ബെംഗളൂരു: ആർ.എസ്.എസ് അനുകൂല വിദ്യാർഥി സംഘടനയായ എ.ബി.വി.പിയുടെ പരിപാടിയിൽ ഉദ്ഘാടകനായി കോൺഗ്രസ് നേതാവായ കർണാടക ആഭ്യന്തരമന്ത്രി. തുംകുരു ജില്ലയിലെ തിപ്തൂരിൽ എ.ബി.വി.പി സംഘടിപ്പിച്ച റാണി അബക്ക ഓർമ ദിനാചരണത്തിലാണ് കർണാടക ആഭ്യന്തര മന്ത്രി ജി. പരമേശ്വര ഉദ്ഘാടകനായെത്തിയത്.
എ.ബി.വി.പി തിപ്തൂർ ഘടകമാണ് രഥയാത്രയും പഞ്ചിന പരേഡും സംഘടിപ്പിച്ചത്. ബി.ജെ.പിയുടെ ശക്തമായ പിന്തുണയോടെയായിരുന്നു പരിപാടി. ദേശീയ തലത്തിൽ ആർ.എസ്.എസിനും ബി.ജെ.പിക്കുമെതിരെ പോർമുഖം തുറക്കുന്ന കോൺഗ്രസിൻറെ പ്രഖ്യാപിത നിലപാടിന് തുരങ്കം വെക്കുന്നതാണ് നടപടിയെന്നാണ് മന്ത്രിക്കെതിരെ ഉയരുന്ന പ്രധാന വിമർശനം.
കർണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ നിയമസഭയിൽ ആർ.എസ്.എസ് ഗണഗീതത്തിൽ നിന്നുള്ള വരികൾ ഉദ്ധരിച്ചതുമായി ബന്ധപ്പെട്ട വിവാദം കെട്ടടങ്ങുന്നതിന് മുമ്പാണ് പുതിയ വിവാദം. പതിനാറാം നൂറ്റാണ്ടിൽ പോർച്ചുഗീസ് അധിനിവേശത്തിനെതിരെ സായുധ പോരാട്ടം നടത്തിയ റാണി അബക്കയുടെ ഓർമ ദിനത്തോട് അനുബന്ധിച്ചായിരുന്നു രഥ യാത്ര. രാജ്യത്തെ ഏറ്റവും ആദ്യത്തെ സ്വാതന്ത്ര്യ സമര പോരാളിയായാണ് റാണി അബക്കയെ എ.ബി.വി.പി ഉയർത്തിക്കാണിക്കുന്നത്.
അതേസമയം, ബി.ജെ.പിയെയും ആർ.എസ്.എസിനെയും മുമ്പ് തുറന്ന് എതിർത്തിട്ടുള്ള മന്ത്രി ചടങ്ങിൽ പങ്കെടുത്തതുമായി ബന്ധപ്പെട്ട് ഇതുവരെ വിശദീകരണങ്ങളൊന്നും ലഭ്യമായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.