ജോസഫ് വിജയ്

കരൂർ ദുരന്തം: മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് സർക്കാർ ജോലി പ്രഖ്യാപിച്ച് മുഖ്യമന്ത്രി വിജയ്

ചെന്നൈ: കരൂർ ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് സർക്കാർ ജോലി നൽകുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ് പ്രഖ്യാപിച്ചു. അപകടത്തിൽ മരിച്ച 41 പേരുടെയും കുടുംബങ്ങളിലെ ഒരാൾക്ക് വീതം യോഗ്യതയ്ക്കനുസരിച്ച് സർക്കാർ ജോലി നൽകാനാണ് സംസ്ഥാന മന്ത്രിസഭ തീരുമാനിച്ചിരിക്കുന്നത്. ഈ മാസം 10-ന് കരൂർ സന്ദർശിക്കുന്ന മുഖ്യമന്ത്രി വിജയ് ഇരകളുടെ കുടുംബങ്ങൾക്ക് നിയമന ഉത്തരവുകൾ നേരിട്ട് കൈമാറും.

തമിഴ്‌നാട് മുഖ്യമന്ത്രിയായി അധികാരമേറ്റ ശേഷമുള്ള വിജയ്‌യുടെ ആദ്യ കരൂർ സന്ദർശനമാണിത് എന്ന പ്രത്യേകതയുമുണ്ട്. 2025 സെപ്റ്റംബർ 27-നാണ് തമിഴക വെട്രി കഴകം (ടി.വി.കെ) കരൂരിൽ സംഘടിപ്പിച്ച വൻ തെരഞ്ഞെടുപ്പ് റാലിക്കിടെ ദാരുണമായ ദുരന്തം സംഭവിച്ചത്. ലക്ഷക്കണക്കിന് ആളുകൾ പങ്കെടുത്ത റാലിയിൽ ഉണ്ടായ അനിയന്ത്രിതമായ തിക്കിലും തിരക്കിലും പെട്ടാണ് 41 പേർക്ക് ജീവൻ നഷ്ടമായത്.

അപകടം നടന്നതിന് പിന്നാലെ മഹാബലിപുരത്തെ സ്വകാര്യ റിസോർട്ടിൽ വെച്ച് ഇരകളുടെ കുടുംബങ്ങളെ വിജയ് സന്ദർശിക്കുകയും ആവശ്യമായ എല്ലാ സഹായങ്ങളും ഉറപ്പുനൽകുകയും ചെയ്തിരുന്നു. അന്ന് നൽകിയ വാഗ്ദാനം യാഥാർത്ഥ്യമാക്കിക്കൊണ്ടാണ് ഇപ്പോൾ സംസ്ഥാന സർക്കാർ ഔദ്യോഗികമായി ജോലി നൽകാൻ തീരുമാനിച്ചിരിക്കുന്നത്.

അതേസമയം, മുഖ്യമന്ത്രി വിജയ്‌യുടെ കരൂർ സന്ദർശനത്തോട് അനുബന്ധിച്ച് തമിഴ്‌നാട്ടിൽ ഭരണപക്ഷവും പ്രതിപക്ഷവും തമ്മിലുള്ള രാഷ്ട്രീയ വാക്പോര് കനക്കുകയാണ്. റാലിയിൽ ഉണ്ടായ വൻ ദുരന്തത്തിന് കാരണം അന്നത്തെ ഡി.എം.കെ സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ സുരക്ഷാ വീഴ്ചകളാണെന്ന് ടി.വി.കെ ആരോപിക്കുമ്പോൾ, ദുരന്തത്തെ തുടർന്നുണ്ടായ ജനവികാരങ്ങളെ രാഷ്ട്രീയ നേട്ടങ്ങൾക്കായി ഉപയോഗിക്കാനാണ് വിജയ് സർക്കാർ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ കക്ഷിയായ ഡി.എം.കെ കുറ്റപ്പെടുത്തി. വലിയ രാഷ്ട്രീയ പ്രാധാന്യത്തോടെയാണ് തമിഴകം ഈ സന്ദർശനത്തെയും പ്രഖ്യാപനത്തെയും ഉറ്റുനോക്കുന്നത്.

Tags:    
News Summary - Karur tragedy: Chief Minister Vijay announces government jobs for family members of those killed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.