ബോട്ടിൽ വെള്ളം കയറുമ്പോൾ മകനെ ചേർത്തു പിടിച്ച് അമ്മ; ജബൽപൂർ അപകടത്തിന് തൊട്ടുമുമ്പുള്ള ദൃശ്യം പുറത്ത്

ഭോപ്പാൽ: ജബൽപൂർ ബോട്ടപകടത്തിന് തൊട്ടുമുമ്പ് ബോട്ടിലേക്ക് വെള്ളം കയറുമ്പോൾ മകനെ കെട്ടിപ്പിടിക്കുന്ന അമ്മയുടെ ദൃശ്യങ്ങൾ വൈറലാകുന്നു. ഈ അമ്മയുടയും നാലു വയസ്സുകാരനായ മകന്‍റെയും മൃതദേഹങ്ങൾ ലൈഫ്ജാക്കറ്റിനുള്ളിൽ കെട്ടിപ്പിടിച്ചിരിക്കുന്ന നിലയിലായിരുന്നു കണ്ടെത്തിയിരുന്നത്. ഈ കാഴ്ച ഏവരെയും നൊമ്പരപ്പെടുത്തിയിരുന്നു. അപകടത്തിൽ ബോട്ടിലേക്ക് വെള്ളം കയറിത്തുടങ്ങിയതിന് ശേഷമുള്ള ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്.

ബോട്ടിന്റെ ഇടതുവശത്ത് അറ്റത്തായി അമ്മയും മകനും ഇരിക്കുന്നത് കാണാം. ബോട്ടിൽ വെള്ളം കയറിക്കൊണ്ടിരിക്കുമ്പോൾ മകനെ ഈ അമ്മ ചേർത്ത് പിടിച്ച് ഇരിക്കുന്നതാണ് ദൃശ്യത്തിലുള്ളത്. വ്യാഴാഴ്ച വൈകുന്നേരം ബർഗി ഡാം റിസർവോയറിലാണ് ഇവരടക്കം സഞ്ചരിച്ച ക്രൂസ് ബോട്ട് മുങ്ങുന്നത്. അപകടം നടന്ന് മണിക്കൂറുകൾക്ക് ശേഷംമാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്. ഒരേ ലൈഫ് ജാക്കറ്റിനുള്ളിൽ കെട്ടിപ്പിടിച്ചിരിക്കുന്ന രീതിയിലായിരുന്നു മൃതദേഹങ്ങൾ. ഈ കാഴ്ച ജബൽപുർ ദുരന്തത്തിന്റെ ഏറ്റവും വേദനാജനകമായ ഒന്നായി മാറി. ഇവരുടെ മൃതദേഹങ്ങൾ കരയ്ക്കെത്തിച്ചപ്പോൾ വൈകാരികമായ രംഗങ്ങളാണ് ഉണ്ടായത്. സ്ഥലം സന്ദർശിച്ച മധ്യപ്രദേശ് കാബിനറ്റ് മന്ത്രി രാകേഷ് സിങ് അടക്കം പൊട്ടിക്കരഞ്ഞു. ഇതിനിടെ ഈ അമ്മയുടെയും കുഞ്ഞിന്റെതുമാണെന്ന് അവകാശപ്പെട്ട് വ്യാജ ഐ.ഐ നിർമിത ചിത്രങ്ങളും സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

ബോട്ടിൽ വെള്ളം കയറിയതിന് ശേഷം ജീവനക്കാർ യാത്രക്കാർക്ക് ലൈഫ് ജാക്കറ്റുകൾ വിതരണം ചെയ്യുന്നതും ഈ ദൃശ്യങ്ങളിലുണ്ട്. യാത്രക്കാർക്ക് ലൈഫ് ജാക്കറ്റുകൾ നൽകാത്തതടക്കമുള്ള സുരക്ഷാവീഴ്ച ആരോപണങ്ങളെ ശരിവെക്കുന്നതാണ് പുറത്തുവന്ന വീഡിയോ.

29 പേർക്ക് സഞ്ചരിക്കാവുന്ന ബോട്ടിൽ കുട്ടികളടക്കം ഏകദേശം 40 പേരുണ്ടായിരുന്നു. പെട്ടെന്ന് കാലാവസ്ഥ മാറിയപ്പോൾ തിരിച്ച് പോകാൻ മുന്നറിയിപ്പുകളുണ്ടായിട്ടും ഡ്രൈവർ ഇത് അവഗണിച്ചെന്ന് രക്ഷപ്പെട്ട ഒരു യാത്രക്കാരിയെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്തു.

അപകടത്തിൽ ഇതുവരെ ഒമ്പത് പേരുടെ മൃതദേഹങ്ങളാണ് കണ്ടെടുത്തത്. ആറ് വിനോദ സഞ്ചാരികളെ ഇനിയും കണ്ടെത്താനുണ്ട്. സംസ്ഥാന സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടു. ബോട്ടുകൾക്കം നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്. അധികൃതരുടെ മുന്നറിയിപ്പ് അവഗണിച്ചാണ് ബോട്ട് യാത്ര തിരിച്ചതെന്നും ആരോപണമുണ്ട്.

ബോട്ടിൽ വെള്ളം കയറി മുങ്ങിത്തുടങ്ങിയ ശേഷമാണ് ജീവനക്കാർ ബണ്ടിലായി കെട്ടിവെച്ച ലൈഫ് ജാക്കറ്റ് കെട്ടഴിച്ച് യാത്രക്കാർക്ക് വിതരണം ചെയ്യാൻ ശ്രമിച്ചത്. യാത്ര പുറപ്പെടുന്നതിന് മുമ്പ് സഞ്ചാരികൾക്ക് വിതരണം ചെയ്ത് ധരിപ്പിക്കേണ്ട ജാക്കറ്റാണ് ബോട്ട് മുങ്ങുന്നതിനിടെ വിതരണം ചെയ്യുന്നത്. വെള്ളം പെട്ടെന്ന് ബോട്ടിലേക്ക് ഒഴുകാൻ തുടങ്ങുമ്പോൾ യാത്രക്കാർ ബോട്ടിൽ ഇരിക്കുന്നത് കാണാം. നിമിഷങ്ങൾക്കുള്ളിൽ ചിരി നിലവിളികളായി മാറുന്നു. കൊടുങ്കാറ്റിൽ വെള്ളം ഉൾഭാഗത്തേക്ക് ഒഴുകിയെത്തിയപ്പോൾ ബോട്ട് ശക്തമായി ആടിയുലയുന്നതും ദൃശ്യങ്ങളിൽ കാണാം. 

Tags:    
News Summary - New Video Of Jabalpur Boat Tragedy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.