അർധരാത്രി സ്റ്റീൽ പാലം കവർന്ന് മോഷ്ടാക്കൾ; രാജ്യത്ത് നഷ്ടപ്പെടുന്ന രണ്ടാമത്തെ പാലം

റായ്പൂർ: മോഷ്ടാക്കൾ പലതും അടിച്ചുമാറ്റിയെന്ന വാർത്ത സർവ സാധാരണമാണ്. എന്നാൽ, ഒരു ഗ്രാമത്തിലെ ഇരുമ്പ്-ഉരുക്കു പാലം മുഴുവൻ ഒറ്റ രാത്രികൊണ്ട് കവർന്നിരിക്കുകയാണ് മോഷ്ടാക്കൾ. രാജ്യത്ത് പാലം മോഷ്ടിക്കപ്പെടുന്ന രണ്ടാമത്തെ സംഭവമാണിത്. ഛത്തീസ്ഗഡിലെ കോർബ ടൗണിലാണ് സംഭവം. ജനുവരി 16 ന് രാത്രി വരെ നാട്ടുകാർ സഞ്ചരിച്ച ​കൊച്ചുപാലം പിറ്റേന്ന് രാവിലെയോടെ കാണാതാവുകയായിരുന്നു. ഇതേതുടർന്ന് ​ഗ്രാമവാസികൾ കൗൺസിലറെ വിവരമറിയിച്ചു. കൗൺസിലറുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ മോഷണമാണെന്ന് വ്യക്തമാവുകയായിരുന്നു.

15 പേരടങ്ങുന്ന ഒരു സംഘം മോഷ്ടാക്കൾ പാലം ഗ്യാസ് കട്ടർ ഉപയോഗിച്ച് പാലം നിരവധി കഷണങ്ങളാക്കി കടത്തിക്കൊണ്ടുപോയെന്നാണ് കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് അഞ്ച് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കൗൺസിലർ ലക്ഷ്മൺ ശ്രീവാസാണ് കലക്ടർ കുനാൽ ദുദാവന്ദ്, എസ്.പി സിദ്ധാർത്ത് തിവാരി എന്നിവർക്ക് പരാതി നൽകിയത്. ​പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച പൊലീസ് എല്ലാ ആക്രിക്കച്ചവട സ്ഥാപനങ്ങളും പരിശോധിക്കാനുള്ള ശ്രമത്തിലാണ്. തിരക്കിട്ട് മുറിച്ചുമാറ്റി കൊണ്ടുപോകുന്നതിനിടെ വീണുപോയ പാലത്തിന്റെ ചില കഷണങ്ങൾ സംഭവ സ്ഥലത്തുനിന്ന് പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

ഇതിന് മുമ്പ് ബീഹാറിലാണ് മോഷ്ടാക്കൾ കവർന്നത്. 2022 ഏപ്രിലിൽ ബീഹാറിലെ റോഹ്താസ് ജില്ലയിൽ 40 വർഷം പഴക്കമുള്ള 500 ടൺ സ്റ്റീൽ പാലം ഗ്യാസ് കട്ടറുകളും ബുൾഡോസറുകളും ഉപയോഗിച്ച് മോഷ്ടാക്കൾ ഒറ്റരാത്രികൊണ്ട് കടത്തികൊണ്ടുപോകുകയായിരുന്നു. എന്നാൽ, ഛത്തീസ്ഗഡിൽ ജനുവരി 17ന് മോഷ്ടിക്കപ്പെട്ട പാലം ഇതിനേക്കാൾ ഭാരം കുറഞ്ഞതാണ്. പക്ഷെ, വാർഡ് 17ലെ പ്രദേശവാസികൾ 40 വർഷമായി ഇതിലൂടെ സഞ്ചരിക്കുന്നുണ്ട്.

ഏകദേശം അഞ്ച് അടി വീതിയുള്ള പാലത്തിലൂടെ ജനുവരി 16 രാത്രി 11 വരെ നടന്നുപോയിരുന്നതായി നാട്ടുകാർ ഓർക്കുന്നു. എന്നാൽ, പിറ്റേന്ന് രാവിലെ ടൗണിൽ പോകാൻ സ്ഥലത്തെത്തിയപ്പോൾ അങ്ങനെയൊരു പാലം അവിടെയുണ്ടായിരുന്നതിന്റെ ലക്ഷണം പോലുമുണ്ടായിരുന്നില്ല. പാലം മോഷ്ടിച്ച സംഘത്തിന് നേതൃത്വം നൽകിയ മുഖ്യപ്രതിയായ ആക്രിക്കച്ചവടക്കാരനെ കണ്ടെത്താൻ തിരച്ചിൽ ഊർജിതമാക്കിയിരിക്കുകയാണ്. ഇയാളെ നാട്ടിൽനിന്ന് പുറത്താക്കിയതായുള്ള നോട്ടിസ് ഇറക്കാനുള്ള നീക്കത്തിലാണ് ഉദ്യോഗസ്ഥർ.

Tags:    
News Summary - Iron & steal Bridge in Chhattisgarh stolen overnight

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.