കർണാടകയിൽ ക്ഷേത്രപരിസരത്തെ മുസ്ലിം കച്ചവടക്കാരെ ബഹിഷ്കരിക്കുന്നത് വ്യാപിക്കുന്നു

ബംഗളൂരു: കർണാടകയിലെ ശിവമൊഗ്ഗ മാരികമ്പ ക്ഷേത്രോത്സവത്തിൽ മുസ്ലിം കച്ചവടക്കാരെ ബഹിഷ്കരിച്ച് ഹിന്ദുത്വ സംഘടനകൾ തുടങ്ങിയ പ്രതിഷേധം കൂടുതൽ ഇടങ്ങളിലേക്ക്. മുൽകിയിൽ ക്ഷേത്രോത്സവ നഗരിയിൽനിന്ന് മുസ്ലിം കച്ചവടക്കാരെ ഒഴിപ്പിച്ചു.

മുൽകി ബപ്പനാഡു ദുർഗ പരമേശ്വരി ക്ഷേത്രത്തിലെ ഉത്സവപ്പറമ്പിൽനിന്നാണ് ഉത്തർ പ്രദേശ് സ്വദേശികളായ ഹാമിദ്, ഇംറാൻ, ഫുർഖാൻ എന്നിവരെ ബജ്റംഗ് ദൾ പ്രവർത്തകർ ഒഴിപ്പിച്ചത്. പേര് ചോദിച്ച് മുസ്ലിംകളാണെന്ന് മനസ്സിലായതോടെ അവിടംവിട്ടുപോവാൻ ആവശ്യപ്പെടുകയായിരുന്നെന്ന് കച്ചവടക്കാർ പറഞ്ഞു. കച്ചവടം ചെയ്യാനാവാത്തതിൽ വിഷമമില്ലെന്നും കച്ചവടത്തിൽ ലാഭവും നഷ്ടവും പതിവാണെന്നും പറഞ്ഞ അവർ മുസ്ലിംകളായതിന്‍റെ പേരിൽ ഒഴിവാക്കിയതിൽ സങ്കടമുണ്ടെന്ന് പറഞ്ഞു. 'കുംഭമേളയിലടക്കം ഞങ്ങൾ കച്ചവടക്കാരായി പങ്കെടുത്തിട്ടുണ്ട്. യോഗി ആദിത്യനാഥിന്‍റെ നഗരത്തിലും ഞങ്ങൾ കച്ചവടം നടത്തിയിട്ടുണ്ട്.

എന്നാൽ, ഇന്ന് ആദ്യമായി മതത്തിന്‍റെ പേരിൽ ഞങ്ങളെ തടയുന്നു. മുസ്ലിംകൾക്ക് കച്ചവടം നടത്താൻ തടസ്സമില്ലാത്ത നിരവധി സംസ്ഥാനങ്ങളുണ്ടെന്നും തങ്ങൾ അവിടേക്ക് പോവുകയാണെന്നും അവർ കൂട്ടിച്ചേർത്തു. മതസൗഹാർദത്തിന് പേരുകേട്ടതാണ് 800 വർഷം പഴക്കമുണ്ടെന്ന് കരുതപ്പെടുന്ന ബപ്പനാഡു ക്ഷേത്രം. എന്നാൽ, ഹിന്ദുത്വ പ്രവർത്തകർ നടത്തിയ ഭിന്നിപ്പിന്‍റെ രാഷ്ട്രീയം ക്ഷേത്ര പാരമ്പര്യത്തിന് കളങ്കമേൽപിക്കുന്നതാണെന്ന വിമർശനമുയർന്നു. ക്ഷേത്രത്തിന് സമീപം 'സാമുദായിക സൗഹാർദത്തിന്‍റെ ആധുനിക ഉദാഹരണം' എന്ന് എഴുതിവെച്ചിട്ടുണ്ട്. മുസ്ലിം കച്ചവടക്കാരനാണ് ക്ഷേത്രം നിർമിച്ചതെന്നാണ് പറയപ്പെടുന്നതെന്നും മുസ്ലിംകൾക്ക് പ്രസാദം സ്വീകരിക്കാൻ അനുവാദം നൽകുന്ന അപൂർവ ക്ഷേത്രമാണിതെന്നും ക്ഷേത്രവളപ്പിലെ ബോർഡിലുണ്ട്.

ചരിത്രപ്രസിദ്ധമായ ബേലൂർ ചന്നകേശവ ക്ഷേത്രം, തുമകുരുവിലെ സിദ്ധലിംഗേശ്വര ക്ഷേത്രം, ശിവമൊഗ്ഗയിലെ മഹാഗണപതി ക്ഷേത്രം, ദക്ഷിണ കന്നടയിൽ പുത്തൂർ മാരികമ്പ ഉത്സവ മേള, മംഗളൂരു മാരികമ്പ മേള, ഉഡുപ്പിയിലെ മാരിഗുഡി ക്ഷേത്ര ഉത്സവ മേള എന്നിവിടങ്ങളിൽ കഴിഞ്ഞദിവസങ്ങളിൽ വിലക്ക് ഏർപ്പെടുത്തിയിരുന്നു. ചിക്കമകളൂരു ശൃംഗേരി അദ്ദ ഗഡ്ഡെ, കിഗ്ഗ മേളകളിലും മുസ്ലിംകളെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദുത്വ സംഘടനകൾ അധികൃതർക്ക് നിവേദനം നൽകി.

