ഹൈദരാബാദ്: പാർട്ടിയുടെ സിൽവർ ജൂബിലിൽ യോഗത്തിൽ ബി.ജെ.പിക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കാതിരുന്ന പിതാവും പിതാവും തെലങ്കാന മുൻ മുഖ്യമന്ത്രിയുമായ കെ. ചന്ദ്രശേഖരറാവുവിനെ വിമർശിച്ച് കത്തയച്ച് കെ. കവിത.
ഏപ്രിൽ 27ന് വാറംഗലിൽ നടന്ന ഭാരത് രാഷ്ട്ര സമിതി(ബി.ആർ.എസ്) സിൽവർ ജൂബിലി യോഗത്തെ കുറിച്ചുള്ള പ്രതികരണമായിട്ടാണ് തെലുങ്കിലും ഇംഗ്ലീഷിലും എഴുതിയ കത്തിനെ കരുതുന്നത്.
''താങ്കൾ യോഗത്തിൽ വെറും രണ്ട് മിനിറ്റ് മാത്രമാണ് സംസാരിച്ചത്. അതോടെ, ഭാവിയിൽ ബി.െജ.പിയും-ബി.ആർ.എസും തമ്മിൽ ധാരണയുണ്ടാക്കാൻ പോവുകയാണെന്നാണ് പലയാളുകളും സംശയിക്കാൻ തുടങ്ങി. ബി.ജെ.പിക്കെതിരെ താങ്കൾ കൂടുതൽ ശക്തമായി സംസാരിക്കണമായിരുന്നുവെന്നാണ് വ്യക്തിപരമായി എന്റെ അഭിപ്രായം. ബി.ജെ.പി കാരണം ഞാൻ അനുഭവിച്ച കഷ്‍ടപ്പാടുകൾ കൊണ്ടായിരിക്കാം അത്. പക്ഷേ അച്ഛാ, ബി.ജെ.പിയെ താങ്കൾ കൂടുതലായി ലക്ഷ്യം വെക്കണമായിരുന്നു.''-എന്നാണ് കവിത കത്തിൽ പറയുന്നത്.
വഖഫ് ഭേദഗതി നിയമം, സംവരണം ഉൾപ്പെടെയുള്ള വിഷയങ്ങിൽ കെ.സി.ആർ മൗനം പാലിച്ചത് പ്രവർത്തകരെ നിരാശയിലാക്കിയെന്നും കവിത കത്തിൽ ചൂണ്ടിക്കാട്ടി.
അതേസമയം, ഓപറേഷൻ കാഗർ' എന്ന വിഷയത്തിൽ കെ.സി.ആറിന്‍റെ ശക്തമായ നിലപാടിനെ അംഗീകരിക്കുകയും പഹൽഗാം ഭീകരാക്രമണത്തിലെ ഇരകൾക്കായി ഒരു നിമിഷം മൗനമാചരിച്ചതിനെ കത്തിൽ അഭിനന്ദിക്കുകയും ചെയ്തു. രജത ജൂബിലി യോഗത്തിന്റെ മൊത്തത്തിലുള്ള വിജയത്തിന് പിതാവിനെ അഭിനന്ദിച്ചുകൊണ്ടാണ് അവർ കത്ത് അവസാനിപ്പിച്ചത്. മകന്റെ ബിരുദദാന ചടങ്ങുമായി ബന്ധപ്പെട്ട് നിലവിൽ യു.എസിലാണ് കവിത.
എന്നാൽ കത്തിനെക്കുറിച്ച് കവിതയുടെ ഓഫിസോ കെ.സി.ആറിന്‍റെ ഓഫിസോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. കത്ത് സമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കാൻ തുടങ്ങിയിട്ട് മണിക്കൂറുകൾ കഴിഞ്ഞിട്ടും ബി.ആർ.എസും പ്രതികരിച്ചിട്ടില്ല.
നിലവിലെ കോൺഗ്രസ് സർക്കാരിന് പൊതുജന പിന്തുണ നഷ്ടപ്പെട്ടുവെന്ന് അവകാശപ്പെട്ടുകൊണ്ട്, താഴെത്തട്ടിലുള്ള ചില ബി.ആർ.എസ് അംഗങ്ങൾ ബി.ജെ.പിയെ ഒരു പ്രായോഗിക ബദലായി കാണാൻ തുടങ്ങിയിട്ടുണ്ടെന്നും കത്തിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.