കുമാരസ്വാമി, നിഖിൽ കുമാരസ്വാമി
ബംഗളൂരു: തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കിയുള്ള കർണാടകയിൽ പാർട്ടികൾ ഒരുങ്ങുന്നു. ജനതാദൾ (സെക്യുലർ) നേതാവ് എച്ച്.ഡി. കുമാരസ്വാമി ചന്നപട്ടണയിൽനിന്നും മകനും നടനുമായ നിഖിൽ കുമാരസ്വാമി രാമനഗര മണ്ഡലത്തിൽനിന്നും ജനവിധി തേടും. കുമാരസ്വാമിയുടെ ഭാര്യയും നിലവിൽ രാമനഗര മണ്ഡലം എം.എൽ.എയുമായ അനിത കുമാരസ്വാമിയാണ് ഇക്കാര്യം അറിയിച്ചത്.
തന്‍റെ മകൻ മത്സര രംഗത്തുണ്ടാവില്ലെന്ന് കുമാരസ്വാമി കഴിഞ്ഞ ജൂലൈയിൽ പറഞ്ഞിരുന്നു.2019 ലോക്സഭ തെരഞ്ഞെടുപ്പിൽ പാർട്ടിയുടെ ശക്തികേന്ദ്രമായ മാണ്ഡ്യയിൽനിന്ന് നിഖിൽ പരാജയപ്പെട്ടിരുന്നു. ബി.ജെ.പി പിന്തുണയുള്ള സ്വതന്ത്ര സുമലത അംബരീഷിനോടായിരുന്നു പരാജയം.ജെ.ഡി.എസ് കുടുംബരാഷ്ട്രീയം പയറ്റുകയാണെന്ന് ബി.ജെ.പി ശക്തമായ വിമർശനമുന്നയിക്കാറുണ്ട്.
ജെ.ഡി.എസ് പരമോന്നത നേതാവ് ദേവഗൗഡയുടെ കുടുംബത്തിൽനിന്നുള്ള എട്ട് അംഗങ്ങൾ നിലവിൽ പാർട്ടിയിലും മറ്റും പ്രധാന സ്ഥാനങ്ങളിലുണ്ട്. അടുത്ത തെരഞ്ഞെടുപ്പിൽ ആെകയുള്ള 224 സീറ്റുകളിൽ 123 എണ്ണത്തിൽ വിജയിക്കുകയാണ് ഇത്തവണ ജെ.ഡി.എസിന്‍റെ ലക്ഷ്യം.2018ൽ ബി.ജെ.പി 107 സീറ്റിലും കോൺഗ്രസ് 78ലും ജനതാദൾ-എസ് 37 സീറ്റിലുമാണ് വിജയിച്ചത്.
ഭൂരിപക്ഷം ഇല്ലാത്തതിനാൽ ബി.ജെ.പിക്ക് സർക്കാർ രൂപവത്കരിക്കാൻ കഴിഞ്ഞില്ല. കോൺഗ്രസ് ജനതാദൾ-എസിന് പിന്തുണ നൽകുകയും കുമാരസ്വാമി മുഖ്യമന്ത്രിയാവുകയും ചെയ്തു. എന്നാൽ, 14 മാസത്തെ ഭരണശേഷം കോൺഗ്രസും ജനതാദൾ-എസും വേർപിരിഞ്ഞു. നിയമസഭയിൽ വിശ്വാസപ്രമേയം ജയിക്കാനാകാതെ സർക്കാർ വീണു. തുടർന്നാണ് ബി.ജെ.പി സർക്കാർ രൂപവത്കരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.