സീതാപൂർ (യു.പി): മതപരിവർത്തനമാരോപിച്ച് യു.പിയിൽ നാല് മലയാളികൾ അറസ്റ്റിൽ. സുരേഷ് ചന്ദ്ര, കമലേഷ് കുമാർ, ശ്രാവൺ കുമാർ, അരുൺ അഷുദാസൻ എന്നിവരെയാണ് അറസ്റ്റ് ചെയ്തതെന്ന് അഡീഷനൽ പൊലീസ് സൂപ്രണ്ട് ദുർഗേഷ് സിങ് പറഞ്ഞു.
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരെയും പട്ടികജാതി വിഭാഗത്തിൽപ്പെട്ടവരെയും മതപരിവർത്തനത്തിനായി വശീകരിച്ചു എന്നാരോപിച്ചാണ് അറസ്റ്റ്. മതം മാറ്റുന്ന റാക്കറ്റിൽപ്പെട്ടവരാണ് പിടിയിലായതെന്നും പൊലീസ് ആരോപിച്ചു. സെൻട്രൽ യു.പി മിഷൻ നെറ്റ്വർക്ക് എന്നാണ് ഈ റാക്കറ്റിന്റെ പേരെന്നും പൊലീസ് പറഞ്ഞു.
തിങ്കളാഴ്ച മിസ്രിഖ് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് ഇവർ പിടിയിലായത്. സെൻട്രൽ യു.പി മിഷനുമായി ബന്ധപ്പെട്ടിരുന്നുവെന്നും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കും വിദ്യാഭ്യാസമില്ലാത്തവർക്കും ഇടയിൽ മതപരമായ പുസ്തകങ്ങൾ വിതരണം ചെയ്യാൻ വിവിധ പ്രദേശങ്ങൾ സന്ദർശിക്കാറുണ്ടായിരുന്നുവെന്നും അറസ്റ്റിലായവർ പറഞ്ഞതായി എ.എസ്.പി ദുർഗേഷ് സിങ് പറഞ്ഞു.
വിവിധ സ്ഥലങ്ങളിൽ പതിവായി പ്രാർഥനാ യോഗങ്ങൾ സംഘടിപ്പിച്ചിരുന്നുവെന്നും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ വഴി ആളുകളുമായി സമ്പർക്കം പുലർത്തിയിരുന്നുവെന്നുമാണ് പൊലീസ് പറയുന്നത്.
529 മതഗ്രന്ഥങ്ങൾ, 151 ലഘുലേഖകൾ, നാല് ഫോണുകൾ എന്നിവ കണ്ടെടുത്തു. ബി.എൻ.എസിലെയും 2021ലെ ഉത്തർപ്രദേശ് നിയമവിരുദ്ധ മതപരിവർത്തന നിരോധന നിയമത്തിലെയും വകുപ്പുകൾ ചേർത്താണ് കേസ്. സംഘടനയുമായി ബന്ധമുള്ള മറ്റ് വ്യക്തികളെയും സംശയാസ്പദമായ സാമ്പത്തിക ഇടപാടുകളെയും കുറിച്ച് വിശദമായി അന്വേഷിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.