ജബൽപൂർ: മധ്യപ്രദേശിലെ ജബൽപൂരിലെ ബാർഗി അണക്കെട്ടിലുണ്ടായ ബോട്ടപകടത്തിന്റെ നൊമ്പരക്കാഴ്ചയായിരുന്നു മരണത്തിലും ഒരമ്മ നാലുവയസ്സുകാരനായ മകനെ കെട്ടിപ്പിടിച്ചുകിടക്കുന്ന ദൃശ്യം. ദുരന്തത്തിലും മകനെ തന്റെ കൈവലയത്തിൽ സംരക്ഷിച്ചുപിടിച്ച വൈകാരിക ദൃശ്യം മാതൃസ്നേഹത്തിന്റെ മാതൃകയായി സാമൂഹിക മാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തു. ജബൽപൂരിൽ ബോട്ടപകടത്തിൽ മരിച്ച അമ്മയും മകനും എന്ന പേരിൽ വാട്ട്സ്ആപ്പ്, ഫേസ്ബുക്ക്, എക്സ് തുടങ്ങിയ പ്ലാറ്റ്ഫോമുകളിൽ വ്യാപകമായി പ്രചരിച്ച ചിത്രം നിരവധി നേതാക്കളും പൊതുപ്രവർത്തകരും പങ്കിട്ടു. അപകടത്തിന് ശേഷം കണ്ടെത്തിയതാണെന്നായിരുന്നു അവകാശവാദം. നിമിഷങ്ങൾക്കകം നിരവധി പേരാണ് ചിത്രം പങ്കുവെച്ചത്. എന്നാൽ ഈ ചിത്രത്തിന്റെ ആധികാരികതയാണ് ഇപ്പോൾ ചോദ്യം ചെയ്യപ്പെടുന്നത്. വൈറലായ ഫോട്ടോയ്ക്ക് ബാർഗി അണക്കെട്ട് അപകടവുമായി ബന്ധപ്പെട്ടതാണെന്ന അവകാശവാദം തള്ളിക്കളയുകയാണ് ജബൽപൂർ ജില്ലാ ഭരണകൂടം.
അപകടത്തിൽ മരിച്ച അമ്മയുടെയും കുഞ്ഞിന്‍റെയും യഥാർഥ ചിത്രം
ചിത്രത്തിന് ബാർഗി ബോട്ട് അപകടവുമായി യാതൊരു ബന്ധവുമില്ലെന്ന് അധികൃതർ പറഞ്ഞു. അത്തരമൊരു ഫോട്ടോ ബാർഗി അപകട സ്ഥലത്തുനിന്നും പകർത്തിയിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കുന്നു. "ഈ ഫോട്ടോ ഒന്നുകിൽ എ.ഐ സൃഷ്ടിയാണ്, അല്ലെങ്കിൽ മറ്റൊരിടത്തുനിന്നുള്ളതാണ്. ഇതിന് ബാർഗി ബോട്ട് അപകടവുമായി യാതൊരു ബന്ധവുമില്ല," ജബൽപൂർ കളക്ടറുടെ ഔദ്യോഗിക സോഷ്യൽ മീഡിയ പോസ്റ്റിൽ വ്യക്തമാക്കി.
രക്ഷാ പ്രവർത്തനം നടക്കുന്നതിനിടെ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് ആശങ്കാജനകമാണെന്ന് അധികൃതർ ചൂണ്ടിക്കാട്ടി. ഇത്തരം ഫോട്ടോകളും സന്ദേശങ്ങളും പങ്കുവെക്കുമ്പോൾ ജാഗ്രത പാലിക്കാനും സ്ഥിരീകരിക്കാത്തവ പങ്കിടുന്നതിൽ നിന്ന് വിട്ടുനിൽക്കാനും ഉദ്യോഗസ്ഥർ അഭ്യർഥിച്ചു.
