ന്യൂഡൽഹി: കേരളവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ സംസ്ഥാനത്തെ ഇടത് സർക്കാറും കേന്ദ്രത്തിലെ എൻ.ഡി.എ സർക്കാറും അനുരഞ്ജനത്തിന്. രണ്ട് ദിവസമായി ഡൽഹി കേന്ദ്രീകരിച്ചുണ്ടായ സംഭവവികാസങ്ങളാണ് ഒരു പതിറ്റാണ്ടിനിടയിൽ കേരളത്തിനും കേന്ദ്രത്തിനുമിടയിലുണ്ടാകാത്ത രഞ്ജിപ്പിലേക്ക് ഇടത് സർക്കാറും മോദി സർക്കാറും നീങ്ങുന്നുവെന്ന് വ്യക്തമാക്കുന്നത്. ഏറ്റുമുട്ടലിന്റെ പഴയ ഗവർണറെ മാറ്റി സമവായത്തിനായി പുതിയ കേരള ഗവർണറെ മുന്നിൽ നിർത്തി കേന്ദ്ര സർക്കാർ തന്നെയാണ് ഇതിന് വഴിയൊരുക്കുന്നത്.
അതിനാൽ തന്നെ അടുത്ത വർഷം നടക്കാനിരിക്കുന്ന കേരള നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് സി.പി.എമ്മും ബി.ജെ.പിയും ചേർന്ന് നടത്തുന്ന നീക്കമാണിതെന്ന വിമർശനവുമായി കോൺഗ്രസ് നേതാക്കൾ രംഗത്തെത്തി.അടുത്ത തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നയിക്കുന്ന യു.ഡി.എഫിനെ അധികാരത്തിൽ നിന്ന് അകറ്റിനിർത്തേണ്ടത് സി.പി.എമ്മിനെ പോലെ ബിജെ.പിയുടെയും ആവശ്യമായതിനാൽ ഇരു കൂട്ടരെയും രഞ്ജിപ്പിൽ കൊണ്ടുപോകാനുള്ള ദൗത്യമാണ് തനിക്കെന്ന് തോന്നിക്കുന്ന തരത്തിലായിരുന്നു ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കറുടെ കേരള ഹൗസിലെ അത്താഴ വിരുന്ന്.
കേരള സർക്കാറുമായി നിരന്തരം ഏറ്റുമുട്ടിയിരുന്ന മുൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കേരള ഹൗസിൽ ഒരിക്കൽ പോലും നടത്താത്ത ചുവടുവെപ്പാണ് അത്താഴ വിരുന്നൊരുക്കി ഗവർണർ നടത്തിയത്. അതിനുമുമ്പ് കേരളത്തിന്റെ വിഷയത്തിൽ മുഖ്യമന്ത്രിയുമായി സുദീർഘമായ സംഭാഷണം നടത്തിയ കാര്യം ഗവർണർ തന്നെ തുറന്നു പറയുകയും ചെയ്തു. തിങ്കളാഴ്ച തിരുവനന്തപുരത്തുനിന്ന് മുഖ്യമന്ത്രിക്കൊപ്പം ഡൽഹിയിലേക്ക് വന്ന താൻ മൂന്ന് മണിക്കൂറോളം കേരളത്തിന്റെ വിഷയങ്ങൾ ചർച്ച ചെയ്തുവെന്നാണ് ഗവർണർ പറഞ്ഞതെന്ന് അത്താഴ വിരുന്നിൽ പങ്കെടുത്ത എം.പി ‘മാധ്യമ’ത്തോടു പറഞ്ഞു. മുഖ്യമന്ത്രിയുമായി സംസാരിച്ച വിഷയങ്ങളിലൊന്നായി മനുഷ്യ - വന്യജീവി സംഘർഷം ഗവർണർ എടുത്തുപറഞ്ഞു. സംസ്ഥാന വിഷയങ്ങൾ ഫോണിൽ നിരന്തരം സംസാരിക്കാറുണ്ടെന്നും ഗവർണർ പറഞ്ഞു.
ഗവർണർ എന്ന ഭരണഘടനാ പദവി അനാവശ്യമാണെന്നും എടുത്തുകളയണമെന്നും നിരന്തരം വാദിക്കാറുള്ള കേരളത്തിൽ നിന്നുള്ള എം.പി, ഇങ്ങനെയെങ്കിൽ നാലു ഗവർണർമരെ നിയമിച്ചാലും കുഴപ്പമില്ലെന്നാണ് അദ്ദേഹത്തിന്റെ സംസാരം കേട്ടപ്പോൾ തോന്നിയതെന്ന് പ്രതികരിച്ചു. കേന്ദ്രത്തിന്റെ പ്രതിനിധിയായ ഗവർണറുടെ അത്താഴ വിരുന്നിന് പിന്നാലെ കേന്ദ്ര ധനമന്ത്രി കേരള ഹൗസിൽ പോയി മുഖ്യമന്ത്രിക്കൊപ്പം പ്രഭാത ഭക്ഷണം കഴിച്ചതോടെ കാര്യങ്ങൾ വ്യക്തമാണെന്ന് കേരളത്തിൽ നിന്നുള്ള മുതിർന്ന കോൺഗ്രസ് എം.പി പറഞ്ഞു.
പാർലമെന്റ് സമ്മേളനം നടക്കുന്നതിനാൽ വിരുന്നിനുണ്ടാവില്ലെന്ന് ഗവർണറെ അറിയിച്ചിരുന്നുവെന്നും അദ്ദേഹം കുട്ടിച്ചേർത്തു. ഇപ്പോൾ നടക്കുന്നത് ബി.ജെ.പി ആസൂത്രണത്തിലുള്ള നീക്കമാണെന്ന് ഗവർണറുടെ വിരുന്നും സംസാരവും കഴിഞ്ഞതോടെ തനിക്ക് തോന്നിയെന്ന് മറ്റൊരു കോൺഗ്രസ് എം.പി പറഞ്ഞു. അധികാരത്തിന് പുറത്തായാൽ കേരളത്തിൽ കോൺഗ്രസിനെ നിർവീര്യമാക്കാമെന്നാണ് ബി.ജെ.പി കരുതുന്നതെന്നും എം.പി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.