കർണാടക പ്രതിപക്ഷ നേതാവ് ആർ.അശോക, കെ.സി.വേണുഗോപാൽ
ബംഗളൂരു: ബംഗളൂരുവിലെ കൊഗിലു വില്ലേജിലെ ഫക്കീർ കോളനിയിൽ ബുൾഡോസർ ഇറക്കി അനധികൃത നിർമാണങ്ങൾ പൊളിച്ച സംഭവത്തിൽ പ്രതികരിച്ച എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലിനെ രൂക്ഷമായി വിമർശിച്ച് ബി.ജെ.പി. കെ.സി.വേണുഗോപാൽ കർണാടകയുടെ സൂപ്പർ മുഖ്യമന്ത്രി ചമയുകയാണെന്നാണ് പ്രതിപക്ഷനേതാവ് ആർ.അശോകയുടെ വിമർശനം.
പാവപ്പെട്ട കുടുംബങ്ങളെ ഒഴിപ്പിക്കുന്നത് അങ്ങേയറ്റം ജാഗ്രതയോടെയും മാനുഷിക പരിഗണനയോടെയുമാണ് ചെയ്യേണ്ടിരുന്നതെന്നും എ.ഐ.സി.സിയുടെ ആശങ്ക മുഖ്യമന്ത്രി സിദ്ധരാമയ്യേയും ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാറിനെയും അറിയിച്ചിട്ടുണ്ടെന്നുമാണ് കെ.സി.വേണുഗോപാൽ കഴിഞ്ഞ ദിവസം പറഞ്ഞത്. ഇതിനെതിരായാണ് ബി.ജെ.പി രംഗത്ത് വന്നത്.
കർണാടക ഭരിക്കുന്നത് ഭരണഘടനാപരമായി തെരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിയും മന്ത്രിസഭയുമാണെന്നും ഡൽഹിയിൽ ഇരിക്കുന്ന എ.ഐ.സി.സി ജനറൽ സെക്രട്ടറിയല്ലെന്നുമാണ് ആർ.അശോക പറഞ്ഞത്.
‘കർണാടകയുടെ ഭരണകാര്യങ്ങളിൽ ഇടപെടാൻ കെ.സി.വേണുഗോപാൽ ആരാണ്..? അദ്ദേഹം സൂപ്പർമുഖ്യമന്ത്രിയാണോ..?, വേണുഗോപാലിന്റെ പരാമർശങ്ങൾ ഫെഡറലിസത്തിന് അപമാനമാണ്. ഡൽഹിയിൽനിന്നുള്ള തീട്ടുരങ്ങൾ അനുസരിച്ചാവണം സംസ്ഥാനത്തു തിരഞ്ഞെടുക്കപ്പെട്ട സർക്കാരുകൾ പ്രവർത്തിക്കേണ്ടത് എന്നാണോ കോൺഗ്രസ് ഹൈക്കമാൻഡ് കരുതുന്നത്..?, ഡൽഹിയിലെ പാർട്ടി മാനേജർമാരെ പ്രീതിപ്പെടുത്താൻ കർണാടകയുടെ അന്തസ്സും ആത്മാഭിമാനവും ഭരണാധികാരവും വിട്ടുവീഴ്ച ചെയ്യാൻ കഴിയില്ല. കർണാടക രാഹുല്‍ ഗാന്ധിയുടെയും അദ്ദേഹത്തിന്റെ കൂട്ടാളികളുടെയും കോളനിയല്ല'-അശോക പറഞ്ഞു.
ബംഗളൂരുവിലെ കോളനിയിൽ ബുൾഡോസർ ഇറക്കി അനധികൃത നിർമാണങ്ങൾ പൊളിച്ച സംഭവത്തിൽ എ.ഐ.സി.സിക്കുള്ള ആശങ്ക മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെയും അറിയിച്ചതായും ഇരകൾക്ക് പുനരധിവാസവും ആശ്വാസ നടപടികളും ഉറപ്പു നൽകിയിട്ടുണ്ടെന്നുമാണ് കെ.സി.വേണുഗോപാൽ കഴിഞ്ഞ ദിവസം പറഞ്ഞത്. വീടുകൾ നഷ്ടപ്പെട്ട കുടുംബങ്ങളോട് ഇരുവരും നേരിട്ട് സംസാരിക്കുമെന്നും അവരുടെ ആവലാതികൾ പരിഹരിക്കാൻ ഉചിത സംവിധാനമൊരുക്കുമെന്നും അറിയിച്ചു. ഇത്തരം നടപടികൾ അങ്ങേയറ്റം ജാഗ്രതയോടെയും അവധാനതയോടെയും ചെയ്യണമെന്നും മാനുഷിക പരിഗണനയായിരിക്കണം കേന്ദ്ര സ്ഥാനത്തെന്നും ഇരുവരോടും പറഞ്ഞതായും വേണുഗോപാൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.