കൃഷിമേളയിൽനിന്ന് വിലക്കാൻ സമരം

ബംഗളൂരു: സോമവാർപേട്ട് ശനിവാരസന്തെയിൽ സംഘടിപ്പിച്ച കൃഷിമേളയിൽനിന്ന് മുസ്ലിം കച്ചവടക്കാരെ പങ്കെടുപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് മടിക്കേരിയിൽ ഹിന്ദുത്വ പ്രവർത്തകരുടെ പ്രതിഷേധം. മാനെഹള്ളി മഠത്തിന് കീഴിൽ സംഘടിപ്പിച്ച ജൈവ കൃഷി-തനത് ഇനം പശുക്കളുടെ മേളയിലാണ് വിവാദ സംഭവം. കൃഷിമേളയിൽ കരിമ്പ് ജ്യൂസിന്‍റെയും പലഹാരങ്ങളുടെയും സ്റ്റാളുകൾ മുസ്ലിം കച്ചവടക്കാർ ഇട്ടിരുന്നു.

സ്ഥലത്തെത്തിയ ഹിന്ദുത്വ പ്രവർത്തകർ മുസ്ലിം കച്ചവടക്കാരോട് ഒഴിഞ്ഞുപോവാൻ ആവശ്യപ്പെട്ടു. തനത് ഇനം പശുക്കളുടെ മേളയിൽ പശുവിനെ അറുക്കുന്നവർക്ക് എന്ത് ബന്ധമാണുള്ളതെന്നായിരുന്നു പ്രതിഷേധക്കാരുടെ ചോദ്യം. പശുവിനോട് ഒരു സ്നേഹവും മുസ്ലിംകൾക്കില്ലെന്നും കച്ചവടം ചെയ്യാൻ മാത്രമായാണ് വന്നതെന്നും അവർ കുറ്റപ്പെടുത്തി.

ചാമുണ്ഡി ഹിൽസിലും ഭീഷണി

ബംഗളൂരു: മൈസൂരുവിലെ പ്രസിദ്ധമായ ചാമുണ്ഡേശ്വരി ഹിൽസിൽനിന്ന് മുസ്ലിം കച്ചവടക്കാരെ ഒഴിപ്പിക്കണമെന്ന് വി.എച്ച്.പി ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് മൈസൂരു കോർപറേഷൻ അധികൃതർക്ക് നിവേദനം നൽകി. ശിരോവസ്ത്ര വിഷയത്തിൽ മുസ്ലിംകൾ ബന്ദ് ആചരിച്ചത് അംഗീകരിക്കാനാവില്ലെന്നും ഇന്ത്യൻ പൗരന്മാരായിട്ടും അവർ ഭരണഘടനയോ കോടതി വിധിയോ അംഗീകരിക്കുന്നില്ലെന്നും വി.എച്ച്.പി മൈസൂരു സെക്രട്ടറി പ്രദീഷ് കുമാർ ആരോപിച്ചു. ഇതിന്‍റെ പശ്ചാത്തലത്തിലാണ് ഹിന്ദു ക്ഷേത്ര പരിസരങ്ങളിലെ മുസ്ലിം കച്ചവടക്കാരെ ഒഴിപ്പിക്കാൻ ആവശ്യപ്പെടുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

നിറഞ്ഞുകളിക്കാൻ ശ്രീരാമസേന

ബംഗളൂരു: ബെളഗാവിയിലെ സാവദത്തി യെല്ലമ്മ തീർഥാടന കേന്ദ്രത്തിൽനിന്ന് മുസ്ലിം കച്ചവടക്കാരെ ഒഴിപ്പിക്കണമെന്ന് ശ്രീരാമസേന തലവൻ പ്രമോദ് മുത്തലിക് ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് ഡെപ്യൂട്ടി സ്പീക്കറും ബി.ജെ.പി എം.എൽ.എയുമായ ആനന്ദ് മാമനിയെ അദ്ദേഹം കണ്ടു. സാവദത്തി യെല്ലമ്മ ക്ഷേത്രം സന്ദർശിച്ച മുത്തലിക്, ലക്ഷക്കണക്കിന് സന്ദർശകരെത്തുന്ന ക്ഷേത്രപരിസരത്ത് പകുതിയിലേറെയും മുസ്ലിം കച്ചവടക്കാരാണുള്ളതെന്ന് ചൂണ്ടിക്കാട്ടി. മുസ്റെ വകുപ്പിൽ ഹിന്ദുക്കളല്ലാവരുണ്ടെങ്കിൽ അവരെയും ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

'സലാം മംഗളാരതി വേണ്ട'

ബംഗളൂരു: കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ ടിപ്പു സുൽത്താന്‍റെ പേരിൽ നടത്താറുള്ള സലാം മംഗളാരതി അവസാനിപ്പിക്കണമെന്ന് വി.എച്ച്.പി ഭാരവാഹി ശരൺ പമ്പ്വെൽ ആവശ്യപ്പെട്ടു. സലാം മംഗാളരതി പ്രദോഷപൂജ അവസാനിപ്പിക്കണമെന്നാണ് ആവശ്യപ്പെട്ടത്.

ആയിരക്കണക്കിന് ഹിന്ദുക്കളെ ടിപ്പു കൊന്നൊടുക്കിയിട്ടുണ്ടെന്നും അദ്ദേഹത്തിന്‍റെ പേരിൽ മംഗളാരതി നടത്തുന്നത് ലജ്ജാകരമാണെന്നും ശരൺ പറഞ്ഞു. ടിപ്പു സുൽത്താൻ കൊല്ലൂർ ക്ഷേത്രം സന്ദർശിച്ചതിന്‍റെ സ്മരണക്കായി എല്ലാ ദിവസവും രാത്രി എട്ടിനാണ് സലാം മംഗളാരതി നടത്താറുള്ളത്.

Tags:    
News Summary - Karnataka: Ban on Muslim traders in temple fairs spreads to more districts

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.