ബംഗളൂരു: കോൺഗ്രസ്- ജനതാദൾ എസ് സഖ്യവും ബി.ജെ.പിയും നേർക്കുനേർ മത്സരിച്ച കർണാട ക ഉപതെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് തിരിച്ചടി. ബി.ജെ.പിയുടെ സിറ്റിങ് സീറ്റായ ബെള്ളാരി നഷ്ടമായപ്പോൾ ശിവമൊഗ്ഗയിൽ ഭൂരിപക്ഷം നന്നെ കുറഞ്ഞു. ബി.ജെ.പി വിജയപ്രതീക്ഷ പുലർത്തിയിരുന്ന ജമഖണ്ഡിയും കൈവിട്ടപ്പോൾ കഴിഞ്ഞ തവണ 86,993 വോട്ടു മാത്രം ലഭിച്ച മാണ്ഡ്യയിൽ ഇത്തവണ 2,44,404 വോട്ട് ലഭിച്ചതുമാത്രമാണ് ബി.ജെ.പിക്കുള്ള ഏക ആശ്വാസം.
ബെള്ളാരി ഒഴികെയുള്ള മണ്ഡലങ്ങളിൽ അതത് പാർട്ടികൾ സിറ്റിങ് സീറ്റ് നിലനിർത്തി. ലോക്സഭ മണ്ഡലങ്ങളായ മാണ്ഡ്യയിൽ ജെ.ഡി.എസും ശിവമൊഗ്ഗയിൽ ബി.ജെ.പിയും നിയമസഭ മണ്ഡലങ്ങളായ രാമനഗരയിൽ ജെ.ഡി.എസും ജമഖണ്ഡിയിൽ കോൺഗ്രസും വിജയിച്ചു. ബെള്ളാരിയിൽ ബി.ജെ.പി സ്ഥാനാർഥിയും മുൻ എം.പിയുമായ ജെ. ശാന്തയെ 2,43,161 വോട്ടിെൻറ ഭൂരിപക്ഷത്തിനാണ് കോൺഗ്രസിെൻറ വി.എസ്. ഉഗ്രപ്പ മറികടന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ ബി. ശ്രീരാമുലു 85,000ത്തിലേറെ വോട്ടിന് വിജയിച്ച മണ്ഡലമാണിത്.
കർണാടക ബി.ജെ.പിയിലെ ശക്തരായ റെഡ്ഡി സഹോദരന്മാരുടെ തട്ടകമായ ബെള്ളാരിയിൽ കോൺഗ്രസ് നേടിയ വിജയം ആറു മാസത്തിനകം നടക്കാനിരിക്കുന്ന ലോക്സഭ പൊതുതെരഞ്ഞെടുപ്പിെൻറ ഫലസൂചനയാണെന്നാണ് വിലയിരുത്തൽ. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ ബി.എസ്. യെദിയൂരപ്പ മൂന്നര ലക്ഷത്തിലേറെ വോട്ടിെൻറ ഭൂരിപക്ഷം നേടിയ ശിവമൊഗ്ഗയിൽ ശക്തമായ മത്സരം നടന്നു. യെദിയൂരപ്പയുെട മകനും മുൻ എം.പിയുമായ ബി.വൈ. രാഘവേന്ദ്ര ജെ.ഡി.എസ് സ്ഥാനാർഥി മധു ബംഗാരപ്പക്കെതിരെ 52, 148 വോട്ടിനാണ് ജയിച്ചത്.
കഴിഞ്ഞ മേയിൽ നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ പരസ്പരം മത്സരിച്ച കോൺഗ്രസും ജെ.ഡി.എസും ബി.ജെ.പിയെ ഭരണത്തിൽനിന്നകറ്റാൻ ഫലപ്രഖ്യാപനത്തിന് ശേഷം മുന്നണിയുണ്ടാക്കുകയായിരുന്നു. സഖ്യസർക്കാറിെൻറ വിധിയെഴുത്തുകൂടിയായ ഉപതെരഞ്ഞെടുപ്പിൽ ഇൗ കൂട്ടുകെട്ട് ഫലം കണ്ടുവെന്ന് തെളിയിക്കുന്നതാണ് മത്സരഫലം. ബി.ജെ.പിയിൽനിന്ന് ശക്തമായ മത്സരം പ്രതീക്ഷിച്ച ജമഖണ്ഡിയിൽ പക്ഷേ, കോൺഗ്രസിെൻറ വിജയം അനായാസമായിരുന്നു.
പരിചയസമ്പന്നനായ ശ്രീകാന്ത് കുൽക്കർണിയെ പുതുമുഖക്കാരനായ ആനന്ദ് ന്യാമഗൗഡ വീഴ്ത്തി. വോെട്ടടുപ്പിന് മുെമ്പ ബി.െജ.പി സ്ഥാനാർഥി എൽ. ചന്ദ്രശേഖർ കോൺഗ്രസിലേക്ക് ചേക്കേറിയ രാമനഗരയിൽ മുഖ്യമന്ത്രി കുമാരസ്വാമിയുടെ ഭാര്യ അനിത കുമാരസ്വാമി വൻ ഭൂരിപക്ഷത്തിന് വിജയിച്ചു. രാമനഗര മണ്ഡലത്തിൽനിന്ന് നിയമസഭയിലെത്തുന്ന ആദ്യ വനിത കൂടിയാണ് അനിത.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.