മോശം കിഡ്നി ദാനം ചെയ്തു​​വെന്ന് അസഭ്യം പറഞ്ഞു, ചെരിപ്പുകൊണ്ട് അടിക്കാൻ നോക്കി; ഗുരുതര ആരോപണങ്ങളുമായി വീണ്ടും ലാലുവിന്റെ മകൾ

പട്ന: പാർട്ടിവിട്ടതിന് പിന്നാലെ കുടുംബത്തി​നു നേരെ ഗുരുതര ആരോപണങ്ങളുമായി ലാലു പ്രസാദ് യാദവിന്റെ മകൾ രോഹിണി ആചാര്യ. ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിൽ ഏറ്റ കനത്ത പരാജയത്തിന് പിന്നാലെ മകൾ പാർട്ടിയിൽ നിന്ന് രാജിവെച്ചത് ലാലുവിന് വലിയ തിരിച്ചടിയായിരുന്നു. കുടുംബവുമായുള്ള എല്ലാ ബന്ധവും വിഛേദിച്ചുവെന്നും രോഹിണി വ്യക്തമാക്കിയിരുന്നു. ലാലുവിന്റെ മൂത്തമകൻ തേജ് പ്രതാപും പാർട്ടി വിട്ടിരുന്നു. നിയമസഭ തെരഞ്ഞെടുപ്പിൽ ഒറ്റക്ക് മത്സരിച്ച തേജിന് വിജയിക്കാൻ സാധിച്ചില്ല.

ബന്ധുക്കൾക്കെതിരെയാണ് രോഹിണി ആരോപണങ്ങൾ ഉയർത്തിയത്. 2022ൽ വൃക്കരോഗം ബാധിച്ച ലാലുവിന് വൃക്ക ദാനമായി നൽകിയത് രോഹിണിയായിരുന്നു. മോശം കിഡ്നി ദാനം ചെയ്ത് തെരഞ്ഞെടുപ്പ് ടിക്കറ്റ് ഉറപ്പിച്ചുവെന്നായിരുന്നു കുടുംബാംഗങ്ങളിലൊരാൾ തനിക്കെതിരെ ആരോപണമുന്നയിച്ചുവെന്നും 46കാരിയായ രോഹിണി എക്സിൽ കുറിച്ചു.

''ഇന്നലെ എനിക്കെതിരെ ശാപവാക്കുകൾ ചൊരിഞ്ഞുകൊണ്ട് ഒരാൾ പറഞ്ഞത് പിതാവിന് ഏറ്റവും വൃത്തികെട്ട വൃക്ക കൊടുത്ത് ഞാൻ കോടിക്കണക്കിന് രൂപ കൈപ്പറ്റിയെന്നും ലോക്സഭ ടിക്കറ്റ് വാങ്ങിയെന്നുമാണ്. എന്റെ മൂന്ന് കുട്ടികളും ഭർത്താവുമടങ്ങുന്ന കുടുംബത്തിന്റെ അനുവാദം വാങ്ങാതെ വൃക്കം ദാനം ചെയ്തത് വലിയ തെറ്റായിപ്പോയെന്ന് ഇപ്പോൾ മനസിലാക്കുന്നു. ദൈവത്തെ പോലെ കരുതുന്ന എന്റെ പിതാവിന് രക്ഷിക്കാൻ വേണ്ടിയായിരുന്നു അങ്ങനെ ചെയ്തത്. അത് വൃത്തികെട്ട പണിയായിരുന്നു എന്നാണ് ഇപ്പോൾ ഞാൻ കേട്ടുകൊണ്ടിരിക്കുന്ന ആക്ഷേപം. നിങ്ങളിൽ ആരും മേലിൽ ഇതുപോലൊരു തെറ്റുചെയ്യാതിരിക്കട്ടെ. ഒരു കുടുംബത്തിലും രോഹിണിയെ പോലുള്ള ഒരു മകൾ ഇനി ഉണ്ടാകാതിരിക്കട്ടെ''-എന്നായിരുന്നു രോഹിണി ആചാര്യയുടെ ​വൈകാരിക എക്സ് പോസ്റ്റ്.



