മുംബൈ: നഗരത്തിൽ കർഷകരുടെ രാജ്ഭവൻ മാർച്ച് പൊലീസ് തടഞ്ഞു. ദക്ഷിണ മുംബൈയിൽ റാലികൾ പാടില്ലെന്ന ബോംബെ ഹൈകോടതി ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് നടപടി. മെട്രോ സിഗ്നലിൽ ഇരുന്ന് പ്രതിഷേധിച്ച കർഷകർ പിന്നീട് ആസാദ് മൈതാനത്തേക്ക് മടങ്ങി.
കർഷക പ്രതിനിധികളുടെ നിവേദനം സ്വീകരിക്കാൻ പ്രിൻസിപ്പൽ സെക്രട്ടറിയെ ചുമതലപ്പെടുത്തി ഗവർണർ ഭഗത്സിങ് കോശിയാരി ഗോവ നിയമസഭ സമ്മേളനത്തിന് പോയതും കർഷകരെ പ്രകോപിപ്പിച്ചു. തങ്ങളുടെ നിവേദനം കൈപ്പറ്റാൻ ഗവർണറും യോഗ്യനല്ലെന്നു പറഞ്ഞ് നിവേദനം നേതാക്കൾ പൊതുവേദിയിൽ കീറിയെറിഞ്ഞു.
കങ്കണ റണാവത്തിനെ കാണാൻ നേരമുള്ള ഗവർണർക്ക് കർഷകരെ കാണാൻ നേരമില്ലെന്ന് പറഞ്ഞ എൻ.സി.പി അധ്യക്ഷനും മുൻ കേന്ദ്ര കൃഷി മന്ത്രിയുമായ ശരദ് പവാർ, മഹാരാഷ്ട്ര ഇന്നോളം ഇതുപോലൊരു ഗവർണറെ കണ്ടിട്ടില്ലെന്നും കൂട്ടിച്ചേർത്തു.
ഞായറാഴ്ചയാണ് മഹാരാഷ്ട്രയിലെ 21ഒാളം ജില്ലകളിൽനിന്ന് 300ലേറെ വാഹനങ്ങളിൽ 15,000ത്തോളം കർഷകർ മുംബൈയിലെ ആസാദ് മൈതാനത്തെത്തിയത്. അഖിലേന്ത്യ കിസാൻ സഭയുടെ നേതൃത്വത്തിലാണ് നാസികിൽനിന്നുള്ള കർഷക യാത്ര. മുംബൈയിൽ വിവിധ സംഘടനകളും കോൺഗ്രസ്, എൻ.സി.പി കക്ഷികളും പങ്കെടുത്തു.
റാലിയെ പിന്തുണച്ചെങ്കിലും ശിവസേന നേതാക്കൾ എത്തിയില്ല. സഭയിൽ ചർച്ചചെയ്യാതെ കാർഷിക ബില്ലുകൾ പാസാക്കിയത് ഭരണഘടന വിരുദ്ധമാണെന്നും കർഷകരെ കേന്ദ്ര സർക്കാർ വിലമതിക്കുന്നില്ലെന്നും റാലിയിൽ സംസാരിക്കെ ശരദ് പവാർ പറഞ്ഞു.
റിപ്പബ്ലിക് ദിനത്തിൽ രാവിലെ പതാക ഉയർത്തൽ ചടങ്ങിനുശേഷം കർഷകർ മടങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.