കഴിഞ്ഞ തവണ എസ്‌.ഐ.ആർ നടപ്പാക്കിയത് രണ്ടു വർഷമെടുത്ത്; ഇപ്പോൾ എന്തിനാണിത്ര ‘മരണ ധൃതി​​​’യെന്ന് മമത

കൊൽക്കത്ത: ബംഗാളിൽ അവസാനമായി എസ്‌.ഐ.ആർ നടപടിക്രമങ്ങൾ നടത്തിയത് 2001ലെ നിയമസഭാ തെരഞ്ഞെടുപ്പിനും 2004ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനും ഇടയിലെ രണ്ടു വർഷക്കാലയളവിലായിരുന്നുവെന്നും ഇപ്പോൾ എന്തിനാണ് കേന്ദ്ര സർക്കാർ ഇത്ര വലിയ ധൃതി കാണിക്കുന്നതെന്നും ചോദ്യമെറിഞ്ഞ് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. എസ്‌.ഐ.ആറുമായി തിരക്കുകൂട്ടാൻ ആരാണ് ഇ.സിയോട് നിർദേശിച്ചത്? ഏത് രാഷ്ട്രീയ പാർട്ടിയെ തൃപ്തിപ്പെടുത്താനാണ് നിങ്ങൾ ആളുകളെ മരണത്തിന്റെ വക്കിലേക്ക് തള്ളിവിടുന്നതെന്നും മമത ചോദിച്ചു.

തൊഴിൽ സമ്മർദം താങ്ങാനാവതെയുള്ള ബി.എൽ.ഒ മരണങ്ങൾ കൂടുകയും പല ബൂത്ത് ലെവൽ ഓഫിസർമാരും തിങ്കളാഴ്ച മുതൽ സംസ്ഥാന ചീഫ് ഇലക്ടറൽ ഓഫിസറുടെ ഓഫിസിനു മുന്നിൽ അനിശ്ചിതകാല കുത്തിയിരിപ്പ് സമരം നടത്തുകയും ചെയ്യുന്നതിന്റെ പശ്ചാത്തലത്തിലാണ് മമത രൂക്ഷമായ ചോദ്യങ്ങളുമായി രംഗത്തിറങ്ങയത്.

ബി‌.എൽ.‌ഒമാർക്ക് എന്തുചെയ്യാൻ കഴിയും? കണക്റ്റിവിറ്റി കുറവായതിനാൽ അവർക്ക് ഡാറ്റ അപ്‌ലോഡ് ചെയ്യാൻ കഴിയുന്നില്ല. കരട് ഇലക്ടറൽ പട്ടിക പ്രസിദ്ധീകരിക്കുംവരെ കാത്തിരിക്കുകയെന്നും ഭയാനകവുമായ ഒരു സാഹചര്യം ഉയർന്നുവരുമെന്നും നോർത്ത് 24 പർഗാനാസിലെ അതിർത്തി പട്ടണമായ ബോംഗാവിൽ നടന്ന പൊതുയോഗത്തിൽ മമത മുന്നറിയിപ്പു നൽകി.

