ന്യൂഡൽഹി: മദ്യനയ കേസിൽ ഡൽഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സ്വർണ കാന്ത ശർമ്മ മുമ്പാകെ താൻ ഹാജരാകില്ലെന്ന് ആംആദ്മി പാർട്ടി നേതാവും ഡൽഹി മുൻ മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാൾ. ജസ്റ്റിസ് സ്വർണ കാന്തയിൽ നിന്ന് നീതി ലഭിക്കുമെന്ന തന്റെ പ്രതീക്ഷ തകർന്നിരിക്കുന്നു. അതിനാൽ, മഹാത്മാഗാന്ധിയുടെ സത്യാഗ്രഹ പാത പിന്തുടരാൻ താൻ തീരുമാനിച്ചു എന്നും കത്തിൽ കെജ്‌രിവാൾ പറഞ്ഞു.
ഡൽഹി മധ്യനയവുമായി ബന്ധപ്പെട്ട കേസ് കേൾക്കുന്നതിൽ നിന്ന് ജസ്റ്റിസ് ശർമ്മ പിന്മാറാൻ വിസമ്മതിച്ചതിന് ദിവസങ്ങൾക്ക് ശേഷമാണ് കെജ്‌രിവാളിന്റെ കത്ത്. കേസിൽ ജസ്റ്റിസ് ശർമ്മക്ക് വ്യത്യസ്ത താൽപ്പര്യങ്ങളുണ്ടാവാമെന്നാണ് കെജ്‌രിവാളിന്‍റെ ആരോപണം.
കേന്ദ്ര സർക്കാരിൽ പാനൽ അഭിഭാഷകരായി ജോലി ചെയ്യുന്ന ജസ്റ്റിസ് ശർമ്മയുടെ മക്കൾക്ക് കേസിൽ തനിക്കെതിരെ ഹാജരാകുന്ന സോളിസിറ്റർ ജനറൽ തുഷാർ മേത്തയുമായി പ്രൊഫഷണൽ ബന്ധമുണ്ടെന്നും കെജ്‌രിവാൾ ആരോപിക്കുന്നു. "ഗാന്ധിയൻ സത്യാഗ്രഹ തത്വങ്ങൾ പിന്തുടരുന്നതിനാൽ, അവരുടെ കോടതിയിൽ നേരിട്ടോ അഭിഭാഷകൻ മുഖേനയോ ഈ കേസ് നടത്താൻ എനിക്ക് കഴിയില്ലെന്ന് അറിയിച്ചുകൊണ്ട് ഞാൻ ജസ്റ്റിസ് സ്വർണകാന്ത ശർമ്മക്ക് കത്ത് എഴുതിയിട്ടുണ്ട്," കെജ്‌രിവാൾ പറഞ്ഞു.
"അവരുടെ കോടതിയിൽ നടക്കുന്ന നടപടിക്രമങ്ങൾ, 'നീതി നടപ്പാക്കുക മാത്രമല്ല, നടപ്പാക്കപ്പെടുന്നതായി കാണുകയും വേണം' എന്ന അടിസ്ഥാന തത്വത്തെ ഒരു തരത്തിലും തൃപ്തിപ്പെടുത്തില്ലെന്ന് വ്യക്തമായ നിഗമനത്തിലെത്തിയ ശേഷമാണ് ഞാൻ ഈ ബുദ്ധിമുട്ടുള്ള തീരുമാനം എടുത്തത്" അദ്ദേഹം കൂട്ടിച്ചേർത്തു. മനസ്സാക്ഷിയുടെ ശബ്ദം കേട്ടാണ് താൻ ഈ തീരുമാനം എടുത്തതെന്നും കെജ് രിവാൾ പറഞ്ഞു. ജസ്റ്റിസ് ശർമ്മയുടെ തീരുമാനത്തെ ചോദ്യം ചെയ്യാൻ സുപ്രീം കോടതിയെ സമീപിക്കാനുള്ള അവകാശം തനിക്കുണ്ടെന്നും മുൻ ഡൽഹി മുഖ്യമന്ത്രി പറഞ്ഞു.
എന്നാൽ കെജ് രിവാളിന്‍റെ ആരോപണം ജസ്റ്റിസ് ശർമ തള്ളിയിരുന്നു. "എന്റെ പ്രതിജ്ഞ ഭരണഘടനയോടാണ്. സമ്മർദ്ദത്തിന് കീഴിൽ നീതി വഴങ്ങില്ലെന്ന് എന്റെ പ്രതിജ്ഞ എന്നെ പഠിപ്പിച്ചു. നീതി ഒരു സമ്മർദ്ദത്തിനും വഴങ്ങുന്നില്ല. ഒരു പക്ഷപാതവുമില്ലാതെ ഞാൻ ഭയമില്ലാതെ തീരുമാനിക്കുകയും വിധി പറയുകയും ചെയ്യും. ഈ കേസിൽ നിന്ന് ഞാൻ പിന്മാറുകയില്ല," ജസ്റ്റിസ് ശർമ്മ വിധി പ്രസ്താവിച്ചുകൊണ്ട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.