കർണാടകയിലെ മതംമാറ്റ നിരോധന നിയമം: ന്യൂനപക്ഷങ്ങളുടെ തലക്കുമുകളിലെ വാൾ

ബംഗളൂരു: കർണാടകയിൽ മുൻ ബി.ജെ.പി സർക്കാർ കൊണ്ടുവന്ന മതപരിവർത്തന നിരോധന നിയമം അക്ഷരാർഥത്തിൽ ന്യൂനപക്ഷ സമൂഹങ്ങളുടെ തലക്കുമുകളിലെ വാളായിരുന്നു. ക്രൈസ്തവർക്കും മുസ്‍ലിംകൾക്കും നേരെയാണ് നിയമം വ്യാപകമായി ദുരുപയോഗിച്ചത്. 2022 സെപ്റ്റംബർ 30നാണ് നിയമം പ്രാബല്യത്തിൽ വന്നത്. ഏത് തരത്തിലുള്ള മതം മാറ്റവും ഇതിന്റെ പരിധിയിൽ വരുത്തുന്ന തരത്തിലുള്ളതാണ് വ്യവസ്ഥകൾ.

സാധാരണ രീതിയിലുള്ള പ്രണയവും അതേതുടർന്നുള്ള വിവാഹങ്ങളുമടക്കം പൊലീസ് നിയമത്തിന്റെ കീഴിലാക്കി കേസുകൾ രജിസ്റ്റർ ചെയ്തു. നിയമപ്രകാരം ആദ്യം അറസ്റ്റിലായത് യശ്വന്ത്പുർ ബി.കെ. നഗർ സ്വദേശിയായ സെയ്ദ് മോയിൻ (24) ആയിരുന്നു. തന്‍റെ മകളെ വിവാഹം കഴിക്കാമെന്ന് പറഞ്ഞ് മതംമാറ്റിയെന്ന 19കാരിയുടെ മാതാവിന്റെ പരാതിയിലായിരുന്നു ഇത്. സംഘ്പരിവാർ നേതാക്കളായിരുന്നു പലപ്പോഴും പരാതിക്കാർ. ഇതോടെ നിജഃസ്ഥിതി പോലും അന്വേഷിക്കാതെ നിരപരാധികൾക്കെതിരെ പൊലീസ് നിയമത്തിന്റെ വാളോങ്ങി.

മതംമാറ്റത്തിന് പ്രേരിപ്പിക്കുന്നുവെന്ന് പറഞ്ഞ് ക്രിസ്ത്യൻ പുരോഹിതർക്കുനേരെയും നിയമം വ്യാപകമായി പ്രയോഗിച്ചിരുന്നു. അടുത്തിടെ ലഘുലേഖ വിതരണം ചെയ്ത സംഭവങ്ങളിൽപോലും നിയമത്തിലെ കടുത്ത വകുപ്പുകൾ ചുമത്തിയിരുന്നു. മാണ്ഡ്യ കെ.എം. ദൊഡ്ഡിയിലെ ക്രിസ്ത്യൻ പള്ളിക്ക് സമീപത്തെ ഭാരതി കോളജ് പരിസരത്ത് ലഘുലേഖകൾ വിതരണം ചെയ്ത അഞ്ചുപേരെയാണ് ഈയടുത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. ക്രിസ്ത്യൻ ആശയങ്ങൾ അടങ്ങിയ ലഘുലേഖകൾ വിതരണം ചെയ്തെന്ന് ആരോപിച്ച് ഇവർക്കെതിരെ മതംമാറ്റ നിരോധന നിയമത്തിലെ വകുപ്പുകൾ ചാർത്തി. നിയമം ക്രിസ്ത്യാനികൾക്ക് നേരെയാണ് പ്രയോഗിക്കുന്നതെന്നും മതസൗഹാർദത്തിന് ഭീഷണിയാണെന്നും ബംഗളൂരു ആർച്ച് ബിഷപ് പീറ്റർ മച്ചാഡോ പറഞ്ഞിരുന്നു. ചർച്ചിന്‍റെ നേതൃത്വത്തിൽ നടക്കുന്ന സാമൂഹിക-വിദ്യാഭ്യാസ പ്രവർത്തനങ്ങളെയാണ് നിയമം ലക്ഷ്യം വെക്കുന്നതെന്നായിരുന്നു ക്രിസ്ത്യൻ നേതാക്കളുടെ പ്രതികരണം.

Tags:    
News Summary - Karnataka's Prohibition of Conversion Act: Minority's Overhead

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.