ബി.ജെ.പി ആറ് കോൺഗ്രസ് സർക്കാറുകളെ തട്ടിയെടുത്തു; ആർ.എസ്.എസ് താലിബാനെപ്പോലെ പ്രവർത്തിക്കുന്നു -ഖാർഗെ

ന്യൂഡൽഹി: ബി.ജെ.പിക്കെതിരെ രൂക്ഷ വിമർശനമുയർത്തി കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ. ഭാരത് ജോഡോ യാത്രക്കിടെ പഞ്ചാബിലെ പത്താൻകോട്ടിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബി.ജെ.പി ആറ് കോൺഗ്രസ് സർക്കാറുകളെ മോഷ്ടിച്ചുവെന്ന് ഖാർഗെ ആരോപിച്ചു. നമുക്ക് ലഭിച്ച ആറ് സംസ്ഥാനങ്ങൾ അവർ മോഷ്ടിച്ചു. ജനങ്ങൾ നമ്മെ തെരഞ്ഞെടുത്തതിനാൽ അവർ ശക്തി ഉപയോഗിച്ച് ജനങ്ങളെ പുറത്താക്കി സംസ്ഥാന ഭരണം നേടി.

പലർക്കും പണം നൽകി, പ്രലോഭിപ്പിച്ച്, ചിലരെ എൻഫോഴ്സമെന്റ് ഡയറക്ടറേറ്റിന്റെ പരിശോധനക്കും ആദായ നികുതി പരിശോധനക്കും വിജിലൻസ് കമീഷൻ പരിശോധനക്കും വിധേയരാക്കി ഭയപ്പെടുത്തിയും ആളുകളെ കൂറുമാറ്റി. ഇങ്ങനെയാണ് അവർ ഭരിക്കുന്നത്. അതുതന്നെയാണ് അവർ തുടരാൻ പോകുന്നതും. ബി.ജെ.പിയെ കള്ളൻമാരെ​ന്നാണോ തീവെട്ടിക്കൊള്ളക്കാർ എന്നാണോ വിളിക്കേണ്ടത് എന്നും അദ്ദേഹം ചോദിച്ചു.

താലിബാന് സമാന്തര പ്രവർത്തനമാണ് രാഷ്ട്രീയ സ്വയം സേവക് സംഘം (ആർ.എസ്.എസ്) നടത്തുന്നതെന്നും ഖാർഗെ ആരോപിച്ചു. മനുസ്മൃതിയിലോ ആർ.എസ്.എസിലോ സ്ത്രീകൾക്ക് ഇടമില്ല. സ്ത്രീകൾ താഴ്ന്നവരായാണ് കരുതുന്നത്. അവർക്ക് പഠിക്കാൻ അനുവാദമില്ല. പെൺകുട്ടികളെ പഠനത്തിൽ നിന്ന് വിലക്കാൻ താലിബാൻ ശ്രമിക്കുന്നത് എങ്ങനെയാണ് എന്ന് ഞാൻ വായിച്ചിട്ടുണ്ട്. നേരത്തെ ഇവിടെയും അങ്ങനെയായിരുന്നു, ഇപ്പോഴുമുണ്ട്. ആർ.എസ്.എസും ബി.ജെ.പിയും അതുതന്നെയാണ് ചെയ്യാൻ ശ്രമിക്കുന്നത് അദ്ദേഹം കൂട്ടിച്ചേർത്തു.

ബി.ജെ.പി തെരഞ്ഞെടുപ്പ് വിജയത്തിൽ മാത്രമാണ് ശ്രദ്ധിക്കുന്നതെന്നും, ഇന്ത്യൻ ജനതയുടെ ക്ഷേമത്തിനു വേണ്ടി ചിന്തിക്കുകയോ പ്രവർത്തിക്കുകയോ ചെയ്യുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. പൊതുജനങ്ങളുമായി ബന്ധപ്പെട്ട എന്തെങ്കിലും ചർച്ച പാർലമെന്റിൽ കൊണ്ടുവരികയാണെങ്കിൽ അവർ സഭയെ സ്വാധീനിച്ച് ചില ഒഴിവുകഴിവുകൾ നിരത്തും.

എല്ലാ മേഖലകളിൽ നിന്നുമുള്ള ലക്ഷക്കണക്കിന് ജനങ്ങളാണ് ഭാരത് ജോഡോ യാത്രയിൽ പ​ങ്കെടുക്കുന്നത്. യാത്രയുടെ വിജയം ബി.ജെ.പിയെ പരിഭ്രാന്തരാക്കുന്നുണ്ട്. അതിനാലാണ് ബി.ജെ.പി നേതാക്കൾ തങ്ങൾക്കെതിരെ എന്തെങ്കിലും ആരോപണം ഉന്നയിച്ചുകൊണ്ടിരിക്കുന്നത് -ഖാർഗെ ആരോപിച്ചു.

Tags:    
News Summary - Kharge accuses BJP of ‘stealing’ 6 Congress governments, compares RSS with Taliban

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.