മുംബൈ/ചെന്നൈ: കഠ്വ, ഉന്നാവ് സംഭവങ്ങളിൽ രാജ്യത്തിെൻറ സാമ്പത്തികതലസ്ഥാനത്തും പ്രതിഷേധമിരമ്പി. സമൂഹ മാധ്യമങ്ങൾ വഴി സദ്ഭവന സംഘടന വെള്ളിയാഴ്ച ആസാദ് മൈതാനിൽ സംഘടിപ്പിച്ച പ്രതിഷേധകൂട്ടായ്മയിൽ നിരവധി പേരാണ് പെങ്കടുത്തത്. കോൺഗ്രസ്, ആം ആദ്മി പാർട്ടി, സി.പി.െഎ, സി.പി.എം തുടങ്ങിയ വിവിധ രാഷ്ട്രീയ, മത, സന്നദ്ധ സംഘടനകളും വിദ്യാർഥികളും അണിനിരന്നു.
സമീപകാല രാഷ്ട്രീയമാറ്റത്തോടെ സാമൂഹിക വിഷയങ്ങളിൽ പ്രതികരിക്കുന്നതിൽ നിന്ന് വിട്ടുനിന്ന ബോളിവുഡ് രൂക്ഷവിമർശനവും പ്രതിഷേധവുമായി രംഗത്തുവന്നതാണ് മറ്റൊരു പ്രത്യേകത. വ്യാജ ഹിന്ദുത്വ, ദേശീയവാദികളെ കൊണ്ട് നാണം കെട്ടുവെന്നാണ് നടി സോനം കപൂർ ട്വിറ്ററിൽ പ്രതികരിച്ചത്.
ഒരമ്മ എന്ന നിലയിൽ തെൻറ ഹൃദയം തകർന്നുവെന്നും സ്ത്രീയെന്ന നിലയിൽ രോഷാകുലയാണെന്നും ഇന്ത്യക്കാരിയെന്ന നിലയിൽ ലജ്ജിക്കുന്നുവെന്നും ട്വിങ്കിൾ ഖന്ന കുറിച്ചു. ‘കൊടും പൈശാചികത നിഷ്കളങ്കയായ കുഞ്ഞിനെ തകർത്തു. എന്താണ് നടക്കുന്നത്. അവർക്ക് കടുത്ത ശിക്ഷ തന്നെ നൽകണം’ -അനുഷ്ക ശർമ കുറിച്ചു. ആ കുഞ്ഞിന് നീതി ലഭ്യമാക്കാൻ പോരാടണം. ഇന്ത്യയുടെ പുത്രിക്ക് നീതി ലഭ്യമാകുന്നതിൽ അന്തിച്ചു നിന്നുകൂടാ -നടൻ വരുൺ ധവാൻ പ്രതികരിച്ചു.
സമൂഹമെന്ന നിലയിൽ നമ്മൾ പരാജയപ്പെട്ടെന്നും അവളുടെ നിഷ്കളങ്ക മുഖം വിട്ടുപോകുന്നില്ലെന്നും അക്ഷയ് കുമാർ കുറിച്ചു. ഭീകരതക്കും അപ്പുറമാണ് നടന്നത്. തലക്ക് വെളിവുള്ളവർ എങ്ങനെയാണ് ഇൗ ക്രൂരന്മാർക്കായി വാദിക്കുകയെന്നാണ് നടൻ രാജ്കുമാർ റാവുവിെൻറ ചോദ്യം. മത, രാഷ്ട്രീയ വൈരത്തിന് ഇനിയെത്ര കുഞ്ഞുങ്ങളെ കുരുതികൊടുക്കേണ്ടിവരുമെന്നാണ് പ്രിയങ്ക ചോപ്രയുടെ ചോദ്യം.
കമൽ ഹാസെൻറ ‘മക്കൾ നീതി മയ്യം‘ നടുക്കവും ദുഃഖവും രേഖപ്പെടുത്തി. ഉപമുഖ്യമന്ത്രി ഒ. പന്നീർശെൽവം കുറ്റവാളികൾക്ക് കടുത്ത ശിക്ഷ നൽകണെമന്ന് ആവശ്യപ്പെട്ടു. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ് കടുത്ത ഭാഷയിൽ അപലപിച്ചു.
പെൺകുട്ടിയുടെ കുടുംബത്തിന് സംരക്ഷണം നൽകുമെന്ന് ഡി.ജി.പി
ശ്രീനഗർ: കഠ്വയിൽ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തിന് സംരക്ഷണം നൽകുമെന്ന് ജമ്മു-കശ്മീർ ഡി.ജി.പി എസ്.പി. വെയ്ദ്. കുടുംബാംഗങ്ങൾ അടക്കം സംഭവത്തിലെ സാക്ഷികൾക്കെതിരെ ഭീഷണിയുയർന്ന സാഹചര്യത്തിലാണ് ഡി.ജി.പിയുടെ വിശദീകരണം. ക്രൈംബ്രാഞ്ച് അന്വേഷണം തൃപ്തികരമാണെന്ന്, അന്വേഷണം സി.ബി.െഎക്ക് വിടണമെന്ന ആവശ്യത്തെക്കുറിച്ച് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു. കുറ്റവാളികളായ പൊലീസുകാർക്കെതിരെയും നടപടിയെടുത്തിട്ടുണ്ട്. തെളിവ് കൃത്യമായി ശേഖരിച്ചും ശാസ്ത്രീയമാർഗങ്ങൾ ഉപയോഗിച്ചുമാണ് അന്വേഷണം പുരോഗമിക്കുന്നത്. പ്രതികൾക്ക് പിന്തുണയുമായി റാലി നടത്തിയ രണ്ട് സംസ്ഥാന മന്ത്രിമാർക്കെതിരെ നടപടിയെടുക്കുമോ എന്ന ചോദ്യത്തിന് ഡി.ജി.പി മറുപടി പറഞ്ഞില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.