ബന്ധുക്കളിലൊരാൾ തന്നെ അസഭ്യം പറഞ്ഞുവെന്നും ചെരിപ്പെടുത്ത് അടിക്കാൻ തുനിഞ്ഞുവെന്നും രോഹിണി മറ്റൊരു പോസ്റ്റിൽ ആരോപിക്കുന്നുണ്ട്.

''അവരെന്നെ അടിക്കാനായി ചെരിപ്പുയർത്തി. വൃത്തികെട്ട വാക്കുകൾ കൊണ്ട് അധിക്ഷേപിച്ചു. ഞാൻ ആത്മാഭിമാനം വെടിഞ്ഞില്ല. വിടുവീഴ്ച ചെയ്യാനും തയാറായില്ല. അതിനാൽ മാത്രം ഈ അപമാനം സഹിക്കേണ്ടി വന്നു. ഇന്നലെ ഒരു മകൾ, കരയുന്ന മാതാപിതാക്കളെയും സഹോദരിമാരെയും ഉപേക്ഷിച്ചുപോയി. അവർ എന്നെ മാതൃവീട്ടിൽ നിന്ന് പറിച്ചെറിഞ്ഞു. അവർ എ​ന്നെ അനാഥയാക്കി. നിങ്ങളിൽ ആരും എന്റെ വഴിയിലൂടെ നടക്കാതിരിക്കട്ടെ. ഒരു കുടുംബത്തിനും രോഹിണിയെ​പോലുള്ള മകളും സഹോദരിയും ഉണ്ടാകാതിരിക്കട്ടെ''-എന്നും രോഹിണി കുറിച്ചു.

കഴിഞ്ഞ ദിവസമാണ് രാഷ്ട്രീയം വിടുകയാണെന്നും കുടുംബവുമായുള്ള ബന്ധം ഉപേക്ഷിക്കുകയാണെന്നും കാണിച്ച് രോഹിണ എക്സിൽ പോസ്റ്റിട്ടത്. തെരഞ്ഞെടുപ്പ് ഫലത്തോടെ തകർന്ന ലാലുവിന്റെ കുടുംബത്തിന് കനത്ത പ്രഹരമായി രോഹിണിയുടെ പോസ്റ്റ്.

ഞാന്‍ രാഷ്ട്രീയം വിടുകയും എന്റെ കുടുംബവുമായുള്ള ബന്ധം ഉപേക്ഷിക്കുകയുമാണ്. ഇങ്ങനെ ചെയ്യാനാണ് സഞ്ജയ് യാദവും റമീസും എന്നോട് ആവശ്യപ്പെട്ടിരിക്കുന്നത്. എല്ലാ പഴിയും ഞാൻ ഏറ്റെടുക്കുകയാണ്​''-എന്നായിരുന്നു കഴിഞ്ഞ ദിവസം രോഹിണി എക്സിൽ കുറിച്ചത്.

തേജസ്വിയുടെ അടുത്ത സുഹൃത്തുക്കളും അനുയായികളുമായ റമീസ്, സഞ്ജയ് യാദവ് എം.പി എന്നിവർക്കെതിരെയാണ് രോഹിണി ആരോപണമുന്നയിച്ചത് എന്നാണ് കരുതുന്നത്. ഡോക്ടറായ രോഹിണി 2024ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ ബിഹാറിലെ സരൺ മണ്ഡലത്തിൽ നിന്ന് മത്സരിച്ചുവെങ്കിലും പരാജയപ്പെട്ടു.

Tags:    
News Summary - Lalu Yadav's Daughter's Dirty Kidney Bombshell Amid Widening Family Feud

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.