ഖലിസ്ഥാൻ വിഘടനവാദി നേതാവ് പ്രഭ്പ്രീത് സിങ് ഡൽഹിയിൽ അറസ്റ്റിൽ

ന്യൂഡൽഹി: നിരോധിത തീവ്ര ഖലിസ്ഥാന്‍ അനുകൂല സംഘടനയായ ഖലിസ്ഥാൻ സിന്ദാബ് ഫോഴ്സ് നേതാവ് പ്രഭ്പ്രീത് സിങ് ഡൽഹി വിമാനത്താവളത്തിൽ അറസ്റ്റിൽ. പഞ്ചാബ് പൊലീസിന്റെ സ്‌പെഷ്യല്‍ ഓപ്പറേഷന്‍ സെല്ലാണ് വെള്ളിയാഴ്ച പ്രഭ്പ്രീത് സിങ്ങിനെ അറസ്റ്റ് ചെയ്തത്. ജര്‍മ്മനി കേന്ദ്രമാക്കി സംഘടനയിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുകയും വിഘടനവാദി പ്രവര്‍ത്തനങ്ങള്‍ക്ക് പണം കണ്ടെത്തുകയുമാണ് ഇയാള്‍ ചെയ്തിരുന്നത്.

പ്രഭ്പ്രീത് സിങിനെ അറസ്റ്റ് ചെയ്ത വിവരം പഞ്ചാബ് ഡി.ജി.പി ഗൗരവ് യാദവ് സമൂഹ മാധ്യമമായ എക്‌സിലൂടെയാണ് പങ്കുവെച്ചത്. ഖലിസ്ഥാന്‍ സിന്ദാബാദ് ഫോഴ്‌സിലുള്ളരേയും അവരുമായി ബന്ധമുള്ളവരേയും കണ്ടെത്തുന്നതിനായുള്ള പരിശ്രമത്തിലാണ് പഞ്ചാബ് പൊലീസെന്നും ഡി.ജി.പി കുറിച്ചു.

2020-ല്‍ പഞ്ചാബ് പൊലീസിന്റെ അമൃത്സറിലെ സ്റ്റേറ്റ് സ്‌പെഷ്യല്‍ ഓപ്പറേഷന്‍ സെല്ലിന് ലഭിച്ച വിവരത്തെ തുടർന്നാണ് പ്രഭ്പ്രീത് സിങിനെ അറസ്റ്റ് ചെയ്തത്. പഞ്ചാബിലെ ഉന്നത വ്യക്തികളെ ലക്ഷ്യമിട്ടുള്ള ഖലിസ്ഥാന്‍ സിന്ദാബാദ് ഫോഴ്‌സ് നേതാവായ ജഗ്ദീഷ് സിങ് ഭുരയുടെ പദ്ധതികളെ കുറിച്ചുള്ള വിവരങ്ങളായിരുന്നു അന്ന് ലഭിച്ചിരുന്നത്. ഈ വിവരത്തെ തുടർന്ന് സംഘടനയുമായി ബന്ധമുള്ള നാലുപേരെ അറസ്റ്റ് ചെയ്യുകയും ഇവരുടെ കയ്യിൽ നിന്ന് ആയുധങ്ങൾ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. ഇവരെ ചോദ്യം ചെയ്തതിൽ നിന്നാണ് പഞ്ചാബിലെ ഉന്നത വ്യക്തികളെ ഖലിസ്ഥാൻ വാദികൾ ലക്ഷ്യമിട്ടിരുന്ന വിവരം പുറത്തു വന്നത്. തുടർന്ന് പ്രഭ്പ്രീത് സിങിനെതിരെ പഞ്ചാബ് പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

2017-ൽ സാധുവായ വിസയിൽ പോളണ്ടിലേക്ക് പോയ പ്രഭ്പ്രീത് സിംഗ്, 2020-ൽ റോഡ് മാർഗം ജർമ്മനിയിലേക്ക് കടന്നതായി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. ജർമ്മനിയിൽ പെർമനന്റ് റെസിഡൻസിക്കായി അപേക്ഷിക്കുകയും ചെയ്തിരുന്നു.

Tags:    
News Summary - Khalistan separatist leader Prabhpreet Singh arrested in Delhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.