റോബർട്ട് വാദ്രയും പ്രിയങ്ക ഗാന്ധിയും
ന്യൂഡൽഹി: ഷിക്കോപൂർ ഭൂമിയിടപാടുമായി ബന്ധപ്പെട്ട എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കേസിൽ കോൺഗ്രസ് എം.പി പ്രിയങ്ക ഗാന്ധിയുടെ ഭർത്താവ് റോബർട്ട് വാദ്രക്ക് നോട്ടീസയച്ച് ഡൽഹി ഹൈകോടതി. ഇ.ഡിയുടെ പ്രോസിക്യൂഷൻ പരാതി പരിഗണിക്കണമോ എന്ന് തീരുമാനിക്കുംമുമ്പ് വാദ്രയെയും മറ്റ് പത്ത് നിർദിഷ്ട പ്രതികളെയും കേൾക്കുമെന്ന് റൗസ് അവന്യൂ കോടതിയിലെ പ്രത്യേക ജഡ്ജി (പി.സി ആക്ട്) സുശാന്ത് ചങ്കോത്ര പറഞ്ഞു. കേസ് ആഗസ്റ്റ് 28ന് വീണ്ടും പരിഗണിക്കും.
ഹരിയാനയിലെ ഗുരുഗ്രാമിൽ 2008 ഫെബ്രുവരിയിൽ ഓങ്കരേശ്വർ പ്രോപ്പർട്ടീസിൽനിന്ന് വാദ്രയുടെ കമ്പനിയായ സ്കൈലൈറ്റ് ഹോസ്പിറ്റാലിറ്റി 7.5 കോടി രൂപക്ക് വാങ്ങിയ 3.5 ഏക്കർ ഭൂമി ഇടപാടുമായി ബന്ധപ്പെട്ടാണ് കേസ്. വ്യാജരേഖകളുടെ അടിസ്ഥാനത്തിലാണ് ഇടപാടെന്നും ഭൂമി കൈമാറ്റത്തിൽ ക്രമക്കേടുകളുണ്ടെന്നുമാണ് ആരോപണം.
മുഖ്യമന്ത്രി ഭൂപീന്ദർ സിങ് ഹൂഡയുടെ നേതൃത്വത്തിൽ അന്നത്തെ കോൺഗ്രസ് സർക്കാർ സ്കൈലൈറ്റ് ഹോസ്പിറ്റാലിറ്റിക്ക് വാണിജ്യ ലൈസൻസ് നൽകി. ഇത് ഭൂമിയുടെ വിപണിമൂല്യം ഗണ്യമായി വർധിപ്പിച്ചുവെന്ന് ഇ.ഡി അവകാശപ്പെടുന്നു. 2012ൽ റിയൽ എസ്റ്റേറ്റ് ഭീമനായ ഡി.എൽ.എഫിന് 58 കോടി രൂപക്ക് ഭൂമി വിറ്റു. അനധികൃത ഇടപാടുകളിൽനിന്ന് ലഭിച്ച ലാഭം വാദ്രയും അനുബന്ധ സ്ഥാപനങ്ങളും ഇതര ബിസിനസ് ആവശ്യങ്ങൾക്ക് ഉപയോഗിച്ചു. സ്പെഷൽ കൗൺസൽ സോഹെബ് ഹുസൈൻ, സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ എൻ.കെ.മാറ്റ എന്നിവരാണ് ഇ.ഡിക്കുവേണ്ടി ഹാജരായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.