‘കുറ്റകൃത്യങ്ങൾ നിത്യസംഭവമായി മാറി’: മൂന്ന് വയസുകാരിയുടെ കൊലപാതകത്തിൽ വിജയ് സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി ഉദയനിധി സ്റ്റാലിൻ

ചെന്നൈ: തമിഴ്നാട്ടിൽ മൂന്നുവയസ്സുകാരി ലൈംഗികാതിക്രമത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തിൽ വിജയ് സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ. കേസിലെ യഥാർഥ കുറ്റവാളികളെ ​കണ്ടെത്തി കർശന ശിക്ഷ ഉറപ്പാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

വടക്കൻ പ്രദേശങ്ങളിൽ എവിടെയോ നടക്കുന്നതായി ആളുകൾ വായിച്ചിരുന്ന കുറ്റകൃത്യങ്ങൾ, ഈ സോഫ മോഡൽ സർക്കാറിന് കീഴിൽ തമിഴ്നാട്ടിൽ ഒരു നിത്യ സംഭവമായി മാറിയെന്ന് കുട്ടിയുടെ കൊലപാതകത്തിൽ ഞെട്ടൽ പ്രകടിപ്പിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. സ്ത്രീകളെയും കുട്ടികളെയും സംരക്ഷിക്കുന്നതിൽ മുഖ്യമന്ത്രി വിജയ് പരാജയപ്പെട്ടുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ വോട്ട് തേടാൻ കുട്ടികളെ ഉപയോഗിച്ച മുഖ്യമന്ത്രി ഇപ്പോൾ അവരുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ ആവർത്തിച്ച് പരാജയപ്പെടുകയാണെന്ന് ഉദയനിധി സ്റ്റാലിൻ പറഞ്ഞു. തമിഴ്നാട്ടിൽ അടുത്തിടെ നടന്ന സുരക്ഷാ ലംഘനങ്ങൾ ചൂണ്ടിക്കാട്ടി ‘തമിഴ്നാട്ടിലുടനീളം ക്രമസമാധാനം വെന്റിലേറ്ററിലാണെ’ന്നും ഉദയനിധി പറഞ്ഞു.

ഇതുപോലുള്ള സംഭവങ്ങൾ തുടർന്നാൽ ഡി.എം.കെ പ്രതിഷേധവുമായി തെരുവിലിറങ്ങുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരുടെ ഉന്നതതല യോഗം വിളിക്കണമെന്നും കുറ്റകൃത്യങ്ങൾ തടയുന്നതിന് മേഖലാ, ജില്ലാതല ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശങ്ങൾ നൽകണമെന്നും അദ്ദേഹം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.

തമിഴ്നാട്ടിലെ തിരുവള്ളൂർ ജില്ലയിൽ ഗുമ്മിഡിപൂണ്ടി മേഖലയിൽ ലൈംഗികാതിക്രമത്തെ തുടർന്ന് മൂന്നുവയസ്സുകാരി മരിച്ചതിൽ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. സംഭവത്തിൽ ബിഹാർ സ്വദേശിയായ 19കാരനായ തൊഴിലാളിയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഗുരുതര പരി​ക്കേറ്റ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ചികിത്സക്കിടെ തിങ്കളാഴ്ച രാവിലെയോടെ മരിക്കുകയായിരുന്നു. പെൺകുട്ടിക്ക് ബിസ്‌ക്കറ്റ് നൽകാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് കൂട്ടിക്കൊണ്ടുപോയി ലൈംഗികാതിക്രമത്തിന് ഇരയാക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കുട്ടികൾക്കെതിരായ കുറ്റകൃത്യങ്ങൾ തടയാൻ കൂടുതൽ കർശന നടപടികൾ സ്വീകരിക്കണമെന്ന് വിവിധ സാമൂഹിക സംഘടനകളും പൊതുപ്രവർത്തകരും ആവശ്യപ്പെട്ടു. കേസിൽ വിശദമായ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.

Tags:    
News Summary - Crimes Have Become Daily Occurrence Udhayanidhi Stalin Slams Vijay Govt Over 3 Year Olds Rape Murder

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.