ബംഗളൂരു: മനുഷ്യന്റെ ആരോഗ്യത്തിന് ഹാനികരമായ വിഷച്ചെടിയായ ഉമ്മത്തിന്റെ (Datura) പഴങ്ങളും വിത്തുകളും ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ വഴി വിൽപന നടത്തിയതിനെ തുടർന്ന് കർണാടക ഫുഡ് സേഫ്റ്റി ആൻഡ് ഡ്രഗ്സ് അഡ്മിനിസ്ട്രേഷൻ വകുപ്പ് കർശന നടപടി സ്വീകരിച്ചു. ആമസോൺ, ഇൻസ്റ്റമാർട്ട്, ബിഗ്ബാസ്കറ്റ് എന്നീ പ്രമുഖ ഇ-കൊമേഴ്‌സ്, ക്വിക്ക് കൊമേഴ്‌സ് കമ്പനികളുടെ ഫുഡ് ലൈസൻസുകളാണ് താൽക്കാലികമായി സസ്പെൻഡ് ചെയ്തത്.
ഉമ്മത്തിന്റെ ഉൽപന്നങ്ങളുടെ ഓൺലൈൻ വിൽപനയെയും ലിസ്റ്റിങ്ങുകളെയും കുറിച്ച് അതോറിറ്റി നേരത്തെ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഈ ഉൽപന്നങ്ങൾ വിൽക്കുന്നതിനെതിരെ ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടി.
പരിശോധനയിൽ, ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്ന വിഷാംശമുള്ള ഉമ്മത്ത് പഴങ്ങളും വിത്തുകളും എഫ്.എസ്.എസ്.ഐ ലൈസൻസോ രജിസ്ട്രേഷൻ നമ്പറോ സഹിതം ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിൽ വിൽപനക്ക് വെച്ചിരിക്കുന്നതായി കണ്ടെത്തി. വെയർഹൗസുകളിൽ സൂക്ഷിച്ച നിലയിലും ഓൺലൈൻ വഴി വിതരണം ചെയ്യുന്ന നിലയിലുമാണ് ഇവ കണ്ടെത്തിയത്.
സംഭവത്തിൽ ആമസോൺ യാതൊരു വിശദീകരണവും ഇതുവരെ നൽകിയിട്ടില്ല. തങ്ങൾ സ്വീകരിച്ച നടപടികൾ സംബന്ധിച്ച രേഖകൾ സമർപ്പിക്കാൻ ഇൻസ്റ്റമാർട്ട് കൂടുതൽ സമയം തേടി. ഉമ്മത്ത് പഴങ്ങളുടെ ഓൺലൈൻ വിൽപന നിർത്തിവെച്ചതായും ഭാവിയിൽ ‘മനുഷ്യ ഉപഭോഗത്തിന് ഉള്ളതല്ല’ എന്ന് വ്യക്തമാക്കുന്ന ലേബലിങ് തിരുത്തലുകൾ വരുത്തുമെന്നും ബിഗ്ബാസ്കറ്റ് മറുപടി നൽകി.
എന്നാൽ, കമ്പനികളുടെ വിശദീകരണങ്ങൾ തൃപ്തികരമല്ലെന്ന് റെഗുലേറ്റർ വ്യക്തമാക്കി. ഇത്തരം ഉൽപന്നങ്ങൾ ഭക്ഷണമായി സൂക്ഷിക്കുകയോ വിൽക്കുകയോ വിതരണം ചെയ്യുകയോ ചെയ്യുന്നത് അനുവദനീയമല്ലെന്ന് അധികൃതർ വ്യക്തമാക്കി.
അടുത്ത ഉത്തരവ് ഉണ്ടാകുന്നതുവരെ മൂന്ന് കമ്പനികളുടെയും ഫുഡ് ലൈസൻസുകൾ താൽക്കാലികമായി സസ്പെൻഡ് ചെയ്തു. കൃത്യമായ മറുപടി നൽകി വിശദമായ വാദം കേട്ടശേഷമേ സസ്പെൻഷൻ പിൻവലിക്കുന്ന കാര്യം പരിഗണിക്കുകയുള്ളൂ.
ഈ ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾക്ക് ഉൽപന്നങ്ങൾ നൽകുന്ന വിതരണക്കാരുടെയും വിൽപനക്കാരുടെയും ലൈസൻസുകളും രജിസ്ട്രേഷനുകളും അടിയന്തര പ്രാബല്യത്തോടെ സസ്പെൻഡ് ചെയ്യാൻ ഉത്തരവിട്ടിട്ടുണ്ട്.
ഭക്ഷണമായോ മനുഷ്യഉപയോഗത്തിനായോ ഉമ്മത്ത് പഴങ്ങളോ വിത്തുകളോ വിൽപനക്ക് വെച്ചിരിക്കുന്ന എല്ലാ ഓൺലൈൻ ലിസ്റ്റിങുകളും പരസ്യങ്ങളും ഉടൻ നീക്കം ചെയ്യാനോ തടയാനോ ബന്ധപ്പെട്ട ഫുഡ് ബിസിനസ് ഓപ്പറേറ്റർമാരോട് അധികൃതർ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.