ടിപ്പു മണ്ണിന്‍റെ പുത്രനെന്ന് പുകഴ്ത്തി ബി.ജെ.പി നേതാവ്

ബംഗളൂരു: മൈസൂർ രാജാവായിരുന്ന ടിപ്പു സുൽത്താനെ മണ്ണിന്‍റെ പുത്രനെന്ന് പുകഴ്ത്തി ബി.ജെ.പി നേതാവ്. കർണാടക നിയമ നിർമാണ കൗൺസിൽ അംഗം എ.എച്ച്. വിശ്വനാഥാണ് ടിപ്പുവിനെ കന്നട മണ്ണിലെ സ്വാതന്ത്ര്യസമര വീരനായകനായ സെങ്കാള്ളി രായണ്ണയോട് ഉപമിച്ച് വാഴ്ത്തിയത്. കർണാടകയിലെ അഞ്ചാം ക്ലാസിലെ പാഠപുസ്തകത്തിൽനിന്ന് ടിപ്പുവിനെ കുറിച്ച ഭാഗങ്ങൾ ഒഴിവാക്കിയതു സംബന്ധിച്ച ചോദ്യത്തിന് മറുപടി പറയവെയാണ് അദ്ദേഹത്തിെൻറ പരാമർശം.

ടിപ്പു സുൽത്താൻ ഒരു പാർട്ടിയുടെയും മതത്തിെൻറയും ജാതിയുടെയും ആളല്ല. അദ്ദേഹം മണ്ണിെൻറ പുത്രനാണ്. അദ്ദേഹത്തെ ഏതെങ്കിലും മതത്തിലേക്ക് നമ്മൾ ചുരുക്കരുത്. കുട്ടികൾ ടിപ്പുസുൽത്താനെ കുറിച്ചും മഹാത്മാഗാന്ധിയെകുറിച്ചുമൊക്കെ പഠിക്കണം. അത് അവരിൽ രാജ്യാഭിമാനമുയർത്തും ^വിശ്വനാഥ് പറഞ്ഞു.

ജനതാദൾ - എസ് മുൻ സംസ്ഥാന അധ്യക്ഷനും എം.എൽ.എയുമായിരുന്ന വിശ്വനാഥ് കോൺഗ്രസ് - ജനതാദൾ എസ് സഖ്യസർക്കാറിനെ വീഴ്ത്തിയ ഒാപറേഷൻ താമരയിലൂടെയാണ് ബി.ജെ.പിയിലെത്തിയത്. തുടർന്ന് ഉപതെരഞ്ഞെടുപ്പിനെ നേരിട്ട അദ്ദേഹം മൈസൂരുവിലെ ഹുൻസൂരു മണ്ഡലത്തിൽ പരാജയപ്പെട്ടിരുന്നു. പിന്നീട് യെദിയൂരപ്പയുടെ ആവശ്യപ്രകാരം, നിയമനിർമാണ കൗൺസിലിലേക്ക് ബി.ജെ.പി ഇദ്ദേഹത്തെ നാമനിർദേശം ചെയ്യുകയായിരുന്നു.

ടിപ്പു സുൽത്താൻ വിഷയത്തിൽ കർണാടകയിൽ കോൺഗ്രസും ബി.ജെ.പിയും തുറന്ന പോരിലാണ്. 2013ൽ സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാർ അധികാരത്തിലിരിക്കെ ടിപ്പു ജയന്തി കന്നട സാംസ്കാരിക വകുപ്പിന് കീഴിൽ ഒൗദ്യോഗിക ആഘോഷമായി സംഘടിപ്പിച്ചിരുന്നു. ടിപ്പു സുൽത്താനെ സ്വാതന്ത്ര്യസമര സേനാനിയായി കോൺഗ്രസ് കണക്കാക്കുേമ്പാൾ ടിപ്പു ദേശദ്രോഹിയാണെന്നാണ് ബി.ജെ.പിയുടെ ആരോപണം.

2019ൽ ബി.എസ്. യെദിയൂരപ്പയുടെ നേതൃത്വത്തിൽ ബി.ജെ.പി സർക്കാർ അധികാരത്തിലെത്തിയയുടൻ ടിപ്പു ജയന്തി റദ്ദാക്കി. പിന്നീടാണ് ടിപ്പുവിനെ കുറിച്ച പാഠഭാഗങ്ങൾ സ്കൂൾ പുസ്തകങ്ങളിൽനിന്ന് നീക്കാൻ ബി.ജെ.പി സർക്കാർ ശ്രമം തുടങ്ങിയത്. പാഠപുസ്തകങ്ങളിൽനിന്ന് ടിപ്പുവിനെ കുറിച്ച ഭാഗങ്ങൾ നീക്കേണ്ടതില്ലെന്നായിരുന്നു ഇതേക്കുറിച്ച് പഠിക്കാൻ സർക്കാർ നിയോഗിച്ച വിദഗ്ധ സമിതിയുടെ റിപ്പോർട്ട്.

ടിപ്പുവിനെതിരായ പ്രചാരണം ബി.ജെ.പിയുടെ വോട്ട് ബാങ്ക് രാഷ്ട്രീയത്തിെൻറ ഭാഗമാണെന്ന് കോൺഗ്രസ് ചൂണ്ടിക്കാട്ടുന്നു. 2012ൽ ബി.ജെ.പി സർക്കാറിെൻറ കാലത്ത്, കന്നട സാംസ്കാരിക വകുപ്പ് 'ടിപ്പു സുൽത്താൻ^ മാറ്റത്തിെൻറ പോരാളി' എന്ന പുസ്തകം പുറത്തിറക്കിയിരുന്നു. ടിപ്പു ജയന്തി ആഘോഷത്തിൽ മൈസൂർ തലപ്പാവണിഞ്ഞും വാളേന്തിയും ബി.ജെ.പി നേതാക്കൾ പങ്കെടുക്കുകയും ചെയ്തിരുന്നു.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.