കർണാടക നിയമനിർമാണ കൗൺസിലും കടന്ന് മതപരിവർത്തന നിരോധന നിയമം

ബംഗളൂരു: വിവാദമായ മതപരിവർത്തന നിരോധന നിയമം (കർണാടക മത സ്വാതന്ത്ര്യ അവകാശ സംരക്ഷണ ബിൽ -2021) കർണാടക നിയമനിർമാണ കൗൺസിലിലും ബി.ജെ.പി സർക്കാർ പാസാക്കി.

ആഭ്യന്തരമന്ത്രി അരഗ ജ്ഞാനേന്ദ്രയാണ് വ്യാഴാഴ്ച കൗൺസിലിൽ ബിൽ അവതരിപ്പിച്ചത്. ഏഴ് മണിക്കൂർ നീണ്ട ചർച്ചക്കൊടുവിൽ മുഖ്യപ്രതിപക്ഷ കക്ഷിയായ കോൺഗ്രസിന്‍റെ പ്രതിഷേധത്തിനിടെയാണ് ശബ്ദവോട്ടോടെ ബിൽ പാസാക്കിയത്. കോൺഗ്രസ് എം.എൽ.സിമാർ സഭയിൽനിന്ന് ഇറങ്ങിപ്പോയി.

കഴിഞ്ഞ വർഷം ഡിസംബറിൽ കർണാടക നിയമസഭ ബിൽ പാസാക്കിയിരുന്നു. എന്നാൽ ഉപരിസഭയായ നിയമനിർമാണ കൗൺസിലിൽ ബി.ജെ.പിക്ക് ഭൂരിപക്ഷമില്ലാത്തതിനാൽ ബിൽ അവതരിപ്പിക്കാനായിരുന്നില്ല. പിന്നീട് ഒഴിവുള്ള സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പുകളിൽ ബി.ജെ.പി കൗൺസിലിൽ ഭൂരിപക്ഷം നേടി. തുടർന്നാണ് ബിൽ അവതരിപ്പിക്കുന്നതും പാസാക്കുന്നതും.

നേരത്തെ, 2022 മേയിൽ സർക്കാർ ഓർഡിനൻസിലൂടെ നിയമം കൊണ്ടുവരികയും മേയ് 12ന് മന്ത്രിസഭ അംഗീകാരം നൽകുകയും ചെയ്തിരുന്നു. ഭരണഘടനയുടെ അടിസ്ഥാനങ്ങൾക്ക് വിരുദ്ധമാണ് ബിൽ എന്ന് കോൺഗ്രസ് ആരോപിച്ചു. എന്നാൽ മതം മാറുന്നതിനെ ബിൽ എതിർക്കുന്നില്ലെന്നും നിർബന്ധിത മതംമാറ്റമാണ് നിരോധിക്കുന്നതെന്നും ബി.ജെ.പി പ്രതികരിച്ചു. നിർബന്ധിത മതപരിവർത്തനത്തിന് 10 വർഷം വരെ തടവ് ഉൾപ്പെടെയുള്ള കടുത്ത ശിക്ഷ ഉറപ്പാക്കുന്നതാണ് നിയമം.

തെറ്റിദ്ധരിപ്പിക്കൽ, നിർബന്ധിക്കൽ, ചതി, സ്വാധീനം, ബലപ്രയോഗം, വശീകരണം, വിവാഹം, പണമോ മറ്റു സാധനങ്ങളോ വാഗ്ദാനം ചെയ്യുക തുടങ്ങിയ മാർഗങ്ങളിലൂടെ ഒരാളെ ഒരു മതത്തിൽനിന്ന് മറ്റൊരു മതത്തിലേക്ക് മാറ്റുന്നത് കുറ്റകൃത്യമായി പരിഗണിക്കും. ഉത്തർപ്രദേശ്, മധ്യപ്രദേശ്, ഹിമാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളും നേരത്തേ സമാന നിയമം പാസാക്കിയിരുന്നു.

Tags:    
News Summary - Karnataka Legislative Council passes anti conversion bill

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.