വാക്ക് പാലിക്കുക എന്നതാണ് ലോകത്തിലെ ഏറ്റവും വലിയ ശക്തി; കോൺഗ്രസിന് ഡി.കെ. ശിവകുമാറിന്റെ ഓർമപ്പെടുത്തൽ

ബംഗളൂരു: കർണാടകയിൽ മുഖ്യമന്ത്രിസ്ഥാനം സംബന്ധിച്ച തർക്കം മുറുകുന്നതിനിടെ കോൺഗ്രസി​നെ ചില കാര്യങ്ങൾ ഓർമപ്പെടുത്തി ഡി.കെ. ശിവകുമാർ. വാക്കുകളുടെ ശക്തി ലോക ശക്തിയാണെന്നും, വാഗ്ദാനം പാലിക്കുക എന്നത് വലിയ രാഷ്ട്രീയ നീക്കമാണെന്നുമാണ് ഒരു പരിപാടിക്കിടെ ഡി.കെ. ശിവകുമാർ കോൺഗ്രസിനെ ഓർമപ്പെടുത്തിയത്. മുഖ്യമന്ത്രിസ്ഥാനത്തിന് അവകാശവാദമുന്നയിച്ച് ഡി.കെ. ശിവകുമാർ രംഗത്തുവന്നെങ്കിലും വിട്ടുകൊടുക്കില്ലെന്ന നിലപാടിലാണ് സിദ്ധരാമയ്യ.

''വാക്കുകളുടെ ശക്തിയാണ് ലോക ശക്തിയാണെന്നൊരു പറച്ചിലുണ്ട്. വാഗ്ദാനം പാലിക്കുക എന്നത് ലോകത്തിലെ ഏറ്റവും വലിയ ശക്തിയാണെന്നാണ് അത് അർഥമാക്കുന്നത്. ഒരു ജഡ്ജിയാകട്ടെ, രാഷ്ട്രപതിയാകട്ടെ, ഞാനാകട്ടെ, നിങ്ങളാകട്ടെ, നിങ്ങളുടെ വീട്ടിലുള്ള ആരുമാകട്ടെ, വാക്ക് പാലിക്കുക എന്നതാണ് ഏറ്റവും വലിയ ശക്തി, നമ്മളതിനെ മാനിക്കണം​''-എന്നായിരുന്നു ഡി.കെ. ശിവകുമാർ പറഞ്ഞത്.

കസേരയെ കുറിച്ച് ഒരു കാര്യം കൂടി ഡി.കെ. ശിവകുമാർ കൂട്ടിച്ചേർത്തു. തന്റെ ചുറ്റുമുള്ള അനുയായികളോട് ഇരിക്കാൻ ആവശ്യപ്പെട്ടുകൊണ്ട് അദ്ദേഹം പറഞ്ഞു, "എന്റെ പിന്നിൽ നിൽക്കുന്നവർക്ക് ഒരു കസേരയുടെ മൂല്യം അറിയില്ല. അവർക്ക് ലഭിക്കുന്ന ഏതെങ്കിലും കസേരകളിൽ ഇരിക്കുന്നതിന് പകരം അവർ ഒരാവശ്യവുമില്ലാതെ എഴുന്നേറ്റു നിൽക്കുകയാണ്''-എന്നായിരുന്നു ഡി.കെ. ശിവകുമാറിന്റെ പരാമർശം. കൂട്ടച്ചിരിയോടെയാണ് പ്രവർത്തകർ ആളുകൾ ഡി.കെ. പറഞ്ഞതിനെ വരവേറ്റത്.

2023ലാണ് സിദ്ധരാമയ കർണാടക മുഖ്യമന്ത്രിയായി അധികാരമേറ്റത്. അന്ന് സിദ്ധരാമയ്യക്കൊപ്പം തന്നെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഏറെ സാധ്യത കൽപിക്കപ്പെട്ട നേതാവായിരുന്നു ഡി.കെ. ശിവകുമാർ. രണ്ടര വർഷം കഴിഞ്ഞാൽ മുഖ്യമന്ത്രി സ്ഥാനം കൈമാറാ​മെന്ന കരാറുണ്ടാക്കിയാണ് അന്നത്തെ തർക്കം പരിഹരിച്ചതെന്നാണ് ഡി.കെ. ശിവകുമാർ കോൺഗ്രസിനെ ഓർമപ്പെടുത്തിയത്. എന്നാൽ അങ്ങനെയൊരു ധാരണയില്ലെന്നാണ് സിദ്ധരാമയ്യയുടെ വാദം. ഈ സാഹചര്യത്തിലാണ് വാഗ്ദാനം പാലിക്കുന്നതാണ് ഏറ്റവും വലിയ ശക്തിയെന്ന് ഡി.കെ. ശിവകുമാർ പറഞ്ഞിരിക്കുന്നത്.

കർണാടകയിലെ ഇപ്പോഴത്തെ പ്രശ്നം മുതിർന്ന കോൺഗ്രസ്​ നേതാക്കളായ സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും ഇടപെട്ട് പരിഹരിക്കുമെന്നാണ് ​കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ പറയുന്നത്.

ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഹൈക്കമാൻഡിന്റേതാണെന്നും അതോടെ എല്ലാ ആശയക്കുഴപ്പവും അവസാനിക്കുമെന്നുമാണ് സിദ്ധരാമയ്യയുടെ നിലപാട്.

അതേസമയം, താൻ മുഖ്യമന്ത്രി സ്ഥാനത്തിന് അവകാശവാദമുന്നയിച്ചുവെന്ന കാര്യം ഡി.കെ. ശിവകുമാർ പരസ്യമായി തള്ളിയിരുന്നു. ''ഞാൻ ഒരു കാര്യവും ആവശ്യപ്പെട്ടിട്ടില്ല. ഞങ്ങൾ അഞ്ചോ ആറോ പേരടങ്ങുന്നതാണ് നേതൃത്വം. പാർട്ടിയെ ദുർബലപ്പെടുത്തുന്നതും കുഴപ്പത്തിലാക്കുന്നതുമായ ഒരു തീരുമാനത്തിനും ഞാനില്ല. പാർട്ടിക്കും പാർട്ടി പ്രവർത്തകർക്കുമൊപ്പം ഞങ്ങളുണ്ടാകും''-എന്നായിരുന്നു ഡി.കെ. മുമ്പ് പറഞ്ഞത്.

Tags:    
News Summary - Keeping promise a Big Power Move says DK Shivakumar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.