുവരി 20 നാണ് പഞ്ചാബിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്.

Tags:    
News Summary - Law should be made against wrongful religious conversions: AAP chief Arvind Kejriwal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.