ബംഗളൂരു: കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഈ ആഴ്ച രാജിവെച്ചേക്കുമെന്നും ഡി.കെ. ശിവകുമാറിനെ മുഖ്യമന്ത്രിയാക്കാൻ കോൺഗ്രസ് ഹൈക്കമാൻഡിൽ ധാരണയായതായും റിപ്പോർട്ട്. സിദ്ധരാമയ്യക്ക് രാജ്യസഭാ സീറ്റും ദൽഹി കേന്ദ്രീകരിച്ച് ദേശീയ തലത്തിൽ വലിയൊരു പദവിയും നൽകാനാണ് കേന്ദ്ര നേതൃത്വത്തിന്റെ നീക്കം. ഈ ഓഫറിന്മേൽ ആലോചിക്കാൻ സിദ്ധരാമയ്യ സമയം ചോദിച്ചിട്ടുണ്ടെങ്കിലും അടുത്ത രണ്ട് മൂന്ന് ദിവസങ്ങൾക്കുള്ളിൽ അദ്ദേഹത്തിന്റെ രാജി ഉണ്ടാകുമെന്നാണ് സൂചനകൾ വ്യക്തമാക്കുന്നത്.
അധികാര കൈമാറ്റം ഡി.കെ. ശിവകുമാറിലേക്ക് വേണമെന്ന കാര്യത്തിൽ പാർട്ടി നേതൃത്വത്തിന് ഒറ്റക്കെട്ടായ തീരുമാനമാണുള്ളതെന്ന് കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചു. എന്നാൽ, ദൽഹിയിൽ നടന്ന ആറ് മണിക്കൂർ നീണ്ട മാരത്തൺ യോഗത്തിന് ശേഷം മാധ്യമങ്ങളെ കണ്ട എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ഈ വാർത്തകൾ നിഷേധിച്ചു. സംസ്ഥാനത്തെ മൂന്ന് രാജ്യസഭാ സീറ്റുകളെക്കുറിച്ചും എം.എൽ.സി തെരഞ്ഞെടുപ്പിനെക്കുറിച്ചും മാത്രമാണ് ചർച്ച നടന്നതെന്നും മറ്റ് പ്രചാരണങ്ങളിൽ സത്യമില്ലെന്നുമാണ് അദ്ദേഹം പ്രതികരിച്ചത്.
2023ലെ നിയമസഭാ തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം സംസ്ഥാനത്ത് നിലനിൽക്കുന്ന നേതൃതർക്കത്തിനാണ് ഇപ്പോൾ പരിഹാരമാകുന്നത് എന്നുവേണം കരുതാൻ. അന്ന് സർക്കാർ രൂപവത്കരണ വേളയിൽ രണ്ടര വർഷത്തിന് ശേഷം മുഖ്യമന്ത്രി പദം നൽകാമെന്ന കേന്ദ്ര നേതൃത്വത്തിന്റെ ഉറപ്പിന്മേലാണ് ഡി.കെ. ശിവകുമാർ ഉപമുഖ്യമന്ത്രി സ്ഥാനം സ്വീകരിച്ചത്. ഈ കാലാവധി പൂർത്തിയാകുന്നതോടെ പദവി കൈമാറണമെന്ന് അദ്ദേഹത്തെ അനുകൂലിക്കുന്നവർ ശക്തമായി ആവശ്യപ്പെടുന്നുണ്ടായിരുന്നു.
ന്യൂനപക്ഷങ്ങളും പിന്നാക്ക വിഭാഗങ്ങളും ദലിതരും അടങ്ങുന്ന സഖ്യത്തിനിടയിൽ സിദ്ധരാമയ്യക്കുള്ള ശക്തമായ സ്വാധീനമാണ് ഇത്രയും കാലം മാറ്റങ്ങൾക്ക് തടസ്സമായി നിന്നത്. ഈ വോട്ട് ബാങ്കാണ് ലിംഗായത്ത്-വൊക്കലിഗ ജാതി സമവാക്യങ്ങളെ മറികടന്ന് 2023ൽ കോൺഗ്രസിനെ അധികാരത്തിലേറ്റിയത്. അയൽ സംസ്ഥാനമായ തമിഴ്‌നാട്ടിലെ നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് ഈ വിഭാഗങ്ങളിൽനിന്ന് തിരിച്ചടിയുണ്ടാകുമെന്ന ഭയത്താലാണ് ഹൈക്കമാൻഡ് മാറ്റങ്ങൾ നീട്ടിവെച്ചത്.
എന്നാൽ, തമിഴ്‌നാട് തെരഞ്ഞെടുപ്പ് കഴിഞ്ഞ പശ്ചാത്തലത്തിൽ പാർട്ടി ഒടുവിൽ കടുത്ത തീരുമാനത്തിലേക്ക് നീങ്ങുകയായിരുന്നു. അതേസമയം, പ്രാദേശിക നേതാക്കൾ ഇപ്പോഴും അനിശ്ചിതത്വത്തിലാണ്. സിദ്ധരാമയ്യ കേന്ദ്ര പദവികൾ സ്വീകരിക്കുമോ അതോ പദവിയിൽ തുടരാൻ സമ്മർദ്ദം ചെലുത്തുമോ എന്ന കാര്യത്തിൽ അവർക്ക് സംശയമുണ്ട്. സിദ്ധരാമയ്യയുമായി അടുത്ത ബന്ധമുള്ള ഒരു വിഭാഗം നേതാക്കൾ ഈ തീരുമാനത്തിൽ അസംതൃപ്തരാണ്. അന്തിമ തീരുമാനമെടുക്കുന്നതിന് മുൻപ് എല്ലാ സാധ്യതകളും പരിശോധിക്കാൻ അവർ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.