ന്യൂഡൽഹി: മാതാപിതാക്കളിൽനിന്ന് പണം തട്ടാൻ 27കാരിയായ അമേരിക്കൻ യുവതിയുടെ തട്ടിക്കൊണ്ടുപോകൽ നാടകം. കൈയിലുള്ള പണം തീർന്നതോടെയാണ് ക്ലോ മക്ലാഗ്ലിൻ എന്ന യുവതി കാമുകന്റെ സഹായത്തോടെ നാടകം ഒരുക്കിയതെന്ന് പൊലീസ് പറഞ്ഞു.
മേയ് മൂന്നിനാണ് യുവതി ഡൽഹിയിൽ എത്തിയത്. യു.എസിലെ സർവകലാശാലയിൽ നിന്ന് ബിരുദം നേടിയ ഇവരുടെ കുടുംബം വാഷിങ്ടൺ ഡി.സിയിലാണ് താമസിക്കുന്നത്. ജൂലൈ ഏഴിന് മക്ലാഗ്ലിൻ മാതാവിനെ വിളിച്ച് താൻ സുരക്ഷിതയല്ലെന്നും തനിക്ക് അറിയാവുന്ന ഒരാൾ ആക്രമിക്കുകയും മർദിക്കുകയും ചെയ്തെന്നും അറിയിച്ചു. എന്നാൽ എവിടെയാണ് ഉള്ളതെന്ന് വെളിപ്പെടുത്തിയില്ല. ഇതോടെ മാതാവ് ഇന്ത്യൻ അധികൃതരെ സമീപിച്ചു. യു.എസ് എംബസി വിഷയം ന്യൂഡൽഹി ജില്ല പൊലീസിന് കൈമാറി.
ജൂലൈ 10ന്, മക്ലാഗ്ലിൻ വീണ്ടും അമ്മയുമായി വാട്ട്‌സ്ആപ് വിഡിയോ കോൾ വഴി സംസാരിച്ചു. ഇതിനിടെ ഒരാൾ മുറിയിൽ പ്രവേശിക്കുകയും കോൾ കട്ടാക്കുകയും ചെയ്തു. വിഡിയോ കോൾ ചെയ്യുമ്പോൾ യുവതി മറ്റൊരാളുടെ വൈഫൈ ഉപയോഗിച്ചതായി അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി. ഈ ഐ.പി വിലാസവുമായി ബന്ധപ്പെട്ട മൊബൈൽ നെറ്റ്‌വർക്കും ട്രാക്ക് ചെയ്തു. ഇത് ഗുരുഗ്രാമിൽ താമസിക്കുന്ന നൈജീരിയൻ പൗരനായ ഒകോറോഫോർ ചിബുകെ ഒകോറോ (31) എന്നയാളിൽ എത്തിച്ചു. ഗ്രേറ്റർ നോയിഡയിലാണ് യുവതി താമസിക്കുന്നതെന്ന് ഇയാൾ പൊലീസിനോട് പറഞ്ഞു. തുടർന്ന് പൊലീസ് മക്ലാഗ്ലിനെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
ഡൽഹിയിലെത്തി ഏതാനും ദിവസങ്ങൾക്കകം പണം തീർന്നതിനെ തുടർന്നാണ് താനും ഫേസ്ബുക്ക് വഴി പരിചയപ്പെട്ട കാമുകൻ ഒകോറോയും ചേർന്ന് തട്ടിക്കൊണ്ടുപോകൽ നാടകം ആസൂത്രണം ചെയ്തതെന്ന് യുവതി മൊഴി നൽകി. ഇരുവരുടെയും പാസ്‌പോർട്ട് കാലാവധി അവസാനിച്ചതായും പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.