ബംഗളൂരു: കർണാടകയിൽ എസ്.ഡി.പി.ഐയെയും പോപുലർ ഫ്രണ്ടിനെയും നിരോധിക്കാനുള്ള നീക്കവുമായി ബി.ജെ.പി സർക്കാർ. പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധവുമായി ബന്ധപ്പെട്ട് മംഗളൂരുവിൽ നടന്ന സംഘർഷങ്ങളിൽ ഈ രണ്ടു സംഘടനകൾക്കും ബന്ധമുണ്ടെന്ന പൊലീസ് റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലാണ് നടപടികളുമായി മുന്നോട്ടുപോകുന്നതെന്നാണ് ബി.െജ.പി കർണാടക അധ്യക്ഷൻ നളിൻകുമാർ കട്ടീലും മന്ത്രിമാരും കഴിഞ്ഞദിവസങ്ങളിലായി പ്രഖ്യാപിച്ചത്.
പരിഷ്കൃതമായ സമൂഹത്തിൽ ഉണ്ടാകാൻ പാടില്ലാത്ത സംഘടനകളാണ് പോപുലർ ഫ്രണ്ടും എസ്.ഡി.പി.ഐയുമെന്നും അതിനാൽ സംഘടനയെ നിരോധിക്കാനുള്ള തീരുമാനവുമായി മുന്നോട്ടുപോകുമെന്നും വിദ്യാഭ്യാസ മന്ത്രി എസ്. സുരേഷ് കുമാർ പറഞ്ഞു.
സംഘർഷത്തിന് തിരികൊളുത്തി സമൂഹത്തിൽ സമാധാനം കെടുത്തുന്ന രണ്ടു സംഘടനകളാണ് എസ്.ഡി.പി.ഐയും പോപുലർ ഫ്രണ്ടും. സാമൂഹികവിരുദ്ധമായ കാര്യങ്ങളാണ് അവർ ചെയ്യുന്നത്. അതിനാൽ, ഇരു സംഘടനകളെയും നിരോധിക്കുന്നത് മന്ത്രിസഭയിൽ ചർച്ചചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
സമൂഹത്തിൽ സുരക്ഷാ പ്രശ്നമുണ്ടാക്കി സംസ്ഥാന സർക്കാറിനെ താഴെയിറക്കാൻ കോൺഗ്രസിെനാപ്പം എസ്.ഡി.പി.ഐയും പോപുലർ ഫ്രണ്ടും ചേർന്നിരിക്കുകയാണെന്നായിരുന്നു ടൂറിസം മന്ത്രി സി.ടി. രവിയുടെ പ്രതികരണം. കശ്മീരിലേതിനു സമാനമായ അക്രമമാണ് മംഗളൂരുവിൽ പൊലീസിനു നേരെയുണ്ടായതെന്നും ഇതിനുപിന്നിൽ എസ്.ഡി.പി.ഐയാണെന്നും, ഇവരെ നിരോധിക്കുന്ന കാര്യം സജീവമായി പരിഗണിക്കുമെന്നുമായിരുന്നു ബി.ജെ.പി കർണാടക അധ്യക്ഷൻ നളിൻ കുമാർ കട്ടീൽ നേരത്തേ വ്യക്തമാക്കിയത്.
മൈസൂരു, മംഗളൂരു മേഖലയിൽ എസ്.ഡി.പി.ഐക്ക് കാര്യമായ സ്വാധീനമുണ്ട്. അതിനാൽതന്നെ, നിരോധന നടപടിയുമായി സർക്കാർ മുന്നോട്ടുപോയാൽ ശക്തമായ പ്രതിഷേധത്തിനും ഇടയാക്കിയേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.