ബംഗാളിൽ എസ്‌.ഐ.ആർ ആരംഭിച്ചതുമുതൽ തൃണമൂൽ തെരഞ്ഞെടുപ്പ് കമീഷനെതിരെ യുദ്ധപാതയിലാണ്. വോട്ടർമാരുടെയും ബി‌.എൽ.‌ഒമാരുടെയും മരണത്തോടെ ഈ വിഷയം വലിയ വിവാദമായി മാറിക്കഴിഞ്ഞു. ബംഗാളിൽ തെരഞ്ഞെടുപ്പ് പ്രക്രിയ നിർത്തണമെന്ന് ആവശ്യപ്പെട്ട് മമത മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിന് കത്തെഴുതുകയുണ്ടായി. ബി.എൽ.ഒമാർക്ക് എല്ലാ സാങ്കേതിക ലോജിസ്റ്റിക് പിന്തുണയും നൽകി എസ്‌.ഐ.ആർ നടപടിക്രമങ്ങൾ ആസൂത്രിതമായി നടപ്പിലാക്കിയിരുന്നെങ്കിൽ തങ്ങൾ അതിനെ പിന്തുണക്കുമായിരുന്നുവെന്ന് മമത പറഞ്ഞു. രണ്ടു മാസത്തിനുള്ളിൽ പരിഷ്കരണം പൂർത്തിയാക്കാൻ തെരഞ്ഞെടുപ്പ് കമീഷൻ തിടുക്കം കാട്ടിയത് എന്തുകൊണ്ടാണെന്ന് മുഖ്യമന്ത്രി ചോദിച്ചു. 2002ൽ എസ്‌.ഐ.ആർ നടത്തിയപ്പോൾ രണ്ട് വർഷത്തിനു ശേഷം 2004ൽ അന്തിമ പട്ടിക പ്രസിദ്ധീകരിച്ചു. ഇത്തവണ എന്തിനാണ് തിടുക്കം കൂട്ടുന്നത്?

വെള്ളിയാഴ്ച രാവിലെ 11 മണിക്ക് ഡൽഹിയിലെ നിർവചൻ സദാനിൽ തൃണമൂൽ എം.പിമാരുടെ ഒരു സംഘം തെരഞ്ഞെടുപ്പ് കമീഷൻ ഉദ്യോഗസ്ഥരെ കാണാനിരിക്കുകയാണ്. 10 എം.പിമാരുടെ സംഘത്തിന് കൂടിക്കാഴ്ചക്കായി സമയം തേടിയിട്ടുണ്ടെന്ന് തൃണമൂൽ ജനറൽ സെക്രട്ടറിയും ലോക്‌സഭാ എം.പിയുമായ അഭിഷേക് ബാനർജി പറഞ്ഞു.

തെരഞ്ഞെടുപ്പ് കമ്മീഷനെ ‘സുതാര്യവും’ ‘സൗഹൃദപരവും’ ആയി ചിത്രീകരിക്കുന്നത് വെറും കെട്ടിച്ചമച്ച മുഖംമൂടി മാത്രമാണ്. കമീഷൻ യഥാർത്ഥത്തിൽ സുതാര്യമാണെങ്കിൽ, 10 എം.പിമാരെ പോലും നേരിടാൻ അവർ ഭയപ്പെടുന്നത് എന്തുകൊണ്ട്? യോഗം തുറസ്സായി നടത്തുക. അത് തത്സമയം സംപ്രേഷണം ചെയ്യുക. തൃണമൂൽ കോൺഗ്രസ് ഉന്നയിക്കുന്ന അഞ്ച് ന്യായമായ ചോദ്യങ്ങൾക്ക് ഉത്തരം നൽകുക -അഭിഷേക് വെല്ലുവിളിച്ചു. 

തിങ്കളാഴ്ച വടക്കൻ കൊൽക്കത്തയിലെ കോളേജ് സ്ക്വയറിൽ നിന്ന് മാർച്ച് ചെയ്ത ഒരു വിഭാഗം ബി‌.എൽ.‌ഒമാർ മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ മനോജ് അഗർവാളുമായി കൂടിക്കാഴ്ച നടത്തണമെന്ന് ആവശ്യപ്പെട്ട് സി‌.ഇ‌.ഒയുടെ ഓഫിസിൽ കുത്തിയിരിപ്പ് സമരം തുടരുകയാണ്. ചൊവ്വാഴ്ച രാവിലെയും സ്ഥിതിഗതികൾ മാറ്റമില്ലാതെ തുടർന്നു. തങ്ങൾ മനുഷ്യത്വപരമായ പെരുമാറ്റവും കൈകാര്യം ചെയ്യാവുന്ന കടമകളും മാത്രമാണ് ആവശ്യപ്പെടുന്നതെന്ന് ഒരു ബി.‌എൽ‌.ഒ പറഞ്ഞു.

Tags:    
News Summary - Last time SIR was done over 2 years, why the terrible rush now, asks Mamata Banerjee

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.