മുഖ്യമന്ത്രി പദം: ബി.ജെ.പി പിന്തുണ തള്ളി ഡി.കെ. ശിവകുമാർ; തന്‍റെ കാര്യം കോൺഗ്രസ് പാർട്ടി നോക്കുമെന്ന് പ്രതികരണം

ബംഗളൂരു: കർണാടകയിലെ ഡി.കെ. ശിവകുമാർ-സിദ്ധരാമയ്യ തർക്കത്തിനിടെ മുഖ്യമന്ത്രി പദവി പങ്കുവെക്കുന്നതുമായി ബന്ധപ്പെട്ട് പുതിയ വിവരങ്ങൾ പുറത്ത്. മുഖ്യമന്ത്രി പദത്തിൽ മൂന്നു വർഷം പൂർത്തിയാക്കാൻ അനുവദിക്കണമെന്ന നിബന്ധന സിദ്ധരാമയ്യ കോൺഗ്രസ് ഹൈക്കമാൻഡിന് മുമ്പിൽ വെച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അടുത്ത വർഷം മേയ് 20നാണ് മുഖ്യമന്ത്രി പദത്തിൽ സിദ്ധരാമയ്യ മൂന്നു വർഷം പൂർത്തിയാക്കുക. വിഷയം ഇന്ന് കോൺഗ്രസ് കേന്ദ്ര നേതൃത്വം ചർച്ച ചെയ്തേക്കുമെന്നാണ് റിപ്പോർട്ട്.

അതേസമയം, മുഖ്യമന്ത്രി പദവുമായി ബന്ധപ്പെട്ട തർക്കത്തിൽ ബി.ജെ.പി മുന്നോട്ടുവെച്ച പിന്തുണ തള്ളി ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ രംഗത്തെത്തി. ബി.ജെ.പിയും ജനതാദളും തന്നെ കുറിച്ച് ഓർത്ത് വിഷമിക്കേണ്ടെന്ന് ശിവകുമാർ പ്രതികരിച്ചു. എൻ.ഡി.എ നേതാക്കൾ കോൺഗ്രസിനെ കുറിച്ച് പറയേണ്ട. പ്രതിപക്ഷ നേതാക്കൾ സ്വന്തം പാർട്ടിയിലെ പ്രശ്നങ്ങൾ പരിഹരിക്കട്ടെ. തന്‍റെ കാര്യം കോൺഗ്രസ് പാർട്ടി നോക്കുമെന്നും ശിവകുമാർ വ്യക്തമാക്കി.

കോണ്‍ഗ്രസ് പാര്‍ട്ടിയിലെ ആഭ്യന്തര വിഷയങ്ങൾ മാധ്യമങ്ങൾക്ക് മുന്നിലല്ല, നാല് ചുവരുകൾക്കുള്ളിൽ ചർച്ച ചെയ്തു തീരുമാനിക്കുമെന്ന് ഇന്നലെ വാര്‍ത്താസമ്മേളനത്തില്‍ ഡി.കെ. ശിവകുമാർ വ്യക്തമാക്കിയിരുന്നു. പാർട്ടി പതാക ഉയർത്തിപ്പിടിക്കുക, ഭരണഘടന സംരക്ഷിക്കുക. മറ്റ് ചർച്ചകളൊന്നുമില്ല,

പാർട്ടിയിൽ ആശയക്കുഴപ്പങ്ങള്‍ ഒന്നുമില്ല. 140 എം.എൽ.എമാരും ഒരു ഗ്രൂപ്പിൽ പെട്ടവരാണ്. പാര്‍ട്ടിക്കുള്ളില്‍ വേറെ ഗ്രൂപ്പുകളില്ല. ഒരു ഗ്രൂപ്പേയുള്ളൂ. അത് കോൺഗ്രസ് ഗ്രൂപ്പ് ആണെന്നും ശിവകുമാർ ചൂണ്ടിക്കാട്ടുകയും ചെയ്തു.

അതേസമയം, കർണാടകയിലെ മുഖ്യമന്ത്രി പദ തർക്കത്തിൽ കോൺഗ്രസ് കേന്ദ്ര നേതൃത്വത്തിന്‍റെ തീരുമാനം ഡിസംബർ ഒന്നിന് പുറത്തുവരുമെന്നാണ് റിപ്പോർട്ട്. ഡിസംബർ ഒന്നിന് തുടങ്ങുന്ന പാർലമെന്റ് ശീതകാല സമ്മേളനത്തിന് മുമ്പ് നിർണായക തീരുമാനമെടുത്തേക്കും. വിഷയം ചർച്ച ചെയ്യാൻ വരും ദിവസം കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും രാഹുൽ ഗാന്ധിയും കൂടിക്കാഴ്ച നടത്തും. കൂടിക്കാഴ്ചക്ക് പിന്നാലെ നവംബർ 28നോ 29നോ സിദ്ധരാമയ്യയെയും ഡി.കെ. ശിവകുമാറിനെയും ഡൽഹിയിലേക്ക് വിളിപ്പിക്കും.

അധികാരം കൈമാറുന്നതുമായി ബന്ധപ്പെട്ട് കോൺഗ്രസ് കൃത്യമായ പ്ലാൻ മുന്നോട്ടുവെക്കണമെന്നാണ് ശിവകുമാർ പക്ഷത്തിന്‍റെ ആവശ്യം. 2023ൽ സർക്കാർ രൂപവത്കരിക്കുമ്പോൾ സിദ്ധരാമയ്യയും ശിവകുമാരും തമ്മിൽ മുഖ്യമന്ത്രിസ്ഥാനം പങ്കുവെക്കുന്നതിനെ കുറിച്ച് ധാരണയാക്കിയിരുന്നുവെന്നും അത് നടപ്പാക്കണമെന്നുമാണ് ഇവരുടെ ആവശ്യം.

രാഹുൽ ഗാന്ധി പിന്തുണക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് സിദ്ധരാമയ്യയും അനുയായികളും. മാത്രമല്ല, എം.എൽ.എമാരുടെ പിന്തുണയും സിദ്ധരാമയ്യക്കാണ്. ശിവകുമാർ മുഖ്യമന്ത്രിയാകുമെന്ന് അദ്ദേഹത്തിന്റെ വിശ്വസ്തർ പരസ്യമായി പ്രഖ്യാപിച്ചിരുന്നു. 2026 മാർച്ച് വരെയെങ്കിലും നിലവിലെ സ്ഥിതി തുടരണമെന്നും അതിന് ശേഷം മന്ത്രിസഭ പുനഃസംഘടന വേണമെന്നുമാണ് സിദ്ധരാമയ്യ പക്ഷത്തിന്‍റെ ആവശ്യം.

Tags:    
News Summary - Karnataka Chief Minister's post: DK Shivakumar says party will look after his affairs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.