മുംബൈ: അപകടത്തിൽ മരിച്ച ഇരുചക്ര വാഹന യാത്രക്കാരൻ ഹെൽമറ്റ് ധരിക്കാത്തതിനാൽ, ട്രിബ്യൂണൽ വിധിച്ച നഷ്ടപരിഹാര തുക നൽകാനാവില്ലെന്ന ഇൻഷുറൻസ് കമ്പനിയുടെ അപ്പീൽ തള്ളി ബോംബെ ഹൈകോടതി വിധി. അഞ്ചു വർഷം മുമ്പ് നടന്ന വാഹനാപകടത്തിൽ മരിച്ച യുവാവിന്റെ ബന്ധുക്കൾക്ക് 1.30 കോടി രൂ നഷ്ട പരിഹാരം നൽകണമെന്ന് ഹൈകോടതിയുടെ ഉത്തരവിൽ ജസ്റ്റിൽ എം.എസ് സോനക് വ്യക്തമാക്കി. മോട്ടാർ ആക്സിഡന്റ് ട്രൈബ്യൂണലിന്റെ ഉത്തരവിനെ ചോദ്യം ചെയ്ത് നാഷണൽ ഇൻഷുറൻസ് കമ്പനി സമർപ്പിച്ച അപ്പീലിലായിരുന്നു ഹൈകോടതിയുടെ വിധി.
2021 ജനുവരി 17നായിരുന്നു ഗോവയിലെ സാലിഗോ -കലൻഗുടെ റോഡിൽ ആക്ടീവ സ്കൂട്ടറിൽ സഞ്ചരിച്ച യുവാവും, ക്വാളിസ് കാറും കൂട്ടിയിടിച്ചുണ്ടായ അപകടം നടന്നത്. യുവാവിന്റെ മരണത്തിനു പിന്നാലെ മോട്ടോർവാഹന അപകട ട്രൈബ്യൂണൽ മാതാവിന് 1.30 കോടി നഷ്ടപരിഹാരം വിധിച്ചു. തെറ്റായ ദിശയിൽ അമിതവേഗതയിൽ വന്ന ക്വാളിസ് ഇടിച്ചു തെറിപ്പിച്ചായിരുന്നു അപകടം. എന്നാൽ, വശത്തെ റോഡിൽ നിന്നും ബൈക്ക് അശ്രദ്ധമായ പ്രധാന റോഡിലേക്ക് പ്രവേശിച്ചത് അപകടകാരണമായെന്നായിരുന്നു കമ്പനിയുടെ വാദം. മരിച്ച യുവാവ് ഹെൽമറ്റ് ധരിച്ചില്ലെന്നും, ഇത് മരണകാരണമായെന്നും കമ്പനി വാദിച്ചു. എന്നാൽ, ഇത് തള്ളിയായിരുന്നു സാക്ഷി മൊഴികളുടെ അടിസ്ഥാനത്തിൽ
യുവാവിന്റെ ശമ്പളവും ജോലിയും പ്രായവും പരിഗണിച്ച് കോടതി നഷ്ടപരിഹാരം വിധിച്ചത്.
ഇത് ചോദ്യം ചെയ്ത് ഇൻഷുറൻസ് കമ്പനി ഹൈകോടതിയെ സമീപിച്ചു. യുവാവ് ഹെൽമറ്റ് ധരിച്ചില്ലെന്നായിരുന്നു കമ്പനിയുടെ പ്രധാന വാദം.
എന്നാൽ, ഹെൽമെറ്റ് ധരിച്ചില്ല എന്ന ഇൻഷുറൻസ് കമ്പനിയുടെ വാദം അംഗീകരിക്കാൻ കോടതി വിസമ്മതിച്ചു. രേഖാമൂലമുള്ള പ്രസ്താവനയിൽ അത്തരമൊരു വാദം ഉന്നയിച്ചിട്ടില്ലെന്നും ദൃക്‌സാക്ഷികളിൽ നിന്ന് സ്ഥിരീകരിക്കുന്ന തെളിവുകളൊന്നുമില്ലെന്നും കോടതി നിരീക്ഷിച്ചു. ഹെൽമെറ്റ് ധരിക്കാത്തത് അപകടത്തിന് ന്യായീകരണമാവില്ലെന്നും കോടതി നിരീക്ഷിച്ചു.
ഇടിച്ച വാഹനം അമിത വേഗതയിലും, തെറ്റായ ദിശയിലുമാണ് സഞ്ചരിച്ചതെന്നും, ഇരുചക്രയാത്രികൻ ഹെൽമറ്റ് ധരിച്ചിരുന്നെങ്കിലും അപകട വ്യാപ്തി കുറയില്ലെന്നും കോടി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.