‘ജയ് ശ്രീ റാം’ വിളിക്കുന്നവർക്ക് പരിശോധന ഫീസിൽ ഇളവുമായി കൊൽക്കത്തയിലെ ഡോക്ടർ

കൊൽക്കത്ത: ‘ജയ് ശ്രീ റാം’ വിളിക്കുന്ന രോഗികൾക്ക് കൺസൾട്ടേഷൻ ഫീസിൽ ഇളവ് പ്രഖ്യാപിച്ച് കൊൽക്കത്തയിലെ ഡോക്ടർ. കൊൽക്കത്തയിലെ എ.എം.ആർ.ഐ ആശുപത്രിയിലെ സീനിയർ കാർഡിയോളജിസ്റ്റായ ഡോ. ഹസ്രയാണ് ഈ വിചിത്ര പ്രഖ്യാപനം നടത്തിയിരിക്കുന്നത്. നഗരത്തിലെ ബാലിഗഞ്ച് പ്രദേശത്തുള്ള തന്റെ സ്വകാര്യ ക്ലിനിക്കിലാണ് ഈ ഇളവ് ലഭിക്കുകയെന്ന് അദ്ദേഹം പറഞ്ഞു. ‘ജയ് ശ്രീ റാം’ വിളിക്കുന്നവർക്ക് കൺസൾട്ടേഷൻ ഫീസ് 2000രൂപയിൽനിന്ന് 1500 ആക്കുമെന്നാണ് അദ്ദേഹത്തിന്റെ വാഗ്ദാനം. ബി.ജെ.പി ചിഹ്നമായ താമരയും തന്റെ ചിത്രവുമുള്ള പോസ്റ്ററുകൾ അദ്ദേഹം ക്ലിനിക്കിലും സോഷ്യൽ മീഡിയയിലും പങ്കുവെച്ചിട്ടുണ്ട്. ക്യു.ആർ കോഡുള്ള നിയുക്ത പോസ്റ്റർ കാണിക്കുന്നവർക്കാണ് കിഴിവ് എന്നും അദ്ദേഹം പറഞ്ഞു. 

ഇത് പാവപ്പെട്ട രോഗികൾക്ക് ഗുണം ചെയ്യും. രാഷ്ട്രീയ സമ്മർദ്ദം കാരണം ഒരു കോർപ്പറേറ്റ് ആശുപത്രിയും ഇത് പ്രോത്സാഹിപ്പിക്കില്ല. സമൂഹത്തിന് സേവനം നൽകുക എന്നതാണ് ഈ നീക്കത്തിന്റെ ലക്ഷ്യം. താൻ ഇതിനകം തന്നെ നിരവധി രോഗികളെ സൗജന്യമായി ചികിത്സിക്കുന്നുണ്ട്. ആളുകളെ സഹായിക്കാനുള്ള തന്റെ ശ്രമങ്ങളുടെ വിപുലീകരണമാണ് ഈ സംരംഭം. അതോടൊപ്പം തന്റെ വ്യക്തിപരമായ പ്രത്യയശാസ്ത്ര വിശ്വാസങ്ങളുമായി പൊരുത്തപ്പെടുകയും ചെയ്യുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി.ജെ.പിയും എനിക്ക് പ്രചോദനം നൽകുന്നു.‘ജയ് ശ്രീ റാം’ എന്നത് ഒരു മതപരമായ മുദ്രാവാക്യമല്ല. അതൊരു രാഷ്ട്രീയ മുദ്രാവാക്യമാണെന്നും അദ്ദേഹം പറഞ്ഞു. മതപരമോ സാമൂഹിക, സാമ്പത്തിക പശ്ചാത്തലമോ പരിഗണിക്കാതെ എല്ലാ രോഗികൾക്കും ഇത് ലഭ്യമായിരിക്കും.

ബി.ജെ.പിയിലൂടെ ഔദ്യോഗികമായി രാഷ്ട്രീയത്തിൽ പ്രവേശിക്കാനുള്ള ആ​ഗ്രഹവും ഡോക്ടർ പ്രകടിപ്പിച്ചു.

‘എനിക്ക് ബി.ജെ.പിയിൽ പങ്കാളിയാകണം, ഇതിലൂടെ രാജ്യത്തെ സേവിക്കണം. തെരഞ്ഞെടുപ്പിൽ മത്സരിക്കണമെങ്കിൽ ഒരുപാട് കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്, പക്ഷേ എനിക്ക് ഇതുവരെ അത് ചെയ്യാൻ കഴിഞ്ഞിട്ടില്ല. ഇതൊരു തുടക്കം മാത്രമാണ്. ഒരുപക്ഷേ അടുത്ത വർഷം ഞാൻ അധികാരികളെയും ബന്ധപ്പെട്ട നേതാക്കളെയും സമീപിക്കും. അവർ എനിക്ക് ഒരു അവസരം നൽകിയാൽ തീർച്ചയായും മത്സരിക്കും -ഡോക്ടർ പറഞ്ഞു.

അതേസമയം, മുഖ്യമന്ത്രി മമത ബാനർജിയുടെ പ്രവർത്തനത്തെ അദ്ദേഹം പ്രശംസിച്ചു.

‘അവർ ഒരുപാട് നല്ല കാര്യങ്ങൾ ചെയ്തിട്ടുണ്ട്, എന്നാൽ മറ്റ് സംസ്ഥാനങ്ങളുടെ പുരോഗതി കണക്കിലെടുക്കുമ്പോൾ ബംഗാൾ പിന്നിലാണ്. ബി.ജെ.പി അധികാരത്തിൽ വന്നാൽ, ചില പുരോഗതികൾ ഉണ്ടായേക്കാം. കേന്ദ്രവും ടി.എം.സി സർക്കാരും തമ്മിലുള്ള ‘വഴക്ക്’ആരോഗ്യ സംരക്ഷണ സംവിധാനത്തിന്റെ പുരോഗതിയെ ബാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

ഡോക്ടറുടെ നടപടിയിൽ രാഷ്ട്രീയ പാർട്ടികളും സംഘടനകളും പ്രതികരണവുമായി എത്തിയിട്ടുണ്ട്. ഡോക്ടറുടെ നടപടി ബി.ജെ.പി നേതാക്കളുടെ പ്രീതി പിടിച്ചുപറ്റാനാണെന്നും തന്റെ സ്വത്ത് സംരക്ഷിക്കാനുള്ള ശ്രമമാണെന്നും ടി.എം.സി നേതാക്കൾ ആരോപിച്ചു. ചികിത്സയിൽ രാഷ്ട്രീയമോ മതമോ കലർത്തുന്നത് മെഡിക്കൽ എത്തിക്സിന് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ഐ.എം.എ ബംഗാൾ ഘടകം ഡോക്ടർക്ക് നോട്ടിസ് അയച്ചു. എന്നാൽ, ഈ നീക്കത്തെ ബി.ജെ.പി നേതാക്കൾ സ്വാഗതം ചെയ്തു.

Tags:    
News Summary - Kolkata doctor waives test fees for those who chant 'Jai Shri Ram'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.