ഡിജിറ്റൽ അറസ്റ്റ് വഴി ദമ്പതികളിൽ നിന്ന് 14 കോടി തട്ടിയ കേസ്; എട്ട് പേർ അറസ്റ്റിൽ

ന്യൂഡൽഹി: പ്രായമായ ദമ്പതികളെ വഞ്ചിച്ച കേസിൽ മൂന്ന് സംസ്ഥാനങ്ങളിലായി എട്ട് പേരെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. കംബോഡിയയിലെയും നേപ്പാളിലെയും ഓപ്പറേറ്റർമാരുമായി ബന്ധമുള്ള ഒരു സൈബർ തട്ടിപ്പ് റാക്കറ്റും പൊലീസ് കണ്ടെത്തി. പൊലീസുകാരായി വേഷം മാറി ബാങ്ക് അക്കൗണ്ടുകൾ വഴി പണം തട്ടിയെടുക്കുന്ന വ്യക്തികളുടെ സംഘടിത ശൃംഖലയാണ് അറസ്റ്റിലൂടെ വെളിപ്പെട്ടതെന്ന് വാർത്ത ഏജൻസിയായ പി.ടി.ഐ റിപ്പോർട്ട് ചെയ്തു.

ഡൽഹി പൊലീസിന്റെ അന്വേഷണത്തെ തുടർന്ന് ഗുജറാത്ത്, ഉത്തർപ്രദേശ്, ഒഡീഷ എന്നിവയുൾപ്പെടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നാണ് പ്രതികളെ പിടികൂടിയത്. ദിവ്യാങ് പട്ടേൽ (30), കൃതിക് ഷിതോലെ (26), മഹാവീർ ശർമ (27), അങ്കിത് മിശ്ര, അരുൺ കുമാർ തിവാരി (45), പ്രദ്യുമൻ തിവാരി, ഭൂപേന്ദർ കുമാർ മിശ്ര (37), ആദേശ് കുമാർ സിങ് (36) എന്നിവരാണ് കേസിൽ അറസ്റ്റിലായ പ്രതികളെന്ന് പി.ടി.ഐ റിപ്പോർട്ട് ചെയ്തു. ദക്ഷിണ ഡൽഹിയിലെ ഗ്രേറ്റർ കൈലാഷിൽ താമസിക്കുന്ന 77 വയസ്സുള്ള സ്ത്രീയിൽ നിന്ന് 14.84 കോടി രൂപയിലധികം തുക തട്ടിയെടുത്തതായി പരാതി ലഭിച്ചതോടെയാണ് കേസ് പുറത്തുവന്നത്.

കഴിഞ്ഞ വർഷം ഡിസംബറിൽ തന്റെ പേരിലുള്ള ഒരു സിം കാർഡ് കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് അവകാശപ്പെട്ട് സ്ത്രീക്ക് ഒരു കോൾ ലഭിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു. ഇതിനെത്തുടർന്ന്, പൊലീസിന്റെയും സി.ബി.ഐയുടെയും ഉദ്യോഗസ്ഥരാണെന്ന് അവകാശപ്പെട്ട തട്ടിപ്പുകാർ വ്യാജ അറസ്റ്റ് വാറണ്ട് കാണിച്ച് അവരെ ഡിജിറ്റൽ അറസ്റ്റിലാക്കുകയായിരുന്നു.

ദമ്പതികളെ പ്രതികൾ വിഡിയോ നിരീക്ഷണത്തിൽ നിർത്തുകയും ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടർന്നാണ് പണം നൽകാൻ ഇവർ തയാറായത്. എട്ട് ഇടപാടുകളിലൂടെയാണ് പണം മാറ്റിയതെന്ന് റിപ്പോർട്ടിൽ പറയുന്നു.

Tags:    
News Summary - Delhi couple lose ₹14 crore in multi-state digital arrest scam, 8 arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.