അതേസമയം കപ്പൽ മുങ്ങിത്താഴുന്നതിന് തൊട്ടുമുമ്പ്, ഒരമ്മ തന്റെ നാല് വയസ്സുള്ള മകനെ അവസാനമായി കെട്ടിപ്പിടിക്കുന്ന വീഡിയോ വൈറലായിരുന്നു. ലൈഫ് ജാക്കറ്റ് ധരിച്ച സ്ത്രീ തന്റെ കുഞ്ഞിനെയും ചേർത്തുപിടിക്കുന്നതായിരുന്നു ദൃശ്യങ്ങളിൽ. മണിക്കൂറുകൾക്ക് ശേഷം, രക്ഷാപ്രവർത്തകർ അവരുടെ മൃതദേഹങ്ങൾ വെള്ളത്തിൽ നിന്ന് കണ്ടെടുത്തപ്പോൾ ഒരു ലൈഫ് ജാക്കറ്റിൽ പൊതിഞ്ഞ നിലയിലായിരുന്നു അമ്മയുടെയും മകന്‍റെ മൃതദേഹം. ഇതിന്‍റെ അടിസ്ഥാനത്തിൽ എ.ഐ നിർമിച്ചതാവാം പ്രചരിക്കുന്ന ഫോട്ടെ എന്നാണ് അനുമാനം.
അതേസമയം ജബൽപൂരിൽ ബർഗി ഡാം റിസർവോയറിൽ ഒമ്പതു പേരുടെ മരണത്തിനിടയാക്കിയ അപകടത്തിൽ വിനോദസഞ്ചാര ബോട്ടിൽ അടിസ്ഥാന സുരക്ഷാ സംവിധാനങ്ങൾ പോലും പാലിച്ചിരുന്നില്ലെന്ന് തെളിയിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. ബോട്ടിൽ വെള്ളം കയറി മുങ്ങുന്നതിനിടെ ജീവനക്കാർ ബണ്ടിലായി കെട്ടിവെച്ച ലൈഫ് ജാക്കറ്റ് കെട്ടഴിച്ച് യാത്രക്കാർക്ക് വിതരണം ചെയ്യാൻ ശ്രമിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. യാത്ര പുറപ്പെടുന്നതിന് മുമ്പ് സഞ്ചാരികൾക്ക് വിതരണം ചെയ്ത് ധരിപ്പിക്കേണ്ട ജാക്കറ്റാണ് ബോട്ട് മുങ്ങുന്നതിനിടെ വിതരണം ചെയ്യുന്നത്. വെള്ളം പെട്ടെന്ന് ബോട്ടിലേക്ക് ഒഴുകാൻ തുടങ്ങുമ്പോൾ യാത്രക്കാർ ക്രൂയിസിനുള്ളിൽ ഇരിക്കുന്നത് കാണാം. നിമിഷങ്ങൾക്കുള്ളിൽ ചിരി നിലവിളികളായി മാറുന്നു. കൊടുങ്കാറ്റിൽ വെള്ളം ഉൾഭാഗത്തേക്ക് ഒഴുകിയെത്തിയപ്പോൾ ബോട്ട് ശക്തമായി ആടിയുലയുന്നു.
ബോട്ട് മുങ്ങാൻ തുടങ്ങിയതിനുശേഷം മാത്രമാണ് ക്രൂയിസ് ജീവനക്കാർ ബണ്ടിലുകൾ കെട്ടിയ ലൈഫ് ജാക്കറ്റുകൾ അഴിക്കുന്നത് കാണുന്നത്. അടിസ്ഥാന സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചില്ലെന്നുള്ള യാത്രക്കാരുടെ ആരോപണം ശരിവെക്കുന്നതാണ് പുറത്തുവന്ന ദൃശ്യങ്ങൾ. 29 യാത്രക്കാർക്ക് മാത്രമേ ടിക്കറ്റ് നൽകിയിട്ടുള്ളൂവെങ്കിലും ക്രൂയിസിൽ 40-ലധികം വിനോദസഞ്ചാരികൾ ഉണ്ടായിരുന്നു. മണിക്കൂറിൽ 50 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശുമെന്ന് മുന്നറിയിപ്പ് നൽകി ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലേർട്ട് പുറപ്പെടുവിച്ചിരിക്കെയാണ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയുള്ള യാത്ര. ഇതുവരെ ഒമ്പത് മൃതദേഹങ്ങൾ കണ്ടെടുത്തു. മൂന്ന് കുട്ടികൾ ഉൾപ്പെടെ നാല് പേരെ കാണാതായി. തുടർച്ചയായ കനത്ത മഴയെത്തുടർന്ന് വെള്ളിയാഴ്ച വൈകുന്നേരം തിരച്ചിൽ പ്രവർത്തനങ്ങൾ നിർത്തിവയ്ക്കേണ്ടിവന്നു. ഇന്ന് തുടരും. സംഭവത്തിൽ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ് മധ്യപ്രദേശ് സർക്കാർ. ഇതിനായി ഉന്നതതല അന്വേഷണ സമിതി രൂപീകരിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.