ബംഗളൂരു: കേരളത്തിൽനിന്ന് കർണാടകയിലെത്തുന്നവർക്ക് ആർ.ടി.പി.സി.ആർ നെഗറ്റിവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയതിന് പിന്നാലെ ദക്ഷിണ കന്നട ജില്ലയിലെ അതിർത്തികൾ അടച്ചതിൽ നിലപാട് മാറ്റാതെ കർണാടക. കാസർകോട് ജില്ലക്കും ദക്ഷിണ കന്നട ജില്ലക്കും ഇടയിലെ തിരക്കില്ലാത്ത റോഡുകൾ അടച്ചിട്ട നടപടി തുടരുമെന്നും മറ്റു എൻട്രി പോയൻറുകളിലൂടെ ആർ.ടി.പി.സി.ആർ സർട്ടിഫിക്കറ്റ് പരിശോധിച്ചശേഷം ആളുകളെ കടത്തിവിടുമെന്നും ദക്ഷിണ കന്നട ജില്ല ഭരണകൂടം ഹൈകോടതിയെ അറിയിച്ചു. എന്നാൽ, എല്ലാ എൻട്രി പോയൻറുകളും തുറക്കാത്ത നടപടിയെ വിമർശിച്ച ഹൈകോടതി ജില്ല ഭരണകൂടത്തിന്റെ നടപടി കേന്ദ്ര സർക്കാർ നിയമത്തിന് വിരുദ്ധമാണെന്ന് ആവർത്തിച്ചു.
കേരളത്തിൽ തെരഞ്ഞെടുപ്പ് ഉൾപ്പെടെ നടക്കുന്ന പശ്ചാത്തലത്തിൽ കാസർകോടിനും ദക്ഷിണ കന്നട ജില്ലക്കുമിടയിലുള്ള എല്ലാ എൻട്രി പോയൻറുകളിലൂടെയും ഗതാഗതം അനുവദിക്കാനാകില്ലെന്ന നിലപാടാണ് ദക്ഷിണ കന്നട ജില്ല ഭരണകൂടം സ്വീകരിച്ചത്. ഇതുവരെ തലപ്പാടി ഉൾപ്പെടെയുള്ള നാലു വഴികളിലൂടെ മാത്രമാണ് ആളുകളെ കടത്തിവിടുന്നത്.
ഇതിന് പുറമെ കൂടുതൽ വഴികൾ തുറക്കാനും തിരക്കില്ലാത്ത വഴികൾ അടച്ചിടാനുമാണ് ജില്ല ഭരണകൂടത്തിെൻറ കോവിഡ് അവലോകന യോഗത്തിൽ തീരുമാനിച്ചതെന്നാണ് ദക്ഷിണ കന്നട ഡെപ്യൂട്ടി കമീഷണർ ഹൈകോടതിയെ അറിയിച്ചത്. എന്നാൽ, മറ്റെല്ലാ വഴികളിലൂടെയും സർട്ടിഫിക്കറ്റ് പരിശോധിച്ച് ആളുകളെ കടത്തിവിടുമ്പോൾ കാസർകോട്ടെ അതിർത്തികൾ മാത്രം അടച്ചത് നിയമവിരുദ്ധമാണെന്ന് ഹരജിക്കാരൻ വാദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.