കരൂർ: തമിഴ്നാട് കരൂരിൽ പ്രചാരണ റാലിക്കിടെ ഉണ്ടായ ദുരന്തത്തിൽ 40 പേർക്ക് ജീവൻ നഷ്ടമായതിന് പിന്നാലെ തമിഴക വെട്രികഴകം ജനറൽ സെക്രട്ടറി പുസി ആനന്ദ്, ജോയന്റ് ജനറൽ സെക്രട്ടറി സി.ടി. നിർമൽ കുമാർ എന്നിവരുൾപ്പെടെ നാലുപേർക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. അപകടത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു. ഇതിൽ ഒമ്പത് കുട്ടികളും 17 സ്ത്രീകളും 14 പുരുഷന്മാരും ഉൾപ്പെടും.
പ്രചാരണ പരിപാടി നടത്തുന്നതിന് പൊലീസ് അനുമതി ആവശ്യപ്പെട്ട് അപേക്ഷ നൽകിയ കരൂർ വെസ്റ്റ് ജില്ല സെക്രട്ടറി വി.പി. മതിയഴകനാണ് ഒന്നാം പ്രതി. മനഃപൂർവമല്ലാത്ത നരഹത്യ, മനുഷ്യജീവന് ഭീഷണിയാകുന്ന തരത്തിലുള്ള അശ്രദ്ധ, പൊലീസ് ഉത്തരവ് അനുസരിക്കാതിരിക്കൽ, പൊതു സ്വത്തിന് നാശനഷ്ടം എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. വിജയ്ക്കെതിരെ കേസെടുത്തിട്ടില്ല. ടി.വി.കെ അധ്യക്ഷൻ വിജയ്യെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.
കരൂരിലെ വിവിധ ആശുപത്രികളിലായി 117 പേരാണ് ചികിത്സയിൽ കഴിയുന്നത്. ചിലരുടെ നില ഗുരുതരമാണ്. മരിച്ച 40 പേരിൽ 33 പേർ കരൂർ ജില്ലയിൽ നിന്നുള്ളവരാണ്. ആറുവയസ്സ് മുതൽ 12 വയസ്സ് വരെയുള്ള കുട്ടികളാണ് മരിച്ചത്.
ആദരസൂചകമായി തമിഴ്നാട് സർക്കാറിന്റെ ഔദ്യോഗിക പരിപാടികൾ റദ്ദാക്കി. വിജയ് ക്കെതിരെ പരിക്കേറ്റയാൾ നൽകിയ ഹരജി ഹൈകോടതി ഞായറാഴ്ച പരിഗണിച്ചില്ല. അന്വേഷിക്കുന്നതിന് സി.ബി.ഐയെയോ പ്രത്യേകാന്വേഷണ സംഘത്തെയോ (എസ്.ഐ.ടി) നിയോഗിക്കണമെന്നാവശ്യപ്പെട്ട് മദ്രാസ് ഹൈകോടതി ജഡ്ജി ദണ്ഡപാണിയുടെ വസതിയിലെത്തി ടി.വി.കെ ഭാരവാഹികളും അഭിഭാഷകരും ഹരജി സമർപ്പിച്ചു.
ദുരന്തഭൂമിയായ കരൂരിലെ വേലുച്ചാമിപുരം നിലവിൽ യുദ്ധക്കളത്തിന്റെ പ്രതീതിയിലാണുള്ളത്. റോഡിൽ ജനങ്ങളുടെ ഉപേക്ഷിക്കപ്പെട്ട ചെരിപ്പുകളും പതാകകളും ഷാളുകളും വെള്ളക്കുപ്പികളും മറ്റും ചിതറിക്കിടക്കുന്നു. റോഡിനിരുവശവുമുള്ള മിക്ക കെട്ടിടങ്ങളുടെ മുൻഭാഗവും ഭാഗികമായി തകർന്ന നിലയിലാണ്. പ്രചാരണ യോഗം നടത്തുന്നതിന് കരൂരിലെ ലൈറ്റ് ഹൗസ് റൗണ്ടാനയും ഉഴവർ ചന്തയും വിട്ടുകിട്ടണമെന്നാണ് ടി.വി.കെ ഭാരവാഹികൾ ആദ്യം ആവശ്യപ്പെട്ടതെന്നും ഈ സ്ഥലങ്ങൾ വേലുച്ചാമിപുരത്തേക്കാൾ ഇടുങ്ങിയതാണെന്നും ക്രമസമാധാന ചുമതലയുള്ള ഡി.ജി.പി വെങ്കട്ടരാമൻ അറിയിച്ചു. പതിനായിരം പേരെത്തുമെന്നാണ് ഭാരവാഹികൾ പറഞ്ഞതെങ്കിലും 27,000 പേരാണ് വന്നത്. മണിക്കൂറുകൾ വൈകി വിജയ് എത്തിയതും അപകടത്തിന് കാരണമായെന്ന് ഡി.ജി.പി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.