ബംഗളൂരു: കേരളത്തിലെ കോവിഡ് വ്യാപനത്തെ തുടർന്ന് കർണാടകയിൽനിന്ന് പൊതുജനങ്ങൾ അത്യാവശ്യത്തിനല്ലാതെ കേരളത്തിലേക്ക് പോകുന്നതും തിരിച്ചുവരുന്നതും ഒക്ടോബർ അവസാനംവരെ ഒഴിവാക്കണമെന്ന് നിർദേശം. കർണാടകയിൽ മൂന്നാം ഘട്ട േകാവിഡ് വ്യാപനം ഒഴിവാക്കുന്നതിനായാണ് ഇത്തരമൊരു നിർദേശമെന്നാണ് ആരോഗ്യവകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി ജാവേദ് അക്തർ പുറത്തിറക്കിയ മാർഗനിർദേശത്തിൽ പറയുന്നത്.
അടിയന്തര സാഹചര്യത്തിൽ അല്ലാതെ പൊതുജനങ്ങൾ കർണാടകത്തിൽനിന്നും കേരളത്തിലേക്കും തിരിച്ചുമുള്ള യാത്രകൾ ഒക്ടോബർ അവസാനം വരെ പരമാവധി ഒഴിവാക്കാനാണ് നിർദേശം. കേരളത്തിൽനിന്ന് ഇനിയും മടങ്ങി എത്താനുള്ള വിദ്യാർഥികളും വിവിധ കമ്പനികളിലെ ജീവനക്കാരും കർണാടകയിലേക്ക് തിരിച്ചുവരാനുള്ള യാത്ര ഒക്ടോബർ അവസാനം വരെ നീട്ടിവെക്കണമെന്നും നിർദേശമുണ്ട്.
അതുപോലെ വിദ്യാർഥികളും വിവിധ കമ്പനികളിലെയും സ്ഥാപനങ്ങളിലെയും ജീവനക്കാരും ഒക്ടോബർ അവസാനം വരെ കേരളത്തിലേക്ക് പോകുന്നതും ഒഴിവാക്കണം. ആർ.ടി.പി.സി.ആർ നെഗറ്റിവ് സർട്ടിഫിക്കറ്റുമായി കേരളത്തിൽനിന്ന് വരുന്ന ജീവനക്കാർക്കും വിദ്യാർഥികൾക്കും പിന്നീട് കോവിഡ് സ്ഥിരീകരിക്കുകയാണെന്നും ഉഡുപ്പിയിലും ദക്ഷിണ കന്നടയിലും ഇത്തരം കേസുകൾ കൂടുതലാണെന്നുമാണ് വിശദീകരണം. പ്രധാനമായും കോളജ് വിദ്യാർഥികളിലെ കോവിഡ് വ്യാപനം മുൻനിർത്തിയാണ് ഇത്തരമൊരു നിർദേശം സർക്കാർ പുറത്തിറക്കിയതെന്നാണ് വിവരം. ബംഗളൂരുവിലും കോലാറിലുമായി നിരവധി മലയാളി നഴ്സിങ് വിദ്യാർഥികൾക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.