കോൺഗ്രസിലേക്കില്ല, പുതിയ പാർട്ടി രൂപീകരിക്കാനുമില്ല; നയം വ്യക്തമാക്കി കെ. കവിത

ഹൈദരാബാദ്: ബി.ആർ.എസിനെ ബി.ജെ.പിയിൽ ലയിപ്പിക്കാൻ വലിയ ഗൂഢാലോചന നടക്കുന്നതായി തെലങ്കാന മുൻ മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവിന്റെ മകൾ കെ. കവിത. മദ്യനയക്കേസിൽ താൻ ജയിലിൽ കിടന്ന വേളയിലാണ് ഈ ഗൂഢാലോചന തുടങ്ങിയതെന്നും കവിത ആരോപിച്ചു. ബി.ആർ.എസ് നേതാവും പിതാവുമായ ചന്ദ്രശേഖരറാവുവിനെയും തന്നെയും തമ്മിലകറ്റാനും ബി.ആർ.എസിൽ ശ്രമങ്ങൾ നടക്കുന്നതായും അവർ ആരോപണമുയർത്തി. താൻ ജയിലിലായപ്പോഴാണ് ഇതും നടന്നത്.

അതിനിടെ, ബി.ആർ.എസ് വിട്ട് കോൺഗ്രസിൽ ചേരാനൊരുങ്ങുകയാണെന്ന അഭ്യൂഹങ്ങളും കവിത തള്ളി. ബി.ആർ.എസ് വിട്ട് കവിത പുതിയ പാർട്ടി രൂപവത്കരിക്കാനൊരുങ്ങുകയാണെന്നും അഭ്യൂഹങ്ങൾ പരന്നിരുന്നു. പാർട്ടി സിൽവർ ജൂബിലി യോഗത്തിനു പിന്നാലെ കെ.സി.ആറിന് രൂക്ഷമായി വിമർശിച്ച് കവിത എഴുതിയ കത്ത് പുറത്തുവന്നതിന് പിന്നാലെയായിരുന്നു ഈ അഭ്യൂഹം രൂക്ഷമായത്. യോഗത്തിൽ കെ.സി.ആർ ബി.ജെ.പിക്കെതിരെ ഒന്നും മിണ്ടാതിരുന്നതിനെയാണ് കവിത വിമർശിച്ചത്. കെ.സി.ആർ ബി.ജെ.പിയെ കൂടുതൽ ലക്ഷ്യം വെക്കണമെന്നായിരുന്നു കവിത കത്തിൽ സൂചിപ്പിച്ചത്. കത്ത് ചോർന്നതിൽ കവിത അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു.

''ചുരുങ്ങിക്കൊണ്ടിരിക്കുന്ന കപ്പലാണ് കോൺഗ്രസ്. ഞാൻ പുതിയ പാർട്ടി രൂപവത്കരിക്കാനുമില്ല. കെ.സി.ആറിന്റെ നേതൃത്വത്തിൽ ജോലി ചെയ്യാനാണ് എന്നും താൽപര്യപ്പെട്ടത്. അതു തുടരും​. ആരെയും പിന്നിൽ നിന്ന് കുത്തില്ല. എന്റെ പോരാട്ടം എപ്പോഴും മുൻനിരയിൽ നിന്നാണ്''-കവിത വ്യക്തമാക്കി.

തനിക്ക് പാർട്ടിയിൽ പ്രധാനസ്ഥാനം തന്നില്ലെങ്കിൽ പാർട്ടി വിടുമെന്ന് കവിത ഭീഷണിമുഴക്കിയെന്നാണ് അഭ്യൂഹം പരന്നത്. ബി.ആർ.എസ് വർക്കിങ് പ്രസിഡന്റ് സ്ഥാനമാണ് കവിത ആവശ്യപ്പെടുന്നത്. നിലവിൽ ഈ പദവിയിലിരിക്കുന്നത് കവിതയുടെ സഹോദരൻ കെ.ടി. രാമറാവു ആണ്. 

Tags:    
News Summary - KCR's Daughter Kavitha Fires Fresh Salvo

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.