തെലങ്കാനയും കടന്ന് ‘മദയാന’യാകാൻ കെ.സി.ആർ

ഹൈദരാബാദ്: സംസ്ഥാനത്തിനകത്ത് ഒതുങ്ങാതെ ദേശീയതലത്തിലെ സഖ്യത്തിന്റെ പുതിയ ചക്രവാളങ്ങൾ തേടുകയാണ് തെലങ്കാന മുഖ്യമന്ത്രി കെ.സി.ആർ എന്ന കെ. ചന്ദ്രശേഖര റാവു. തെലങ്കാന രാഷ്ട്ര സമിതിയെ ഭാരത് രാഷ്ട്ര സമിതിയായി (ബി.ആർ.എസ്) പുതുനാമകരണം ചെയ്ത ശേഷമുള്ള ആദ്യ പൊതുയോഗമാണ് ഖമ്മത്ത് ബുധനാഴ്ച നടന്നത്. കേരള മുഖ്യമന്ത്രി പിണറായി വിജയൻ, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ, സമാജ്‍വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്, സി.പി.ഐ ജനറൽ സെക്രട്ടറി ഡി. രാജ തുടങ്ങിയ അഖിലേന്ത്യ നേതാക്കളെ അണിനിരത്താനായത് ബി.ജെ.പിക്കെതിരായ വ്യക്തമായ സന്ദേശമാണ്.

ജനതാദൾ എസ് നേതാവ് എച്ച്.ഡി. കുമാരസ്വാമി കർണാടകയിൽ പഞ്ചരത്ന രഥയാത്രയിലായതിനാൽ എത്തിയിരുന്നില്ല. ഖമ്മം ജില്ലയിൽ കാര്യമായ ജനകീയ അടിത്തറയില്ലാത്ത പാർട്ടിയാണ് ബി.ആർ.എസ്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ജയിച്ച കോൺഗ്രസിന്റെ ആറും തെലുഗുദേശം പാർട്ടിയുടെ രണ്ടും അംഗങ്ങൾ ബി.ആർ.എസിലെത്തിയതോടെ നിയമസഭയിൽ ഖമ്മത്തുനിന്നുള്ള അംഗസംഖ്യ സമ്പന്നമാണെന്നുമാത്രം. ഒരുകാലത്ത് ഇടതുപാർട്ടികളുടെ ശക്തിദുർഗമായിരുന്ന ജില്ലയിൽ പിണറായി വിജയനെയും ഡി. രാജയെയും റാലിയിലേക്ക് ക്ഷണിച്ച് പുതിയ കൂട്ടുകെട്ടിന് അടിത്തറയിടുകയാണ് കെ.സി.ആർ എന്ന രാഷ്ട്രീയ ചാണക്യൻ.

ദേശീയ രാഷ്ട്രീയത്തിലെ അറിയപ്പെടുന്ന താരമാകാൻ ഒരുങ്ങുന്ന ചന്ദ്രശേഖര റാവുവിന് ആദ്യലക്ഷ്യം ഈ വർഷം അവസാനം നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പ് തന്നെയാണ്. വീണ്ടും മുഖ്യമന്ത്രിയാവുകയും പിന്നാലെയുള്ള ലോക്സഭ തെരഞ്ഞെടുപ്പിൽ ‘ദേശീയ ഫിഗർ’ ആയി മാറുകയുമാണ് ഉന്നം. ഖമ്മം റാലിയിൽ ബി.ജെ.പിയെ കടന്നാക്രമിച്ചതിനൊപ്പം പല വികസന പദ്ധതികളും പ്രഖ്യാപിച്ചതും ഇതിന്റെ ഭാഗമാണ്.

ലോക്സഭ തെരഞ്ഞെടുപ്പിൽ ‘അബ് കി ബാർ കിസാൻ സർക്കാർ’ (ഇത്തവണ കർഷകരുടെ സർക്കാർ) എന്ന മുദ്രാവാക്യമാകും ചന്ദ്രശേഖര റാവുവും പാർട്ടിയും ഉയർത്തുക. കെ.സി.ആറിന്റെ നേതൃപാടവം ദേശീയതലത്തിൽ ചർച്ചയാക്കാനാണ് പാർട്ടിയുടെ ശ്രമം. 25 ലക്ഷം കുടുംബങ്ങൾക്ക് സാമ്പത്തിക സഹായവും സംസ്ഥാനത്തുടനീളം 24 മണിക്കൂറും മുടങ്ങാതെ വൈദ്യുതി വിതരണവും ഏറെ ശ്രദ്ധ നേടിയിരുന്നു. 

Tags:    
News Summary - KCR-BRS Meeting-National Politics

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.